വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം

അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന് ഗുണകരമായിരിക്കും. (സൂറ: അൽ ഹജ്ജ്: 30)

അത് (നിങ്ങൾ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമ്മനിഷ്ഠയിൽ നിന്നുണ്ടാകുന്നതത്രെ. (അൽഹജ്ജ്: 32)

150. അബൂമൂസ(റ)വിൽ നിവേദനം: തിരുമേനി അരുളി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവുശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്. അതിന്റെ ഒരു വശത്തിന് മറ്റേ വശം പിൻബലം  നൽകുന്നു. ശേഷം തിരുമേനി(സ) തന്റെ വിരലുകളെ തമ്മിൽ കോർത്തു കാണിച്ചു. (മുത്തഫഖുൻ അലൈഹി)

151. അദ്ദേഹത്തിൽ നിന്ന് നിവേദനം: തിരുമേനി അരുളി: അമ്പുമായി നമ്മുടെ ഏതെങ്കിലും പള്ളികളിലൂടേയോ അങ്ങാടികളിലൂടേയോ നടന്ന് പോകേണ്ടിവരുന്നവർ വിശ്വാസികൾക്ക് അതിന്റെ ഉപദ്രവം ഏൽകാതിരിക്കാൻ അതിന്റെ വായ്തലയിൽ കൈ വെക്കട്ടെ. (മുത്തഫഖുൻ അലൈഹി)

152. നുഅ്മാനുബ്‌നു ബശീർ(റ) നിവേദനം: തിരുമേനി അരുളി: പരസ്പരം സ്‌നേഹവും കരുണയും വിട്ട്‌വീഴ്ചയും കാണിക്കുന്ന വിഷയത്തിൽ ഒരു സത്യവിശ്വാസിക്ക് മറ്റേ സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിന് രോഗം ബാധിച്ചാൽ മറ്റുള്ളവ പനിയും ചൂടുമായി രാത്രിമുഴുവൻ ഉറക്കമൊഴിക്കുന്നു. (മുത്തഫഖുൻ അലൈഹി)

153. ജാബിർ(റ)വിൽ നിവേദനം: നബി(സ) പറയുകയുണ്ടായി: ആളുകളോട് കരുണകാണിക്കാത്തവനോട് അല്ലാഹുവും തിരിച്ച് കരുണ കാണിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

154. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഹേ മനുഷ്യരെ, നിങ്ങൾ ജനങ്ങൾക്ക് ഇമാമായി നമസ്‌കരിക്കുകയാണങ്കിൽ നമസ്‌കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരിൽ രോ ഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. എന്നാൽ ഒറ്റക്ക് നമസ്‌കരിക്കുമ്പോൾ വേണ്ട പോലെ ദീർഘിപ്പ് നമസ്‌കരിക്കാവുന്നതാണ്. (മുത്തഫഖുൻ അലൈഹി)

155. അബൂഖതാദ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ദീർഘിപ്പിച്ച് നമസ്‌കരിക്കണമെന്ന ഉദ്ദേശത്തോടെ ഞാൻ നമസ്‌കാരത്തിൽ പ്രവേശിക്കും. എന്നാൽ കുട്ടികളുടെ കരച്ചിൽ കേൾക്കുമ്പോൾ അവരുടെ മാതാക്കൾക്ക് പ്രയാസമാകുമോ എന്ന് ഭയന്ന് ഞാൻ നമസ്‌കാരം ചുരുക്കും. (ബുഖാരി)

156. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ, ഒരക്രമിക്ക് ദ്രോഹിക്കാൻ വിട്ട് കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവ നും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാൻ പരിശ്രമിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിർവഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്‌ലിമിനെ ബാധിച്ച പ്രയാസത്തിൽ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദുഖഃത്തിൽനിന്ന് അല്ലാഹു അവനെ മോചിപ്പിക്കും. ഒരു മുസ്‌ലിമിന്റെ പോരായ്മകൾ വല്ലവനും മറച്ചുവെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മ കൾ അല്ലാഹുവും മറച്ച് വെക്കും. (മുത്തഫഖുൻ അലൈഹി)

157. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങൾ പരസ്പരം പകയും അസൂയയും വെച്ച് പുലർത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞു കളയരുത്. ഒരാളുടെ കച്ചവടത്തിനു മുകളിൽ മറ്റൊ രാൾ കച്ചവടം ഉറപ്പിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ച് കൊള്ളുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ അക്രമികൾക്ക് വിട്ട് കൊടുക്കുക യോ കയ്യൊഴിയുകയോ ഇല്ല. തഖ്‌വ എന്നാൽ ഹൃദയത്തിലാകുന്നു. തന്റെ സഹോദരനായ വിശ്വാസിയെ നിന്ദിക്കുക എന്നത് മാത്രം മതി ഒരാൾ പാപിയാകുവാൻ. ഒരു വിശ്വാസിയുടെ ധനവും സ്വത്തും അഭിമാന വുമെല്ലാം പവിത്രമാണ്. (മുസ്‌ലിം)

158. അനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരൻ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണങ്കിലും നീ അവനെ സഹായിച്ചു കൊള്ളുക. ഒരു അനുചരൻ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, അക്രമിക്കപ്പെടുന്നവനെ (മർദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാൻ സാധിക്കും, എന്നാൽ അക്രമിയെ ഞാൻ എങ്ങിനെ സഹായിക്കും?. നബി(സ) അരുളി: അക്രമത്തിൽനിന്ന് അവനെ പിന്തിരിപ്പിക്കു കയും തടയുകയും ചെയ്യുക. അത് അവന്ന് സഹായമാണ്. (ബുഖാരി)

159. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവുശ്വാസിയുടെ മേലുള്ള ബാധ്യത അഞ്ചാകുന്നു. സലാം മടക്കുക; രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; ക്ഷണം സ്വീകരിക്കുക; തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക. (മുത്തഫഖുൻ അലൈഹി)

മുസ്‌ലിമിന്റെ റിപ്പോർട്ടിൽ: ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുടെ മേലുള്ള ബാധ്യത ആറാകുന്നു. കണ്ടുമുട്ടിയാൽ സലാം പറയുക; ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക; ഉപദേശം ചോദിച്ചാൽ ഉപദേശം നൽകുക; തുമ്മിയ ശേഷം അൽഹംദുലില്ലാഹ്‌ എന്ന് പറഞ്ഞാൽ അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുക രോഗിയായാൽ സന്ദർശിക്കുക; ജനാസയെ അനുഗമിക്കുക; എന്നാണുള്ളത്.

This entry was posted in അദ്ധ്യായം 27 : വിശ്വാസികളുടെ അഭിമാനം സൂക്ഷിക്കണം, അവകാശങ്ങൾ വകവെച്ച് കൊടുക്കണം. Bookmark the permalink.