ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം

എന്നിരിക്കെ യഥാർത്ഥമായുള്ളതിന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? (യൂനുസ്: 32)

ഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. (: അൻആം: 38)

ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ) മടക്കുക. (നിസാഅ്: 59 )

ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗ്ഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗ്ഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. (സൂറ: അൻആം: 153)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. (സൂറ: ആലു ഇംറാൻ: 31)

115. ആയിശ(റ) നിവേദനം: നമ്മുടെ ഈ (മത)കാര്യത്തിൽ ആരെങ്കിലും പുതുതായി വല്ലതും ചേർത്താൽ അത് തള്ളപ്പെടേണ്ടതാകുന്നു. (മുത്തഫഖുൻ അലൈഹി)

മുസ്‌ലിമിന്റെ റിപ്പോർട്ടിലുളളത്: നമ്മുടെ നിർദ്ദേശമില്ലാത്ത കർമ്മം ആരെങ്കിലും ആചരിച്ചാൽ അത് തളളപ്പെടേതാണ് എന്നാണ്.

116. ജാബിർ(റ) നിവേദനം: നബി(സ) ഖുതുബ നിർവഹിക്കുമ്പോൾ വല്ല സൈനീക നേതാവും കാലത്തോ വൈകുന്നേരമോ എന്നറിയില്ല ശത്രുക്കൾ നിങ്ങളെ പിടികൂടിയേക്കാം എന്ന് പറഞ്ഞ് കൊണ്ട് തന്റെ സൈന്യത്തിന് ആജ്ഞകൾ നൽകുമ്പോലെയായിരുന്നു പ്രസംഗിക്കാറുണ്ടായിരുന്നത്. തന്റെ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ദേഷ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് ഇങ്ങനെ പറയുമായിരുന്നു: ഏറ്റവും നല്ല വാക്കുകൾ അല്ലാഹുവിന്റെ ഗ്രന്ഥമാണ് ഏറ്റവും നല്ല ചര്യ മുഹമ്മദ്‌നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്. (മുസ്‌ലിം)

106. ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയും ചെയ്തത്)

 

This entry was posted in അദ്ധ്യായം 18 : ബിദ്അത്തുകള്‍ക്കും പുത്തനാചാരങ്ങള്‍ക്കും വിരോധം.. Bookmark the permalink.