നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവർ. (അൽ ഫുർഖാൻ: 74)

അവരെ നാം നമ്മുടെ കൽപനപ്രകാരം മാർഗദർശനം നൽകുന്ന നേതാക്കളാക്കുകയും ചെയ്തു. (സൂറ: അൽ അമ്പിയാഅ്: 73)

117. ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബി(സ)യുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അദ്ദേഹത്തിന്റെ അടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബി(സ)യുടെ മുഖം ചുവന്നു. നബി(സ) ബിലാൽ(റ)യോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.

”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്റെ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക.കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക.) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.” /( 4/1)

”സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ.” (59/18)

എന്നിട്ട് അവിടുന്ന് പറയുകയുണ്ടായി: തന്റെ പക്കലുള്ള ദീനാറിന്റെയും ദിർഹമിന്റെയും കാരക്കയുടേയും കൂട്ടത്തിൽ നിന്ന് ഓരോരുത്തരും സ്വദഖ ചെയ്യട്ടെ. അതൊന്നുമില്ലെങ്കിൽ ഒരു കാരക്ക ചുളയെങ്കിലും നൽകട്ടെ. അപ്പോൾ അൻസാരികളിൽപെട്ട ഒരാൾ ഒരു കൈകൊണ്ട് പിടിക്കാൻ കഴിയാത്ത ഒരു സഞ്ചിയിൽ കാരക്ക കൊണ്ട് വന്ന് മുമ്പിൽ വെച്ചു. അത് കണ്ട്  ആളുകളെല്ലാം ഓരോ സാധനങ്ങൾ കൊണ്ട് വരാൻ തുടങ്ങി. ഏറെ കഴിയുന്നതിന് മുമ്പ് വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രണ്ട് കൂമ്പാരം അവിടെ രൂപപ്പെട്ടു. അത് കണ്ടു നബി(സ)യുടെ മുഖം സ്വർണ നിറം പകരുകയും അവിടുന്ന് പുഞ്ചിരിക്കുകയും ചെയ്തു. എന്നിട്ട് നബി(സ) പറയുകയുണ്ടായി:

ആരെങ്കിലും ഒരു നല്ല മാതൃകാപരമായ കാര്യം ചെയ്യുകയും അയാൾക്കുശേഷം അത് മറ്റുള്ളവർ പ്രവർത്തിക്കുകയും ചെയ്താൽ തന്റെ പ്രവർത്തനത്തിനുള്ള പ്രതിഫലവും മറ്റുള്ളവരുടെ പ്രവർത്തനത്തിന് തുല്യമായ പ്രതിഫലവും അയാൾക്കുണ്ടായിരിക്കും. അവരുടെയൊന്നും പ്രതിഫലത്തിന് അത് യാതൊരു കുറവും വരുത്തുകയുമില്ല. ആരെങ്കിലും ഒരു ചീത്ത നടപടി കൊണ്ട് വരികയും അത് കണ്ട്  അയാൾക്ക് ശേഷം മറ്റുള്ളവർ പ്രവർത്തിക്കുകയും ചെയ്താൽ തന്റെ പ്രവർത്തനത്തിനുള്ള ശിക്ഷയും മറ്റുള്ളവരുടെ പ്രവർത്തനത്തിന് തുല്യമായ ഒരു പാപവും അവനുണ്ടായിരിക്കും. അവരുടെയൊന്നും പാപത്തിൽ യാതൊരു കുറവും വരുത്തുകയുമില്ല. (മുസ്‌ലിം)

118. അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കിൽ ആദമിന്റെ ആദ്യ സന്താനത്തിന് ആ കുറ്റത്തിൽ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പിൽ വരുത്തിയത്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 19 : നല്ലതോ ചീത്തയോ മാതൃകയാവുന്ന വിധം പ്രവര്‍ത്തിച്ചാല്‍. Bookmark the permalink.