അല്ലാഹു പറഞ്ഞിരിക്കുന്നു.
(പലിശ തിന്നുന്നവർ പിശാച്ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്എന്ന് അവർ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാൽ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച് ) വല്ലവനും (പലിശയിൽ നിന്ന്) വിരമിച്ചാൽ അവൻ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കിൽ അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധർമ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുർവൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, നമസ്‌കാരം മുറപോലെ നിർവ്വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫല മുണ്ടായിരിക്കുന്നതാണ്. അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കികിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങൾ (യഥാർത്ഥ) വിശ്വാസികളാണെങ്കിൽ. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങൾക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്കു തന്നെ കിട്ടുന്നതാണ്. നിങ്ങൾ അക്രമം ചെയ്യരുത്. നിങ്ങൾ അക്രമിക്കപ്പെടുകയും അരുത്. (ബഖറ 275-278)
939. ഇബ്‌നു മസഊദ്(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും നബി(സ) ശപിച്ചിരിക്കുന്നു. തിർമുദിയുടെ റിപ്പോർട്ടിൽ അത് എഴുതുന്നവനേയും അതിന് സാക്ഷിനിൽക്കുന്നവനേയും എന്നുകൂടിയുണ്ട് .
938 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാശകാരികളായ ഏഴുകാര്യത്തിൽ നിന്ന് നിങ്ങൾ അകന്നിരിക്കണം. അപ്പോൾ അവർ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ ഏതാണവ? അവിടുന്നു പറഞ്ഞു: അല്ലാഹുവിൽ പങ്കുചേർക്കുക, സിഹ്‌റ്, അർഹതയില്ലാതെ അല്ലാഹു പവിത്രമാക്കിയ ആത്മാക്കളെ കൊല്ലുക, പലിശതിന്നുക, അനാഥയുടെ ധനം ഭക്ഷിക്കുക, യുദ്ധക്കളത്തിൽനിന്ന് തിരിഞ്ഞോടുക, അശ്രദ്ധരും സത്യവിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുക എന്നിവയാണവ. (മുത്തഫഖുൻ അലൈഹി)