റിയാളുസ്വാലിഹീന്‍ : പുസ്തക പ്രസാധക കുറിപ്പ്‌

ഇമാം നവവിയെ പരിചയപ്പെടുത്തുന്നതിൽ ഏറ്റവും സമ്പൂർണമായിത്തോന്നുന്നത് ഇമാം ദഹബി അദ്ദേഹത്തെക്കുറിച്ച് വിവരിച്ചതാണ്.

ദഹബി പറയുന്നു: ഇമാം, ഹാഫിള്, മാതൃകായോഗ്യൻ,  അതുല്യപ്രതിഭ, ഔലിയാക്കളുടെ തലവൻ, ശൈഖുൽ ഇസ്‌ലാം, ഉപകാരപ്രദമായ ഒട്ടനവധി കൃതികളുടെ രചയിതാവ്, ഹദീസ് വിജ്ഞാന ശാഖകളിലെ മുഴുവൻ മേഘലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതൻ, പണ്ഡിതൻമാരുടെ വീക്ഷണ വ്യത്യാസത്തെക്കുറിച്ച് അഗാധമായി അറിവുനേടിയയാൾ, അതോടൊപ്പം വ്യക്തിശുദ്ധിയും ആത്മീയ ചിട്ടകളും മുറുകെപ്പിടിച്ച് ആരാധനകൾ നിർവഹിക്കുന്നതിൽ കഠിനപ്രയത്‌നം നടത്തിയ വ്യക്തിത്വം. ഭരണാധിപന്മാരുടേയും രാജാക്കന്മാരുടെയും മുമ്പിൽ നേരിട്ട് കയറിച്ചെന്നും എഴുത്തുകളിലൂടെയും അല്ലാഹുവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവർക്ക് വേണ്ട  ഉപദേശങ്ങൾ നൽകുകയും അവരുടെ കുറവുകൾ നിർഭയത്തോടെ അവർക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത മഹാവ്യക്തിത്വം.

ഇമാം ഇബ്ൻ ഫറഹ് പറയുന്നു: ഇമാം നവവി മൂന്നുസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നു. അതിലേതെങ്കിലുമൊന്ന് കൈവശമുള്ളയാളിലേക്ക് ആളുകൾ വിദൂര ദിക്കിൽ നിന്നു പോലും യാത്രചെയ്ത് എത്തുമായിരുന്നു. പാണ്ഡിത്യം, ഭൗതിക വിരക്തി, സദുപദേശം എന്നിവയായിരുന്നു അത്. ഇമാം ഖുതുബുദ്ധീൻയുനീനി പറയുന്നു: ഇമാം നവവി ആരാധനകളിലും, വിരക്തിയിലും, പാണ്ഡിത്യത്തിലും, ഭയഭക്തിയിലും, സൂക്ഷ്മതയിലും, ഭൗതീകാഢംബര മോഡികൾ ഉപേക്ഷിക്കുന്നതിലുമെല്ലാം മുൻപന്തിയിലായിരുന്നു. ഒന്നിലധികം തവണ അദ്ദേഹം ളാഹിർ രാജാവിനെ നിർത്തി ഉപദേശിക്കുകയും അദ്ദേഹം അതുൾകൊള്ളുകയും ചെയ്യുകയുണ്ടായി എന്ന് പറയപ്പെടുന്നു. (തദ്കിറത്തുൽ ഹുഫ്ഫാള്)

