കളവ് പറയൽ നിഷിദ്ധമാണ്‌

അല്ലാഹു പറയുന്നു,

”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്.” (ഇസ്‌റാഅ് :36)

”റഖീ്, അതീദ്(അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് :18)

888 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു:ആരെങ്കിലും താൻ സ്വപ്നം കാണാതെ കണ്ടതായി കള്ളം പറഞ്ഞെങ്കിൽ രണ്ട് ഗോതമ്പുമണികൾക്കിടയിൽ കെട്ട് ഇടാൻ അവൻ കൽപ്പിക്കപ്പെടും. അവനാകട്ടെ അതിന് കഴിയില്ലതാനും ഒരു ജനതയുടെ സംസാരം അവരിഷ്ടപ്പെടാതെ വല്ലവനും ശ്രദ്ധിച്ചുകേട്ടാൽ അന്ത്യദിനത്തിൽ അവന്റെ ഇരുചെവികളിലും ഇയ്യം ഉരുക്കി ഒഴിക്കപ്പെടുന്നതാണ്. അപ്രകാരം തന്നെ ഒരു രൂപം വരച്ചവൻ ശ്ക്ഷിക്കപ്പെടുന്നതും അതിന്‌ ജീവൻ കൊടുക്കാൻ അവനോട് കൽപ്പിക്കപ്പെടുന്നതുമാണ്. അവനാണെങ്കിൽ അതിന് സാധ്യമല്ല തന്നെ. ( ുഖാരി)

889 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഒരാൾ തന്റെ കണ്ണുകൾകൊണ്ട് കാണാത്തത് കണ്ട്  എന്ന് പറയലാണ് ഏറ്റവും വലിയ അപവാദം (ബുഖാരി)

