അല്ലാഹു പറഞ്ഞിരിക്കുന്നു.
”കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. ” (ബയ്യിന :5)
”സത്യവിശ്വാസികളേ, (കൊടുത്തത്)എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത് ” (ബഖറ :264)
”അവർ നമസ്‌കാരത്തിന് നിന്നാൽ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാൻ വേണ്ടിയുമമാണ് നിൽക്കുന്നത്. കുറച്ച് മാത്രമേ അവർ അല്ലാഹുവെ ഓർമിക്കുകയുള്ളൂ”(നിസാഅ് :142)
940. അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . അല്ലാഹു പറഞ്ഞിരിക്കുന്നു. പങ്കുകാരെ ആവശ്യമില്ലാത്തവനാണു ഞാൻ. ആരെങ്കിലും വല്ലതും പ്രവർത്തിക്കുകയും അതിൽ എന്റെകൂടെ മറ്റുള്ളവരെ പങ്കുചേർക്കുകയും ചെയ്താൽ അവനേയും അവന്റെ ശിർക്കിനേയും ഞാൻ തിരസ്‌കരിക്കുന്നതാണ്. (മുസ്‌ലിം)
941. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ആദ്യമായി കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് രക്തസാക്ഷികളുടെ വിഷയത്തിലായിരിക്കും. രക്തസാക്ഷിയെ ഹാജരാക്കുകയും തനിക്ക് അല്ലാഹു നൽകിയ മഹാഅനുഗ്രഹങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്ത ശേഷം അതുകൊണ്ട് എന്തു പ്രവർത്തിച്ചു എന്ന് അല്ലാഹു അദ്ദേഹത്തോടു ചോദിക്കും. അപ്പോൾ അവൻ മറുപടിയായി രക്തസാക്ഷിത്വം വരിക്കുന്നതുവരെ ഞാൻ നിന്റെ മാർഗ്ഗത്തിൽ പോരാടി എന്ന് പറയും. അപ്പോൾ അല്ലാഹു പറയുന്നത് നീ പറയുന്നത് കളവാണ്. നീ പോരാടിയത് നിന്നെ കുറിച്ച് ആളുകൾ നീ നല്ല ധീരനായയോദ്ധാവാണെന്ന് പറയാനായിരുന്നു, അപ്രകാരം പറയപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം അല്ലാഹുവിന്റെ കൽപനപ്രകാരം അവൻ നരകത്തിൽ മുഖംകുത്തി വീഴുന്നരൂപത്തിൽ നരകത്തിലേക്ക് വലിച്ചു കൊണ്ടു പോവുകയും അതിലിടപ്പെടുകയും ചെയ്യും. പിന്നീട് കൊണ്ടുവരപ്പെടുന്നത് വിജ്ഞാനം സമ്പാദിക്കുകയും അത് പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്ന ഒരു വ്യക്തിയെ ആയിരിക്കും. ശേഷം തനിക്ക് അല്ലാഹു നൽകിയ മഹാ അനുഗ്രഹങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തശേഷം അതുകൊണ്ട് എന്തു പ്രവർത്തിച്ചു എന്ന് അല്ലാഹു അദ്ദേഹത്തോടു ചോദിക്കുകയും ചെയ്യും. അപ്പോൾ അവൻ ഞാൻ നിന്റെ മാർഗ്ഗത്തിൽ വിജ്ഞാനം സമ്പാദിക്കുകയും അത് പഠിപ്പിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് മറുപടി പറയും.അപ്പോൾ അല്ലാഹു പറയും: നീ പറയുന്നത് കളവാണ് മഹാപണ്ഢിതനാണ് നീയെന്ന് ജനങ്ങൾ നിന്നെ കുറിച്ച് പറയാനായിരുന്നു നീ വിജ്ഞാനം സമ്പാദിച്ചത്. വലിയ ഖാരിഅ് എന്നറിയപ്പെടാനാണ് നീ ഖുർആൻ പാരായണം ചെയ് തതും. അപ്രകാരം പറയപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം അല്ലാഹുവിന്റെ കൽപന പ്രകാരം അവൻ നരകത്തിൽ മുഖംകുത്തി വീഴുന്നരൂപത്തിൽ നരകത്തിലേക്ക് വലിച്ചു കൊണ്ടു പോവുകയും ചെയ്യും. പിന്നീട് കൊണ്ടുവരപ്പെടുന്നത് അല്ലാഹു ധാരാളം സാമ്പത്തിക ശേഷി നൽകുകയും വിവിധതരം സമ്പത്ത് നൽകുകയും ചെയ്ത ഒരാളെ ആയിരിക്കും. തനിക്ക് അല്ലാഹു നൽകിയ മഹാ അനുഗ്രഹങ്ങളെകുറിച്ച് ഓർമ്മിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തശേഷം അതുകൊണ്ട് എന്തു പ്രവർത്തിച്ചു എന്ന് അല്ലാഹു അദ്ദേഹത്തോടു ചോദിക്കുകയും ചെയ്യും. അപ്പോൾ അവൻ ഞാൻ നിന്റെ മാർഗ്ഗത്തിൽ നീ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി ധാരാളം സമ്പത്ത് ചെലവാക്കിയിട്ടുണ്ടായിരുന്നു എന്ന് മറുപടി പറയും. അപ്പോൾ അല്ലാഹു പറയും: നീ പറയുന്നത് കളവാണ്. വലിയ ധർമ്മിഷ്ഠനാണ് നീയെന്ന് ജനങ്ങൾ നിന്നെ കുറിച്ച് പറയാനായിരുന്നു ദാനം ചെയ്തത്. അപ്രകാരം പറയപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം അല്ലാഹു വിന്റെ കൽപനപ്രകാരം അവൻ നരകത്തിൽ മുഖംകുത്തി വീഴുന്നരൂപത്തിൽ നരകത്തിലേക്ക് വലിച്ചുകൊണ്ടു പോവുകയും അതിലിടപ്പെടുകയും ചെയ്യും (മുസ്‌ലിം).
942. ജൻദബ് ബ്‌നുഅബ്ദുള്ള(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: പ്രശസ്തിക്ക് വേണ്ടി വല്ലവനും പ്രവർത്തിച്ചാൽ അല്ലാഹു അവന് കീർത്തി നൽകും. അപ്രകാരം ജനങ്ങളെ കാണിക്കാൻ വേണ്ടിയാണ്പ്രവർത്തിച്ചതെങ്കിൽ അവന് അല്ലാഹു അതുമാണ് നൽകുക. (മുത്തഫഖുൻ അലൈഹി)