അല്ലാഹു പറഞ്ഞിരിക്കുന്നു.:
”നിങ്ങൾ പരസ്പരം ചാരവൃത്തി നടത്തരുത് ”(ഹുജറാത്ത് :12)
”(സത്യവിശ്വാസികളായ പുരുഷൻമാരേയും സത്യവിശ്വാസിനിയായ സ്ത്രീകളേയും അവർ ചെയ്യാത്ത കുറ്റത്തിന് ദ്രോഹിക്കുന്നവർ വ്യക്തമായ പാപവും കുറ്റവും പേറേണ്ടിവരും”. (അഹ്‌സാബ് :58)
909. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: തെറ്റിദ്ധാരണകൾ നിങ്ങൾ സൂക്ഷിക്കുക, നിശ്ചയം തെറ്റിദ്ധാരണയോടെയുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങൾ ചൂഴ്ന്ന് അന്വേഷിക്കുകയോ ചാരവൃത്തിയിലേർപ്പെടുകയോ പരസ്പരം മത്സരിക്കുകയോ ചെയ്യരുത്. നിങ്ങൾ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ ഗൂഢാലോചന നടത്തുകയോ, ബന്ധങ്ങൾ മുറിക്കുകയോ ചെയ്യാതെ പരസ്പരം അല്ലാഹുവിനു വേണ്ടി നിങ്ങളോട് കൽപിച്ച പോലെ സാഹോദര്യത്തോടെ വർത്തിക്കുക. ഒരുമുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. പരസ്പരം അക്രമം കാണിക്കുകയോ നിന്ദിക്കുകയോ കൈ വിടുകയോ ചെയ്യരുത്. ശേഷം അദ്ദേഹം നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ഭക്തി ഇവിടെയാണ്, നിശ്ചയം ഭക്തി ഇവിടെയാണ്, മുസ്‌ലിമായ തന്റെ സഹോദരനെ നിന്ദിക്കുക എന്നത് തന്നെ ഒരാൾക്ക് എമ്പാടും തിൻമയാണ്. മുസ്‌ലിമിന്റെ മുഴുവൻ കാര്യങ്ങളും പവിത്രം തന്നെ.അവന്റെ അഭിമാനമാകട്ടെ സമ്പത്താകട്ടെ രക്തമാകട്ടെ എല്ലാം പവിത്രമാണ്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ അല്ല അല്ലാഹു നോക്കുന്നത്. നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കുമാണ്. മറ്റൊരു റിപ്പോർട്ടിലുള്ളത് ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമുമായി പിണങ്ങി നിൽക്കരുതെന്നും ഒരാൾ വിലപറഞ്ഞുറപ്പിച്ച വസ്തുക്കളെ മറ്റൊരാൾ വിലപറയരുതെന്നു കൂടി വന്നിട്ടുണ്ട് . (മുസ്‌ലിം)
910. മുആവിയ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . മുസ്‌ലിംകളുടെ ന്യൂനതകളെ മാത്രം നീ പരതിനടക്കുന്നപക്ഷം നീ അവരെ നശിപ്പിക്കുകയോ നാശത്തിലേക്ക് അവരെ അടുപ്പിക്കുകയോ ആണ് ചെയ്യുന്നത്. (അബൂദാവൂദ്)
911. ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ)യുടെ അരികിൽ ഒരാളെ ഹാജരാക്കി. അപ്പോൾ ജനങ്ങൾ പറഞ്ഞു. ഇയാളുടെ താടിയിൽകൂടി കള്ള് ഉറ്റിവീഴുന്നല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു. അന്യരുടെ രഹസ്യങ്ങൾ ചികഞ്ഞ് അന്വേഷിക്കുന്നത് നമ്മോട് വിരോധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ നമുക്ക് വല്ലകാര്യവും പ്രകടമായാൽ നാം പിടികൂടുന്നതാണ്. (അബൂദാവൂദ്)
157. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങൾ പരസ്പരം പകയും അസൂയയും വെച്ച് പുലർത്തരുത്. ബന്ധം മുറിച്ച് അന്യോന്യം തിരിഞ്ഞു കളയരുത്. ഒരാളുടെ കച്ചവടത്തിനു മുകളിൽ മറ്റൊരാൾ കച്ചവടം ഉറപ്പിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിച്ച് കൊള്ളുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ അക്രമികൾക്ക് വിട്ട് കൊടുക്കുകയോ കയ്യൊഴിയുകയോ ഇല്ല. തഖ്‌വ എന്നാൽ ഹൃദയത്തിലാകുന്നു. തന്റെ സഹോദരനായ വിശ്വാസിയെ നിന്ദിക്കുക എന്നത് മാത്രം മതി ഒരാൾ പാപിയാകുവാൻ. ഒരു വിശ്വാസിയുടെ ധനവും സ്വത്തും അഭിമാനവുമെല്ലാം പവിത്രമാണ്. (മുസ്‌ലിം)