അബലരും അശരണരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം

തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്ന വരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. (കഹ്ഫ്: 28)

169. സഹ്‌ല്(റ) പറയുന്നു: ഒരു സമ്പന്നൻ നബി(സ)യുടെ അടുത്ത് കൂടി നടന്ന് പോയി. നബി(സ) ചോദിച്ചു: ഈ മനുഷ്യനെ കുറിച്ചെന്താണ് അഭിപ്രായം? അവർ പറഞ്ഞു: അദ്ദേഹം ഒരു തറവാട്ടിൽ വിവാഹാലോചന നടത്തിയാൽ അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുക്കും; വല്ല ശുപാർശയും ചെയ്താൽ അത് സ്വീകരിക്കും; വല്ലതും സംസാരിച്ചാൽ മറ്റുള്ളവരെല്ലാം അത് അനുസരിക്കും. അല്പസമയം നബി(സ) മൗനം പാലിച്ചു. അപ്പോൾ ഒരു മുസ്‌ലിം ദരിദ്രൻ അതിലെ കടന്ന് പോയി. നബി(സ) ചോദിച്ചു ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അവർ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാൽ ആരും വിവാഹം ചെയ്ത് കൊടുക്കില്ല; ശുപാർശ ചെയ്താൽ തന്നെ ആരും സ്വീകരിക്കില്ല; എന്തങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെപോലെ ഭൂമി
നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമൻ ഇവനാണ്. (ബുഖാരി)

170. അബൂസഈദ് അൽ ഖുദ്‌രി(റ) നിവേദനം: നരകവും സ്വർഗവും തർക്കിച്ചു. നരകം പറയുകയുണ്ടായി: എല്ലാ അഹങ്കാരികളും പ്രതാപികളും എന്റെയടുക്കലാണ്. അപ്പോൾ സ്വർഗം പറയുകയുണ്ടായി: ദുർബലരും ദരിദ്രരുമെല്ലാം എന്റെയടുക്കലാണ്. അപ്പോൾ അല്ലാഹു അവരിനുമിടയിൽ തീർപ്പ് കൽപിച്ചു കൊണ്ട് പറഞ്ഞു: എന്റെ കാരുണ്യമാണ് സ്വർഗം. നീ മുഖേന ഞാൻ ഉദ്ധേശിക്കുന്നവരോട്  കാരുണ്യം കാണിക്കുന്നു. നര കത്തിനോട് പറഞ്ഞു: നീ എന്റെ ശിക്ഷയാണ് നീ മുഖേന ഞാൻ ഉദ്ധേശിക്കുന്നവരെ ശിക്ഷിക്കുന്നു. നിങ്ങൾക്ക് രണ്ട് പേർക്കും നിറയാവുന്നത് ഞാൻ നൽകാം. (മുസ്‌ലിം)

171. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: വീട്ടുവാതിലുകളിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന തലമുടി ജഡപിടിച്ച ശരീരത്തിൽ ചെളിയും പൊടിയും പുരണ്ട എത്രയെത്ര ആളുകളുണ്ട് ; അവർ ഒരു കാര്യം സത്യം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് നിറവേറ്റി കൊടുക്കുകതന്നെ ചെയ്യും. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 32 : അബലരും അപ്രശസ്തരുമായ വിശ്വാസികളുടെ മഹത്വം. Bookmark the permalink.