മുകളിൽ പറഞ്ഞ ഇമാം നവവിക്കുണ്ടായിരുന്ന ഗുണങ്ങളും അദ്ദേഹത്തിനുണ്ടെന്നു നാം വിചാരിക്കുന്ന ആത്മാർത്ഥതയുമായിരിക്കാം അദ്ദേഹത്തിന്റെ കൃതികൾ പ്രചുരപ്രചാരം നേടുവാനും സർവാംഗീകൃതമായിത്തീരുവാനും കാരണമായത്. അതിന് ഏറ്റവും ഉത്തമമായ മാതൃകയാണ് തന്റെ ‘റിയാദുസ്സ്വാലിഹീൻ’ എന്ന കൃതി. വിശുദ്ധ ഖുർആനിനു ശേഷം ലോകത്ത് ഇത്രയധികം പ്രചാരം നേടിയ മറ്റൊരു കൃതി ഉണ്ടാവില്ല. അതിനെ വിശേഷിപ്പിക്കുവാൻ ഏറ്റവും നല്ല വാചകം ഇമാം നവവി തന്നെ അതിനെക്കുറിച്ച് പറഞ്ഞതാണ്. ഒരു വ്യക്തിയെ ആത്മീയമായും ഭൗതികമായും സംസ്‌കരിക്കുവാനു തകുന്നതും, പരലോകത്ത് അയാൾക്ക് രക്ഷയാകുന്നതും വിശ്വാസ ത്തിനു പരിപോഷണം നൽകുന്നതുമായ വിവിധ മേഘലകളിൽ വന്നിട്ടുള്ള സ്വഹീഹായ ഹദീസുകളുടെ സംഗ്രഹമാകുന്നു ഈ കൃതി. ബുദ്ധികൂർമതയും ഭക്തിയുമുണ്ടായിരുന്ന മുൻഗാമികളുടെ പാത പിൻപറ്റുകയെന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. അതിനുള്ള ഏറ്റവും നല്ല മാർഗം മഹാനായ മുഹമ്മദ് നബി തിരുമേനി(സ)യിൽ നിന്നും സ്വഹീഹായി വന്നിട്ടുള്ള ഹദീസുകളെ പിൻപറ്റുകയെന്നതാണ്‌ .

ഒരു പ്രമുഖ പണ്ഡിതൻ തന്റെയടുക്കൽവന്ന ഒരു പറ്റം പ്രബോധകൻമാരെ ഇപ്രകാരം ഉണർത്തുകയുണ്ടായി. നിങ്ങളുടെ പ്രബോധനം ഇസ്‌ലാമിന്റെ ഏതെങ്കിലും ചില മേഖലകളിൽ മാത്രം ചുരുങ്ങിപ്പോകരുത്. മറിച്ച് അതിന്റെ മുഴുവൻ വശങ്ങളേയും ഉൾകൊള്ളുന്ന രൂപത്തിലും പ്രാമാണികമായ കാര്യങ്ങളെ മാത്രം അവലംബിച്ചുള്ളതുമായിരിക്കണം. ജനങ്ങൾക്ക് ഇസ്‌ലാമിക വിഞ്ജാനങ്ങൾ എത്തിച്ചുകൊടുക്കുന്നതോടൊപ്പം അവരുടെ ഈമാനികമായ മാനസിക വളർച്ചക്കും ജീവിത വിശുദ്ധിക്കും ഉപകരിക്കുന്ന തരത്തിലായിരിക്കണം. പ്രബോധിതരുടെ പശ്ചാതലങ്ങളോടിണങ്ങുന്നതും അവർക്കു ഗ്രാഹ്യമായതുമായ  ശൈലിയിലായിരിക്കണം. അവർക്ക് നടപ്പിൽ വരുത്തുവാൻ കഴിയുന്ന രൂപത്തിലുള്ള ജീവസ്സുറ്റ കാര്യങ്ങളായിരിക്കണം നിങ്ങൾ ആളുകളോട് പ്രബോധനം നടത്തേത്.

