ഗ്രന്ഥകർത്താവിന്‍റെ ആമുഖം

ഏകാതിപധിയും ഏറെ പൊറുക്കുന്നവനുമായ ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന് സർവ്വ സ്തുതിയും. ബുദ്ധിയും വിവേകവും ദീർഘദൃഷ്ടിയുമുള്ളവർക്ക് മുന്നറിയിപ്പായി അവൻ പകലിനെ രാവുകൊണ്ട്  പൊതിയുന്നു. തന്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവരെ തെരഞ്ഞെടുത്ത് ഭൗതീക ജീവിതത്തിൽ വിരക്തിയുള്ളവരാക്കുകയും രക്ഷിതാവിന്‍റെ  സ്മരണയിൽ മുഴുകിക്കഴിയുവാനും സ്ഥിരതാമസത്തിനുള്ള സായൂജ്യ സങ്കേതത്തിനു വേണ്ടി പ്രയത്‌നിക്കുവാൻ അനുഗ്രഹം നൽകുകയും ചെയ്തിരിക്കുന്നു.

രക്ഷിതാവ് കോപിക്കുന്ന കാര്യങ്ങളിൽ നിന്ന് അവർ അകന്ന് നിൽക്കുകയും സ്ഥലകാല വ്യത്യാസമന്യേ അവരതിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഏറ്റവും വിശുദ്ധവും ഉന്നതവുമായ രൂപത്തിൽ ഞാൻ അവനെ
സ്തുതിക്കുന്നു. പുണ്യവാനും, കാരുണ്യവാനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. നമ്മുടെ നേതാവും സൻമാർഗത്തിലേക്ക് മാലോകരെ വഴിതെളിയിക്കുകയും ചെയ്ത മുഹമ്മദ് നബി അവന്റെ തിരുദൂതനും ദാസനുമാകുന്നു. അവന്റെ ഖലീലും പ്രിയപ്പെട്ടവനുമായ തിരുദൂതരിൽ അല്ലാഹുവിന്റെ കാരുണ്യം സദാകടാക്ഷിക്കുമാറാവട്ടെ. അവിടുത്തെ കൂട്ടുകുടുംബങ്ങളിലും അനുയായികളിലും ഇതര ദൂതൻമാരിലും  സജ്ജനങ്ങളിലും അല്ലാഹു അത് വർഷിക്കുമാറാവട്ടെ. അല്ലാഹു പറയുന്നു ‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’. (സൂറ: ദാരിയാത്ത് : 56)
ഈ ആയത്തിൽ നിന്നും മനുഷ്യരെ സൃഷ്ടിച്ചതിന്‍റെ  ആത്യന്തിക ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയാണെന്ന് വ്യക്തമാണ്. തങ്ങളുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കൽ ഓരോരുത്തരുടേയും ബാധ്യതയാണ്.

അതിനാൽതന്നെ ഭൗതിക ജീവിതം ശാശ്വതമല്ലെന്നും മറിച്ച് ശാശ്വത ഭവനത്തിലേക്കുള്ള യാത്രയാണെന്നും മനസ്സിലാക്കിയവരാകുന്നു യഥാർത്ഥത്തിൽ വിവേകികളും യുക്തിമാന്മാരുമായിരുന്ന സജ്ജനങ്ങൾ.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു ‘നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്‍റെ  അലങ്കാരമണിയുകയും, അത് അഴകാർന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉൻമൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു’. (സൂറ: യൂനുസ്: 24)

