ഇമാം നവവി ഒരു ലഘു പരിചയം

ശൈഖ് മുഹ്‌യുദ്ദീന്‍ അന്നവവി യഹ്‌യ ബിന് ഷറഫ് ബിന് മിറിയ് ബിന് ഹസന്‍ ബിന് ഹുസൈന്‍ ബിന് ജുമുഅഃ ബിന് ഹിസാം  അല്‍ ഹിസാമി അന്നവവി, അശ്ശാഫിഈ അദ്ദിമശ്ഖി മുഹ്‌യുദ്ദീന്‍ അബൂ സകരിയ്യ എന്ന പേരിലറിയപ്പെടുന്ന വിഖ്യാത പണ്ഡിതന്‍ തന്റെ കാലത്തെ ഫുഖഹാക്കളിലെ നേതാവും ശാഫിഈ മദ്ഹബിന്റെ തലവനുമായിരുന്നു. ഹിജ്‌റ 631ല്‍ നവായില്‍ ഭൂജാതനായി. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം 649ല്‍ ദമസ്‌കസിലേക്ക് വന്നു. നാലരമാസത്തിനുള്ളില്‍ അത്തന്‍ബീഹ് എന്ന കൃതിയും ശേഷിക്കുന്ന ഒരു വര്‍ഷത്തിലെ മാസങ്ങള്‍ക്കിടയില്‍ അല്‍ മുഹദ്ദബിന്റെ ആരാധനാപരമായ കാര്യങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളും പഠിച്ചു. പിന്നീട് പ്രമുഖ പണ്ഡിതന്‍മാരുടെ അടുക്കല്‍ ചെന്ന് വായനയാരംഭിച്ചു. ഒരു ദിവസം പന്ത്രോളം വിഷയങ്ങള്‍ വിവിധ പണ്ഡിതന്‍മാരുടെയടുക്കല്‍ ചെന്ന് അദ്ദേഹം വായിച്ചിരുന്നുവത്രെ. പിന്നീട് ഗ്രന്ഥരചനയില്‍ മുഴുകി, പലകൃതികളും പൂര്‍ത്തിയാക്കുകയും ചിലത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു.

റിയാദുസ്സ്വാലിഹീന്‍, റൗള, തന്‍ബീഹ്, ശറഹു മുസ്‌ലിം, മിന്‍ഹാജ്, അദ്കാര്‍, തിബ്‌യാന്‍, ത്വബഖാത്തുല്‍ ഫുഖഹാ, തഹ്ദീബുല്‍ അസ്മാ, തഹ്ദീബുല്ലുഗാത്ത്, തഹ്‌രീര്‍ തന്‍ബീഹ് തുടങ്ങിയവ പൂര്‍ത്തിയാക്കിയ കൃതികളില്‍പ്പെട്ടതാണ്.

അല്‍മജ്മൂഅ് എന്ന് പേരിട്ട ശറഹുല്‍ മുഹദ്ദബ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അതൊരു തുല്യതയില്ലാത്ത കൃതിയാകുമായിരുന്നു. പലിശയെക്കുറിച്ചുള്ള ഭാഗം വരെയാണ് അദ്ദേഹം രചിച്ചത്. ഹദീസുകളിലും, ഭാഷയിലും, ഫുഖഹാക്കളുടെ അഭിപ്രായങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം അത് വെളിപ്പെടുത്തുന്നു്.

അതോടൊപ്പം അനിതര സാധാരണമായ തഖ്‌വയും, സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള ആവേശവും അദ്ദേഹത്തിനുണ്ടായിരുന്നു. സൂക്ഷ്മത, ഐഹീക വിരക്തി, ഒന്നിടവിട്ട ദിവസങ്ങളില്‍ സുന്നത്ത് നോമ്പുകള്‍ പിടിക്കല്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രത്യേകതകളില്‍പ്പെട്ടതായിരുന്നു. തന്‍റെ പിതാവ് നവായില്‍ നിന്നും എത്തിച്ചുകൊടുത്തിരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രമായിരുന്നു പ്രധാനമായും അദ്ദേഹം ഭക്ഷിച്ചിരുന്നത്. രണ്ട്  കറികള്‍ അദ്ദേഹം ഒരിക്കലും ഒരുമിച്ച് ഭക്ഷിച്ചിരുന്നില്ല. ഇബ്‌നു ഖല്ലികാനിനു പകരമായി ഇഖ് ബാലിയായിലെ പഠന ക്ലാസുകള്‍ അദ്ദേഹം ഏറ്റെടുത്തു. പിന്നീട് അഷ്‌റഫിയ്യ പാഠശാലയിലെ ശൈഖുല്‍ ഹദീസ് സ്ഥാനം അദ്ദേഹം അലങ്കരിച്ചു വന്നു. സമയത്തിന്റെ വിലയുള്‍കൊണ്ട് അത് പാഴാക്കാതിരിക്കാന്‍ അതീവ ജാഗ്രത അദ്ദേഹം പുലര്‍ത്തിയിരുന്നു. ദമസ്‌കസില്‍ താമസിക്കുന്നതിന്നിടയില്‍ ഹജ്ജ് നിര്‍വഹിച്ചു. 676 റജബ് 24ന് അദ്ദേഹം നവായില്‍ നിര്യാതനായി. അവിടെത്തന്നെ ഖബറടക്കുകയും ചെയ്തു *

* ഇബ്‌നുകഥീറിന്റെ അല്‍ബിദായ, വാള്യം 17 പേജ് 539

Comments are closed.