നബിചര്യ മുറുകെ പിടിക്കുക

അല്ലാഹു അവന്റെ റസൂലിന്(സ) വിവിധ രാജ്യക്കാരിൽ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും(സ) അടുത്ത കുടുംബങ്ങൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കർക്കുമുള്ള താകുന്നു. അത് (ധനം) നിങ്ങളിൽ നിന്നുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണത്. നിങ്ങൾക്കു റസൂൽ(സ) നൽകിയതെന്തോ അത് നിങ്ങൾ  സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കുകയും ചെയ്യുക. (സൂറ: ഹശ്ർ: 7)

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു. (സൂറ: നജ്മ്: 3,4)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (സൂറ: ആലു ഇംറാൻ: 31)

തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട് . അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നവർക്ക്. (സൂറ: അൽ അഹ്‌സാബ് :21)

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല. (സൂറ: നിസാഅ്: 65 )

ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാ ണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ്‌ വേണ്ടത് ) (സൂറ: നിസാഅ്: 59)

(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. (സൂറ: നിസാഅ്: 80)

തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്. അല്ലാഹുവിന്റെ പാതയിലേക്ക്. (സൂറ: ശൂറാ: 52,53)

ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (സൂറ: അൽ നൂർ: 63 )

നിങ്ങളുടെ വീടുകളിൽ വെച്ച് ഓതികേൾപിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങൾ ഓർമിക്കുകയും ചെയ്യുക. (സൂറ: അൽ അഹ്‌സാബ്: 34 )

ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ കാണാം.

105. അബൂ ഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാൻ  ഉപേക്ഷിച്ച വിഷയങ്ങളിൽ നിങ്ങൾ എന്നെ വിട്ടേക്കുവീൻ. പൂർവ്വിക സമുദായങ്ങൾ നശിച്ചത് അവർ അവരുടെ നബിമാർക്ക് എതിര്  പ്രവർത്തിച്ചത് കൊണ്ടും, കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് കൊണ്ടുമാണ്. ഞാൻ നിങ്ങളോട് എന്തെങ്കിലും വിരോധിച്ചാൽ അതിനെ നിങ്ങൾ പൂർണമായും വർജ്ജിക്കുവിൻ. എന്തെങ്കിലും കൽപിച്ചാൽ നിങ്ങൾ സാധിക്കും പ്രകാരം അത് അനുഷ്ഠിക്കുവിൻ. (മുത്തഫഖുൻ അലൈഹി)

106. ഇർബാളുബ്ൻ സാരിയ(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങളെ ഉപദേശിക്കുവാൻ തുടങ്ങി. അവിടുത്തെ സംസാരം ഉൾകൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറയുകയും മനസുരുകുകയും ചെയ്തു. ഞങ്ങൾ ഇപ്രകാരം ചോദിക്കുകയുണ്ടായി: പ്രവാചകരെ, അങ്ങയുടെ ഉപദേശം ഒരു വിടവാങ്ങൽ സംസാരം പോലെ തോന്നിക്കുന്നുവല്ലൊ? അതിനാൽ താങ്കൾ ഞങ്ങളോട് പ്രത്യേകമായി വല്ലതും നിർദ്ദേശിച്ചാലും. നബി(സ) പറയുകയുണ്ടായി: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. എത്യോപ്യൻ അടിമയാണ്നിങ്ങളുടെ ഭരണാധികാരിയായി വരുന്നതെങ്കിലും (ഉത്തരവാദിത്വപ്പെട്ടവരുടെ) കൽപനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ അനുയായികളുടേയും ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു. (അബൂ ദാവൂദും തിർമിദിയും ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണന്ന് വിധിക്കുകയും ചെയ്തത്)

107. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചക സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബി(സ) പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!. അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം)

108. നുഅ്മാനു ബ്‌നു ബഷീർ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങൾ നമസ്‌കാരത്തിലെ സ്വഫ്ഫുകൾ നേരെയാക്കുക. അല്ലെകിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയിടുന്നതാണ് (മുത്തഫഖുൻ അലൈഹി)

109. അബൂ മൂസാ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഏതൊരു സൻമാർഗ ദർശനവും വിഞ്ജാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയിൽ വർഷിച്ചു. അതിൽ (ഭൂമിയിൽ) നല്ല ചില പ്രദേശങ്ങളുണ്ട് . അതു വെള്ളം സ്വീകരിക്കുകയും അത് മുഖേന ചെടികളും സസ്യലതാദികളും മുളച്ച് വരുകയും ചെയ്തു. അതിൽ (ഭുമിയിൽ) മറ്റു ചില പ്രദേശങ്ങളുണ്ട് . അവ വെള്ളത്തെ തടഞ്ഞ് നിർത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യർക്ക് പ്രയോജനം നൽകി. അവർ ആ വെളളം കുടിക്കുകയും കൃഷിയിറക്കുകയും നനക്കുകയും ചെയ്തു. മഴയുടെ ഒരുഭാഗം പെയ്തത് വര ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞ് നിർത്താൻ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും, എന്നെ അല്ലാഹു നിയോഗിച്ച മാർഗ്ഗദർശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാൻ കൊണ്ടുവന്ന സൻമാർഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണങ്ങൾ ഇവയാണ് (മുത്തഫഖുൻ അലൈഹി)