ഒരു കവി പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ ക്രാന്തദർശികളായ ദാസൻമാർ ഐഹിക ജീവിതത്തിലെ മോടികൾ ഭയന്നപ്പോൾ അതിനെ മൊഴിചൊല്ലി. ദുൻയാവിലേക്ക് നോക്കിയപ്പോൾ അത് ഒരാൾക്കും
നിത്യവാസത്തിനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞു. അവരതിനെ ആഴക്കടലിനെപ്പോലെ കാണുകയും സൽകർമ്മങ്ങളെ അതിൽ നിന്നും രക്ഷപ്പെടുത്തുവാനുള്ള കപ്പലായി പരിഗണിക്കുകയും ചെയ്തു’. അപ്പോൾ ഭൗതിക ജീവിതത്തിന്റെ അവസ്ഥ നാം പറഞ്ഞപോലെയായതിനാൽ മുൻഗാമികളായ ധിഷണാശാലികൾ ചെയ്തതു പോലെ ജീവിക്കൽ ഓരോ വിശ്വാസിയുടേയും കടമയാണ്. അതിനുള്ള ഏറ്റവും സൂക്ഷ്മമായ മാർഗം നബിയിൽ നിന്നും സ്വഹീഹായ രൂപത്തിൽ വന്നിട്ടുള്ള നബിയുടെ സ്വഭാവ ഗുണങ്ങൾ പകർത്തുവാൻ ശ്രമിക്കലാണ്. അല്ലാഹു ഖുർആനിൽ പറയുന്നത്, ‘നിങ്ങൾ പുണ്യത്തിന്റെയും സൂക്ഷ്മതയുടേയും കാര്യത്തിൽ
പരസ്പരം സഹകരിക്കുകയും, പാപത്തിന്റെയും അതിക്രമത്തിന്റെയും കാര്യത്തിൽ പരസ്പരം സഹകരിക്കാതിരിക്കുകയും ചെയ്യുക’ എന്നതാകുന്നു. നബിപറയുകയുണ്ടായി: ‘ആരെങ്കിലും തന്റെ സഹോദരന്റെ
സഹായത്തിലായിരിക്കുന്നിടത്തോളം അല്ലാഹു അവന്റെ സഹായത്തിലായിരിക്കും’. അവിടുന്ന് പറയുകയുണ്ടായി: ‘ഒരു നന്മ പഠിപ്പിച്ച് കൊടുക്കുന്നയാൾക്ക് അതനുസരിച്ച് പ്രവർത്തിക്കുന്നവനെപ്പോലെത്തന്നെ പ്രതിഫലമുണ്ട്’. അവിടുന്ന് പറഞ്ഞു: ആരെങ്കിലും ഒരു സന്മാർഗ്ഗത്തിലേക്ക് വല്ലവരെയും ക്ഷണിക്കുന്നുവെങ്കിൽ അത് പിമ്പറ്റുന്നവരുടേതിന്ന് തുല്ല്യമായ പ്രതിഫലം അയാളിൽ കുറവുവരാത്ത രീതിയിൽ ക്ഷണിച്ച വ്യക്തിക്കും ലഭിക്കുന്നതാണ്. അവിടുന്ന് അലിയോട് പറയുകയുണ്ടായി: ‘നീ മുഖേന ഒരാൾ സൻമാർഗത്തിലാകുന്നത് നൂറ് ചുവന്ന ഒട്ടകങ്ങൾ നിനക്ക് ലഭിക്കുന്നതിലേറെ ഉത്തമമാകുന്നു’.

ഈ കാര്യങ്ങളെല്ലാം മുന്നിൽവെച്ച് നോക്കിയപ്പോൾ നബിയുടെ ഹദീസുകളിൽ തദ്‌വിഷയകമായി വന്നിട്ടുള്ള കാര്യങ്ങൾ ഒരു ലഘുകൃതിയായി ക്രോഡീകരിക്കുവാൻ ഞാൻ താൽപര്യപ്പെട്ടു. അത് ആളുകൾക്ക് പ്രയോജനപ്രദമായിത്തീരുമാറാകട്ടെ. ഹദീസുകളിൽ വന്നിട്ടുള്ള സ്വഭാവ ഗുണങ്ങൾ, മര്യാദകൾ, മനുഷ്യ ഹൃദയത്തെ ശുദ്ധീകരിക്കാനാവശ്യമായതും, ഭയഭക്തിയുടലെടുപ്പിക്കുന്നതുമായ കാര്യങ്ങൾ എന്നിവയെല്ലാമാകുന്നു ഇതിൽ ക്രോഡീകരിച്ചിരിക്കുന്നത്. വ്യക്തമായതും സ്വഹീഹുമായ ഹദീസുകൾ മാത്രമേ ഞാൻ ഇതിൽ പറുയുന്നുള്ളൂ. അവ ഉദ്ധരിച്ചവരിൽ പ്രധാനപ്പട്ടവരിലേക്ക് സൂചന നൽകുകയും ചെയ്യുന്നു്. ഓരോ അദ്ധ്യായത്തിന്റെയും ആദ്യത്തിൽ തദ്‌വിഷയകമായി വന്നിട്ടുള്ള ആയത്തുകൾ ചേർത്തിരിക്കുന്നു. അത്യാവശ്യം വ്യക്തമാക്കേണ്ട പദങ്ങൾ അടിക്കുറിപ്പായി നൽകിയിരിക്കുന്നു. ‘മുത്തഫഖുൻ അലൈഹി’ എന്നത് കൊണ്ട്  വിവക്ഷിക്കുന്നത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുക എന്നതാകുന്നു. ഈ ഗ്രന്ഥം, അത് വായിക്കുന്നവനെ തിന്മകളിൽ നിന്ന് തടയുകയും എല്ലാ നന്മകളിലേക്കും വഴിനടത്തുകയും ചെയ്യുക തന്നെ ചെയ്യും. ഇത് ഉപയോഗപ്പെടുത്തുന്ന സഹോദരന്മാരോട് എനിക്കും, ഗുരുനാഥന്മാർക്കും, എന്റെ മാതാപിതാക്കൾക്കും, സുഹൃത്തുക്കൾക്കും, മുഴുവൻ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നാണ് എനിക്ക് അപേക്ഷിക്കുവാനുള്ളത്. അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും അവനെ അവലംബിക്കുകയും ചെയ്യുന്നു. അവൻ ഉന്നതനും പ്രതാപിയുമത്രെ.