ആരാധനകളില്‍ മിതത്വം പാലിക്കല്‍

നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. (സൂറ: ത്വാഹാ: 1,2 )

നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്ക ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. (അല്‍ബഖറ:185)

94. അനസ്(റ) നിവേദനം: മൂന്ന് പേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ച് കൊണ്ട്  നബി(സ)യുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബി(സ)യും എവിടെ? നബി(സ)ക്ക് ആദ്യം ചെയ്ത് പോയതും പിന്നീട് ചെയ്ത് പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്ത് കൊടുത്തിട്ടുണ്ടല്ലൊ. അങ്ങിനെ അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രിമുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലൊ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവനും, അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ടിക്കുകയും മറ്റുചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി)

95. ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ)തിരുമേനി മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈകൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്‌ലിം) ആവശ്യമില്ലാത്ത വിഷയങ്ങളില്‍ കാര്‍ക്കശ്യം കാണിക്കുന്നവരെയാണ്ഇത് കൊണ്ട്  വിവക്ഷിക്കുന്നത്.

96. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മതം ലളിതമാകുന്നു; അതിനെകടുത്തതാക്കിയ ആളുകളെയെല്ലാം അത് പരാജയപ്പെടുത്തിയിട്ടുണ്ട് . അതിനാല്‍ നിങ്ങള്‍ പരമാവധി അടുക്കുവാനും ചിട്ടപ്പെടുത്തുവാനും ശ്രമിക്കുക. രാവിലേയും വൈകുന്നേരവും രാത്രിയും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുഖേന അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക. (ബുഖാരി) അതായത്, ഒഴിവും കഴിവുമനുസരിച്ച് മനസ്സും ശരീരവും ഉന്മേഷാവസ്ഥയിലായിരിക്കുമ്പോള്‍ നിങ്ങള്‍ ആരാധനാ കര്‍മ്മങ്ങള്‍ ആവേശത്തോടെ നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധിക്കുകയും ലക്ഷ്യം നേടുകയും ചെയ്യുക. മരുഭുമിയിലൂടെയുള്ള യാത്രയില്‍ ചെയ്യുന്നത് പോലെ സമയവും ഉന്മേഷവുമുള്ളപ്പോള്‍ വേഗം യാത്രചെയ്ത് ക്ഷീണമില്ലാതെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുക.

97. അനസ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ട്  തൂണുകള്‍ക്കിടയില്‍ ഒരു  കയര്‍ ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടു . നബി(സ) ചോദിച്ചു: എന്താണീ കയര്‍? സഹാബീവര്യന്മാര്‍ പറഞ്ഞു: ഇത് സൈനബയുടെ കയറാണ്; അവര്‍ക്ക് രാത്രി നമസ്‌കാരത്തില്‍ ക്ഷീണം ബാധിക്കുമ്പോള്‍ ഈ കയറില്‍ പിടിക്കും. നബി(സ) അരുളി: വേണ്ടതില്ല; അത് അഴിച്ചുകളയുവീന്‍ നിങ്ങളിലോരോരുത്തരും അവരുടെ  ഉന്മേഷാവസരത്തില്‍ നമസ്‌കരിക്കട്ടെ. ക്ഷീണം ബാധിച്ചാല്‍ കിടന്ന് വിശ്രമിക്കട്ടെ. (മുത്തഫഖുന്‍ അലൈഹി)

98. ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: ഞാന്‍ നബി(സ)യൊന്നിച്ച് നമസ്‌കരിക്കാറുണ്ട് . അപ്പോഴെല്ലാം അവിടുത്തെ നമസ്‌കാരവും ഖുതുബയും മധ്യമനിലയിലായിരുന്നു. (മുസ്‌ലിം)

99. അബൂ ജുഹൈഫ(റ) പറയുന്നു: നബി(സ) സല്‍മാന്‍(റ), അബുദര്‍ദാഅ്(റ) എന്നിവര്‍ക്കിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങിനെ ഒരു ദിവസം സല്‍മാന്‍(റ) അബുദര്‍ദാഅ്(റ)നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദര്‍ദാഇനെ(റ) വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ കു. അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രശ്‌നമെന്താണ്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദര്‍ദാഅ്(റ)ന് ഐഹീക കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബുദര്‍ദാഅ്(റ) കയറിവന്നു. സല്‍മാന്‍(റ)വിന്നു വേണ്ടി  ഭക്ഷണം തയ്യാറാക്കി കൊണ്ട്  വന്ന് പറഞ്ഞു: നിങ്ങള്‍ കഴിച്ച് കൊള്ളുവീന്‍; ഞാന്‍ നോമ്പുകാരനാണ്. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. പിന്നീട് രാത്രിയായപ്പോള്‍  അബൂദര്‍ദാഅ്(റ) സുന്നത്ത് നമസ്‌കരിക്കാന്‍ എഴുനേറ്റു സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഉറങ്ങൂ, അന്നേരം അയാള്‍ ഉറങ്ങി. വീണ്ടും എഴുന്നേറ്റു. അയാള്‍ വീണ്ടും  ഉറങ്ങാന്‍ പറഞ്ഞു. രാത്രിയുടെ അവസാനയാമമായപ്പോള്‍ സല്‍മാന്‍(റ) പറഞ്ഞു: ഇനി എഴുനേല്‍ക്കൂ, രണ്ട്  പേരും ഒരുമിച്ച് നമസ്‌കരിച്ചു അനന്തരം സല്‍മാന്‍(റ) പറഞ്ഞു. താങ്കളുടെ രക്ഷിതാവിനോട് താങ്കള്‍ക്ക് കടമയുണ്ട് . താങ്കളുടെ സ്വന്തത്തോടും കടമയുണ്ട്  സഹധര്‍മ്മിണിയോടും കടമയുണ്ട് . എല്ലാവരോടുമുളള കടമകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട് . അദ്ദേഹം നബി(സ)യെ സമീപിച്ച് ഈ വിവരങ്ങള്‍ അറിയിച്ചു അപ്പോള്‍ നബി(സ) പറഞ്ഞത് സല്‍മാന്‍(റ) പറഞ്ഞത് ശരിയാണ്. (ബുഖാരി)

100. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സിന്റെ ഒരു ഭാഗത്ത് ഒരു മനുഷ്യന്‍ നില്‍ക്കുന്നത് കണ്ടു . നബി(സ) അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു: അത് അബൂ ഇസ്‌റാ ഈല്‍(റ) ആണെന്നും അദ്ദേഹം ഇരിക്കുകയോ, സംസാരിക്കുകയോ, തണലില്‍ ഇരിക്കുകയോ, ചെയ്യാതെ നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുകയാണെന്ന് സദസ്സ്യര്‍ പറഞ്ഞു. നബി(സ) അരുളി: അയാളോ ട് സംസാരിക്കുവാനും ഇരിക്കുവാനും തണല്‍ ഉപയോഗിക്കുവാനും പറയുക. നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു കൊള്ളട്ടെ. (ബുഖാരി)

This entry was posted in അദ്ധ്യായം 14 : ആരാധനകളുടെ കാര്യങ്ങളില്‍ മിതത്വം പാലിക്കല്‍. Bookmark the permalink.