മതപരമായ കാരണങ്ങളില്ലാതെയും അന്യായമായും ജീവികളേയോ സ്ത്രീകളേയോ തങ്ങളുടെ കീഴിൽ കഴിയുന്നവരേയോ പീഢിപ്പിക്കലും ശിക്ഷിക്കലും നിഷിദ്ധമാണ്.

അല്ലാഹു പറഞ്ഞിരിക്കുന്നു ;

”നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുയും മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.”

928. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു പൂച്ചയെ അത് ചത്ത് പോകുന്നവരേയും ബന്ധനത്തിലിട്ട സ്ത്രീ ആ കാരണത്താൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് . അവൾ മരണപ്പെട്ടപ്പോൾ നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അവൾ അതിനെ ബന്ധനത്തിലിട്ടപ്പോൾ തീറ്റ കൊടുക്കുകയോ വെള്ളം കൊടുക്കുകയോ ചെയ്തില്ല. ഭൂമിയിലെ പ്രാണികളെ പിടിച്ചു തിന്നാൻ അതിനെ അനുവദിച്ചതുമില്ല. (മുത്തഫഖുൻ അലൈഹി)

929. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു.ഒരിക്കൽ അദ്ദേഹം ഒരു സംഘം ഖുറൈശീ യുവാക്കളുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവർ ഒരു പക്ഷിയെ നാട്ടക്കുറിയാക്കി അമ്പെയ്ത് പരിശീലിക്കുകയായിരുന്നു. കുറിക്ക് കൊള്ളാത്ത അമ്പുകളെല്ലാം തന്നെ ആ പക്ഷിയുടെ ഉടമക്ക് അവകാശപ്പെട്ടതായിരുന്നു. ഇബ്‌നുഉമർ(റ)വിനെ കണ്ടപ്പോള്‍ അവർ പരസ്പരം അങ്ങുമിങ്ങും ചിതറിയോടി. അപ്പോൾ അദ്ദേഹം ചോദിച്ചു. ആരാണിപ്രകാരം ചെയ്തത്. അല്ലാഹു അവനെ ശപിക്കട്ടെ. നിശ്ചയം ജീവികളെ നാട്ടക്കുറിയാക്കി അമ്പെയ്യുന്നവരെ പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. (മുത്തഫഖുൻ അലൈഹി)

930. അനസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മൃഗങ്ങളെ കെട്ടിയിട്ട് കൊല്ലുന്നത് നബി(സ)വിരോധിച്ചിട്ടുണ്ട്  (മുത്തഫഖുൻ അലൈഹി)

931. അബൂ മസ്ഊദുൽബദ്‌രീ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരിക്കൽ ഞാൻ എന്റെ ഭൃത്യനെ ചാട്ടവാർ കൊണ്ട് അടിക്കുകയായിരുന്നു. അപ്പോൾ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു. അബൂ മസ്ഊദേ(റ), നീ മനസ്സിലാക്കണം എന്നാണ് പറഞ്ഞതെങ്കിലും കോപത്തിന്റെ കാഠിന്യത്താൽ അത് ആരാണെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ അരികിലെത്തിയപ്പോഴാണ് അത് പ്രവാചകനായിരുന്നു(സ) എന്ന് എനിക്ക് മനസ്സിലായത്. അപ്പോഴും അവിടുന്ന് ഇപ്രകാരം പറയുന്നുണ്ടായിരുന്നു. അബൂ മസ്ഊദേ(റ), നീ മനസ്സിലാക്കണം. ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാൾ കഠിനമായ രൂപത്തിൽ നിന്നെ ശിക്ഷിക്കുവാൻ ശക്തനാണ് അല്ലാഹു. അപ്പോൾ ഞാൻ പറഞ്ഞു: ഇനി മേലിൽ ഞാൻ ഒരിക്കലും ഭൃത്യനെ അടിക്കുകയേ ഇല്ല. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട് . പ്രവാചകൻ(സ)യുടെ ഗാംഭീര്യം കാരണത്താൽ എന്റെ കൈയ്യിൽ നിന്ന് ചാട്ടവാർ താഴെ വീഴുകയുണ്ടായി. മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം, ഞാൻ പറഞ്ഞു. പ്രവാചകരേ, അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് ഞാൻ എന്റെ ഭൃത്യനെ മോചിപ്പിച്ചിരിക്കുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു. അറിയുക, നീ അങ്ങിനെ ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ നരകം നിന്നെ എരിച്ചു കളയുമായിരുന്നു. (മുസ്‌ലിം)

932. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു.നബി(സ)പറഞ്ഞു: ആരെങ്കിലും അന്യായമായി തന്റെ അടിമയെ അടിക്കുകയോ മുഖത്ത് പ്രഹരിക്കുകയോ ചെയ്താൽ ആ അടിമയെ മോചിപ്പിക്കലാണ് അതിനുള്ള പ്രായശ്ചിത്തം (മുസ്‌ലിം)

933. ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: മുഖത്ത് അടി ക്കുന്നതും മുഖത്ത് മുദ്രവെക്കുന്നതും നബി(സ)വിരോധിച്ചിട്ടുണ്ട് .(മുസ്‌ലിം)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.