അല്ലാഹു പറഞ്ഞു.
”അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം”. (കഹ്ഫ് 21)
1022 ആയിശ(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അസ്മ(റ) എത്യോപ്യയിലെ ഒരു ചർച്ചിൽ കണ്ട രൂപങ്ങളെ കുറിച്ചും ചിത്രങ്ങളെ കുറിച്ചും നബി(സ)പറയുകയുണ്ടായി. അപ്പോൾ അവിടുന്ന് പറഞ്ഞു. അവർ ഏതെങ്കിലും പുണ്യാത്മാക്കളോ ദാസൻമാരോ മരണപ്പെട്ടാൽ മറവ് ചെയ്യപ്പെടുന്ന മഖ്‌ബറകളെ പടുത്തുയർത്തി ആരാധനാലയങ്ങൾ ഉണ്ടാക്കുകയും അവരുടെ രൂപങ്ങൾ ഉണ്ടാക്കി വെക്കുകയും ചെയ്യുന്നവരാണ്. അവർ അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും ദുഷ്ടൻമാരാകുന്നു. (മുത്തഫഖുൻ അലൈഹി)
1023 ജുന്തബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) വഫാത്താകുന്നതിന് അഞ്ചു ദിവസം മുമ്പ് അവിടുന്ന് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . നിങ്ങളുടെ പൂർവ്വീകർ അവരുടെ പ്രവാചകൻമാർ മരണപ്പെട്ടാൽ അവരെ മറവ് ചെയ്യപ്പെടുന്ന മഖ് ബറകളെ പടുത്തുയർത്തി ആരാധനാലയങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. നിങ്ങൾ മഖ്‌ബറകളെ പടുത്തുയർത്തി ആരാധനാലയങ്ങൾ ഉണ്ടാക്കരുത്. അത് ഞാൻ നിങ്ങളോടു വിരോധിക്കുന്നു. (മുസ്‌ലിം)
1024 ആയിശ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ)ക്ക് മരണാസന്നമായപ്പോൾ അവിടുന്ന് ഒരു പുതപ്പു മുഖത്തിടുകയുംമാറ്റുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോൾ അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു. ജൂതരേയും കൃസ്ത്യാനികളേയും അല്ലാഹുശപിച്ചിരിക്കുന്നു. കാരണം അവർ അവരുടെ പ്രവാചകൻമാർ മരണപ്പെട്ടാൽ അവരെ മറവ്‌ചെയ്യപ്പെടുന്ന മഖ് ബറകളെ പടുത്തുയർത്തി ആരാധനാലയങ്ങൾ ഉണ്ടാക്കാറുണ്ടാ യിരുന്നു. ആയിശ(റ) പറയുന്നു. അക്കാരണത്താലാണ് അദ്ദേഹത്തിന്റെ ഖബർ തുറന്ന സ്ഥലത്താകാതിരുന്നത്. കാരണം മഖ് ബറകളെ പടുത്തുയർത്തി ആരാധനാലയമാക്കുന്നത് അദ്ദേഹം ഭയപ്പെട്ടിരുന്നു. (മുത്തഫഖുൻഅലൈഹി)
1025 ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഖബർ സന്ദർശിക്കുന്ന സ്ത്രീകളേയും അവിടെ ആരാധനാലയമാക്കി തിരികൾ കത്തിക്കുന്നവരേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. (തിർമുദി)
1026 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ)പറഞ്ഞു: നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത്. എന്റെ ഖബറിടത്തിൽ ആഘോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യരുത്. നിങ്ങൾ എനിക്ക് വേണ്ടി സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെ ആയിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടുന്നതാണ്. (അബൂദാവൂദ്)