110. ജാബിർ(റ) നിവേദനം: ഒരവസരത്തിൽ റസൂൽ(സ) ഇങ്ങിനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടേയും സ്ഥിതി തീ കത്തിച്ച് അതിൽ വുണ്ടുകളും പാറ്റകളും വീഴാൻ തുടങ്ങിയപ്പോൾ അതിനെ ആട്ടിയോടിച്ച് കൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തിൽ നിന്നും നിങ്ങളെ ഞാൻ അരക്കെട്ടിൽ പിടിച്ച് തടഞ്ഞ് നിർത്തുന്നു. നിങ്ങളാണെങ്കിൽ എന്റെ കയ്യിൽ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്‌ലിം)

111. അദ്ദേഹത്തിൽനിന്നും നിവേദനം: (ആഹാരം കഴിക്കുമ്പോൾ) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാൻ അല്ലാഹുവിന്റെ പ്രവാചകൻ(സ) അരുളിയിരിക്കുന്നു. ഏതിലാണ്  ബർക്കത്തെന്ന് നിങ്ങൾക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട് . (മുസ്‌ലിം)

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോർട്ടിൽ മനുഷ്യൻ ഇടപെടുന്ന എല്ലാ വിഷയങ്ങളിലും ആഹാരം കഴിക്കുമ്പോഴുമൊക്കെ പിശാച് കടന്ന് വരുമെന്നും, ഭക്ഷണം കഴിക്കുമ്പോൾ താഴെ വീഴുന്നവ അതിലെ പൊടി വൃത്തിയാക്കി ഭക്ഷിക്കണമെന്നും അത് പിശാചിന് വിട്ട് കൊടുക്കരുതെന്നും നബി(സ) നിർദ്ദേശിക്കുയുണ്ടായി എന്ന് കൂടിയുണ്ട് .

112. ഇബ്‌നു അബ്ബാസ്(റ) നിവേദനം: ഒരു ദിവസം നബി(സ) ഞങ്ങൾക്കിടയിൽ എഴുന്നേറ്റ് നിന്ന് ഉപദേശിക്കുവാൻ തുടങ്ങി. അവിടുന്ന് പറഞ്ഞു: ജനങ്ങളേ, നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകർമ്മം ചെയ്തി ട്ടില്ലാത്തവരുമായ നിലയിൻ നിങ്ങൾ നിങ്ങളുടെ നാഥനിലേക്ക് ഒരുമിച്ച് കൂട്ടപ്പെടും. അവിടെ ആദ്യമായി വസ്ത്രമണിയിക്കപ്പെടുക ഇബ്രാഹീം നബി(അ) ആയിരിക്കും. അറിയുക, എന്റെ സമുദായ ത്തിലെ ഒരു വിഭാ ഗത്തെ കൊണ്ടുവരപ്പെടുകയും അവരെ ഇടത്തോട്ട് തളളിമാറ്റപ്പെടുമ്പോൾ ഞാൻ പറയും. അല്ലാഹുവേ, അവർ എന്റെ അനുയായികളാകുന്നു. അപ്പോൾ ഇങ്ങിനെ പറയപ്പെടും. നിന്റെ മരണത്തിന് ശേഷം അവർ പുതുതായി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നിനക്കറിയില്ല. അപ്പോൾ സുകൃതവാനായിരിക്കുന്ന അല്ലാഹുവിന്റെ ദാസൻ ഈസ(അ) പറഞ്ഞത് പോലെ ഞാനും പറയും. അപ്പോൾ എന്നോട് പറയപ്പെടും. നീ അവരെ വിട്ട് പോയത് മുതൽ അവർ നിങ്ങളുടെ മതത്തിൽ നിന്നും തങ്ങളുടെ മടമ്പുകളിൽ പിന്തിരിഞ്ഞു പോയികൊണ്ടേയിരിക്കുകയായിരുന്നു (മുത്തഫഖു ൻ അലൈഹി)

113. ആബിസ് ബിനു റബീഅ(റ) പറയുകയുണ്ടായി: ഉമർ(റ) ഹജ്ജ് വേളയിൽ ഹജറുൽ അസ്‌വദിന്നടുത്ത് വന്ന് അതിനെ ചുംബിച്ച് കൊണ്ട് പറഞ്ഞു: നീ വെറും ഒരു കല്ല് മാത്രമാണ്. ആർക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ നിനക്ക് സാധ്യമല്ല. ആ യാഥാർത്ഥ്യം ഞാൻ ശരിക്കും അറിയുന്നു. പ്രവാചകൻ(സ) നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 16 : നബിചര്യ മുറുകെ പിടിക്കുക. Bookmark the permalink.