അദ്ദേഹം തുടർന്നു പറയുകയുണ്ടായി: പ്രസ്തുത ലക്ഷ്യങ്ങൾ സാക്ഷാൽകരിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് ‘റിയാദുസ്സ്വാലിഹീൻ’ എന്ന കൃതി. അത് ഒരുവശത്ത് ഇസ്‌ലാമിക നിയമങ്ങളേയും, അദ്ധ്യാപനങ്ങളേയും, മര്യാദകളേയും  വിശദീകരിക്കുന്നതോടൊപ്പം ഒരു വിശ്വാസി തന്റെ രക്ഷിതാവുമായുള്ള ബന്ധവും തന്റെ സഹജീവികളോടുള്ള ബന്ധവും എപ്രകാരം ക്രമീകരിക്കണമെന്ന് വിവരിക്കുന്നു. കർമ്മപരമായ കാര്യങ്ങൾക്കൊപ്പം ഈമാനികാഭിവൃദ്ധിക്ക് ഉതകുന്ന കാര്യങ്ങളുമതിലുണ്ട്. മറുവശത്ത് അതിന്റെ രചയിതാവ് അവലംബിച്ചിരിക്കുന്നത് വിശുദ്ധ ഖുർആനിനേയും സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ള നബിചര്യകളേയുമാണ്. സ്വഹീഹായ ഹദീസുകൾ മാത്രമേ അതിൽ ഉദ്ധരിക്കുകയുള്ളൂവെന്ന് ഗ്രന്ഥകർത്താവ് നിബന്ധന വെച്ചിട്ടു്. പ്രസ്തുത നിബന്ധനകൾ പാലിക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു. 1800 ലധികം ഹദീസുകൾ രേഖപ്പെടുത്തിയതിൽ നാൽപതോളം ഹദീസുകൾ മാത്രമാണ് സനദുകളുടെ കാര്യത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം അത്തരം ഹദീസുകളുടെ ആശയം ഖുർആനിലൂടെയോ, ഇതര  ഹദീസുകളിലൂടെയോ സ്ഥിരപ്പെട്ടതാണുതാനും. മൂന്നാമതായി, വിശ്വാസികളുടെ ഹൃദയങ്ങളിലുള്ള ഈമാനിക വൃക്ഷത്തെ പരിപോഷിപ്പിക്കുന്നതിൽ ഈ ഗ്രന്ഥത്തിനുള്ള സ്വാധീനം പ്രാവർത്തികമായി പരീക്ഷിച്ച് തെളിഞ്ഞതുമാണ്. നാലാമതായി, അതു വിശുദ്ധ ഖുർആനിന്റേയും നബിചര്യയുടേയും രത്‌നച്ചുരുക്കവും ലളിതമായ സംഗ്രഹവുമാണ്. അവസാനമായി, മതപഠനവും പ്രബോധനവും നടത്തുന്നവർക്ക് അതൊരു കുറിപ്പായി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പഠനവും ഗവേഷണവും നടത്താൻ സമയമില്ലാത്തവർക്ക് അതുനോക്കി വായിച്ച് ചെറിയൊരു വിശദീകരണവും നൽകിയാൽ തന്നെ മതിയാകുന്നതാണ്.

ജനങ്ങൾക്കിടയിൽ ഈ കൃതിയുടെ പ്രചാരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി അതിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കി ഒരു ലഘുകൃതിയായി ഇതു പ്രസിദ്ധീകരിക്കുവാൻ പ്രസാധകർ തയ്യാറായിരിക്കുകയാണ്. വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുവാനും അതിന്റെ പ്രചാരണം ലളിതമാക്കുവാനും വേിയാണ് അപ്രകാരം ചെയ്തിട്ടുള്ളത്.

ഗ്രന്ഥകാരന്റെ അഭിപ്രായങ്ങളും ആശയങ്ങളും അതുപോലെത്തന്നെ  നിലനിർത്തിയിട്ടു്. ഗ്രന്ഥകാരന്റെ മൂലകൃതിയുടെ അതേ ക്രമം തന്നെയാണ് ഇതിലും അവലംബിച്ചിട്ടുള്ളത്. ആവർത്തിച്ചുവന്ന ഹദീസുകൾ ഒരു സ്ഥലത്ത് പറയുകയും പിന്നീട് വരുമ്പോൾ അവിടേക്ക് മടങ്ങാൻ സൂചിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടുതൽ വ്യക്തവും ആശയ സമ്പുഷ്ഠവുമായ പദങ്ങളുള്ള ഹദീസുകൾ നിലനിർത്തി അതിലും താഴെയുള്ളവ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്.

ഗ്രന്ഥകാരൻ പ്രാർത്ഥിച്ചതു പോലെ ഈ കൃതിയെ വായിക്കുന്നവർക്ക് സ്വർഗത്തിലേക്കുള്ള വഴികാട്ടിയായും തിന്മകളിൽ നിന്നുള്ള വിലങ്ങുതടിയായും അല്ലാഹു മാറ്റുമാറാകട്ടേ. ആമീൻ.