890 സമുറത്ത് ബ്‌നുജന്തൽ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: പ്രവാചകൻ(സ) തന്റെ അനുയായികളോട് ധാരാളമായി ഇപ്രകാരം ചോദിക്കാറുണ്ടാ യിരുന്നു. നിങ്ങൾ ആരെങ്കിലും സ്വപ്നം കണ്ടുവോ? അപ്പോൾ അല്ലാഹു ഉദ്ദേശിച്ച ചിലർ തങ്ങൾ കണ്ട സ്വപ്നങ്ങൾ അദ്ദേഹത്തിന് വിവരിച്ചു കൊടുക്കും. ഒരിക്കൽ അദ്ദേഹം പറഞ്ഞു: കഴിഞ്ഞ രാത്രിയിൽ എന്റെ അരികിൽ രണ്ടാളുകൾ വരികയും അവരോടൊത്ത് യാത്ര ചെയ്യുവാൻ അവർ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ ഞങ്ങൾ യാത്ര തുടങ്ങി. ഒരാൾ കിടക്കുന്ന സ്ഥലത്ത് അങ്ങിനെ ഞങ്ങൾ എത്തിച്ചേർന്നു. അവിടെ മറ്റൊരാൾ ഒരു കല്ലുമായി നിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയാൾ കിടക്കുന്ന വ്യക്തിയുടെ തല തല്ലിത്ത കർത്തു കൊണ്ടിരിക്കുന്നു. ആ കല്ല് ദൂരത്തേക്ക് ഉരുണ്ട് പോവുകയും അയാൾ വീണ്ടും അതെടുത്ത് കൊണ്ട് വരികയും ചെയ്യുന്നു. അപ്പോഴേക്കും തല പൂർവ്വസ്ഥിതി പ്രാപിക്കുന്നു. പിന്നീട് അയാൾ അദ്യം ചെയ്ത പോലെതന്നെ വീണ്ടും ആവർത്തിക്കുന്നു. അത് കണ്ട  പ്രവാചകൻ(സ) ചോദിച്ചു. സുബ്ഹാനല്ലാഹ്…എന്താണിത്? അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്ര തുടരാം. അങ്ങിനെ യാത്ര തുടർന്നു. പിന്നീട് ഞങ്ങൾ മലർന്നു കിടക്കുന്ന ഒരാളുടെ അരികിലെത്തി. അവിടെ ഒരു ഇരുമ്പിന്റെ കുളത്തുമായി ഒരാൾ നിൽക്കുന്നുണ്ട് . ആ കുളത്തു കൊണ്ടയാൾ കിടക്കുന്ന മനുഷ്യന്റെ വായയും മൂക്കും കണ്ണും ഒരു ഭാഗത്തിലൂടെ പിരടയിലെത്തുന്നവരേയും കുത്തിക്കീറിക്കൊണ്ടിരിക്കുന്നു. പിന്നീടയാൾ മറുഭാഗത്തേക്ക് മാറിനിന്ന് ആ ഭാഗത്തും ആദ്യം ചെയ്തപോലെ ചെയ്യുന്നു. ആദ്യഭാഗത്ത് നിന്ന് അയാൾ മാറുമ്പോഴേക്കും ആ മുഖം അതിന്റെപൂർവ്വ സ്ഥിതിപ്രാപിക്കുന്നു. വീണ്ടും അയാൾ മുഖം പഴയതു പോലെതന്നെ ആക്കിത്തീർക്കുന്നു. അത് കണ്ട പ്രവാചകൻ(സ) ചോദിച്ചു. സുബ്ഹാനല്ലാഹ് … ആരാണിയാൾ? അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്രതുടരാം. അങ്ങിനെ യാത്ര തുടർന്നു. പിന്നീട് ഞങ്ങൾ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു കുഴിയുടെ അടുത്തെത്തി. റിപ്പോർട്ടർ പറയുന്നു. കരയലും അട്ടഹസിക്കുന്നതുമായ ശബ്ദ കോലാഹലങ്ങൾ കേട്ടിരുന്നുവെന്ന് നബി(സ)പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഞങ്ങൾ അതിലേക്ക് എത്തി നോക്കിയപ്പോൾ നഗ്‌നരായ ധാരാളം സ്ത്രീ പുരുഷൻമാരെ അതിൽ കാണുകയുണ്ടായി. അവരുടെ താഴ്ഭാഗത്തു നിന്ന് തീജ്വാലകൾ ബാധിക്കുമ്പോൾ അവരെല്ലാം അട്ടഹസിക്കുന്നു. നബി(സ)പറഞ്ഞു. അത് കണ്ട പ്രവാചകൻ(സ) ചോദിച്ചു. ആരാണിവർ? അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്രതുടരാം. അങ്ങിനെ യാത്ര തുടർന്നു. ഒരു പുഴവക്കത്ത് എത്തുകയുണ്ടായി. റാവി പറയുന്നു. രക്തംപോലെ ചുവന്ന തായിരുന്നു അതെന്ന് പ്രവാചകൻ(സ) പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഒരാൾ ആ പുഴയിൽ നീന്തുന്നു. മറ്റൊരാൾ കുറേ കല്ലുകൾ തന്റെ അടുത്ത് കൂട്ടി വെച്ചിട്ടുണ്ട് . അയാൾ കഴിയുന്നത്ര നീന്തി കരയോടടുക്കുമ്പോൾ കല്ല് കൂട്ടിയിട്ടവൻ അപരന്റെ വായിലൂടെ കല്ലിട്ട് തീറ്റിക്കുന്നു. നബി(സ)പറഞ്ഞു. അത് കണ്ട പ്രവാചകൻ(സ) ചോദിച്ചു. ആരാണിയാൾ? അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്രതുടരാം. അങ്ങിനെ യാത്ര തുടർന്നു. ഒരു വിരൂപിയായ ഒരാളുടെ അരികിലെത്തി. അവന്റെ അടുത്ത് കുറച്ച്‌ തീയുണ്ട് . ആ തീ കത്തിച്ച് അതിന്റെ പരിസരത്ത് ചുറ്റിക്കറങ്ങുന്നു. നബി(സ)പറഞ്ഞു. അത് കണ്ട  പ്രവാചകൻ(സ) ചോദിച്ചു. ആരാണിവർ? അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്രതുടരാം. അങ്ങിനെ യാത്ര തുടർന്നു. അങ്ങിനെ അവർ വസന്തകാലത്തിലെന്ന പോലെ പുഷ്പങ്ങൾ നിറഞ്ഞ ഒരു പൂങ്കാവനത്തിൽ എത്തിച്ചേർന്നു. അതിന്റെ മുമ്പിൽ നീളമുള്ള ഒരാൾ. അയാളുടെ അമിതമായ നീളം കാരണത്താൽ അയാളുടെ മുഖം കാണാൻ എനിക്ക് പ്രയാസമായി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കുറേ കുട്ടികൾ അയാളുടെ ചുറ്റിലും ഉണ്ടായിരുന്നു. ഇവർ ആരാണെന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ എന്നോട് പറഞ്ഞു. പോകാം, നമുക്ക് യാത്രതുടരാം. അങ്ങിനെ യാത്ര തുടർന്നു. ഒരു വൻവൃക്ഷത്തിന്റെ അരികിലെത്തിച്ചേർന്നു. അതിനേക്കാൾ വലുതും ഭംഗിയുള്ളതുമായ ഒരു വൃക്ഷം ഞാൻ കണ്ടിട്ടില്ല. അവർ പറഞ്ഞു, അതിൻമേൽ കയറൂ. അങ്ങിനെ ഞങ്ങൾ അതിൻമേൽ കയറുകയും സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച ഒരു പട്ടണത്തിൽ എത്തിച്ചേരുകയും ചെയ്തു. പട്ടണവാതിലിൽ എത്തിയ ഞങ്ങൾ അത് തുറക്കാൻ ആവശ്യപ്പെടുകയും അത് തുറക്കുകയും ഞങ്ങൾ അതിൽ പ്രവേശിക്കുകയും ചെയ്തു. അവിടെ ശരീരത്തിന്റെ പകുതി ഭാഗം കാണാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളതും പകുതി ഭാഗത്ത് കാണാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വൈരൂപ്യമുളളവരുമായ ആളുകൾ ഞങ്ങളെ എതിരേറ്റു.എന്റെ കൂട്ടുകാർ അവരോടു പറഞ്ഞു. നിങ്ങൾ വിലങ്ങനെ ഒഴുകുന്നതും പാലുപോലെ വെള്ള നിറമുള്ളതുമായ ആ പുഴയിൽ പോയി കുളിക്കൂ എന്ന് പറഞ്ഞു. അവർ പോയി അതിൽ ചാടി വന്നപ്പോൾ വൈരുപ്യമില്ലാത്ത സുന്ദരമായ രൂപത്തിലാണ് തിരിച്ചെത്തിയത്. നബി(സ)പറഞ്ഞു. അവർ പറഞ്ഞു. ഇതാണ് ജന്നത്തുൽ അദ്ൻ. വാസയോഗ്യമായ വീട്, അതാണ് അങ്ങയുടെ വീട്. അന്നേരം ഞാനൊന്ന് കണ്ണുയർത്തിനോക്കി. വെള്ളമേഘം പോലുള്ളൊരു മാളികയുണ്ടവിടെ. അവർ പറഞ്ഞു. ഇതാണ് അങ്ങയുടെ വീട്. ഞാൻ പറഞ്ഞു. നിങ്ങൾക്ക് അല്ലാഹു ക്ഷേമം നൽകട്ടെ, എന്നെ നിങ്ങൾ ഇവിടെ വിട്ടേക്കൂ. ഞാൻ അതിലൊന്ന് കടന്നു നോക്കട്ടെ. അവർ പറഞ്ഞു. ഇപ്പോൾ അങ്ങേക്ക് അതിൽ പ്രവേശിക്കാൻ പറ്റില്ല. പിന്നീട് താങ്കൾ മാത്രമാണ് അതിൽ പ്രവേശിക്കുക. ഞാൻപറഞ്ഞു. ഇന്നേരാത്രി ഞാൻ കുറേ അത്ഭുതം കണ്ടു . ഞാൻ കണ്ടത് എന്തായിരുന്നു? അവർ പറഞ്ഞു. ഞങ്ങൾ വിവരിച്ചു തരാം. അദ്യമായി കണ്ടതും കല്ലു കൊണ്ട് തല തകർക്കപ്പെടുന്നതുമായ മനുഷ്യൻ ഖുർആൻ മനപാഠമാക്കുകയും എന്നിട്ടത് കൈവെടിയുകയും ഫറള് നമസ്‌കരിക്കാതെ ഉറങ്ങുകയും ചെയ്തവനാണ്. കണ്ണും മൂക്കും വായും പിരടി വരെകുത്തിക്കീറപ്പെടുന്ന ആൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ ലോകം മഴുവൻ പ്രചരിക്കുമാറ് കളവുപറയുന്നവനാണ്. അടുപ്പ് പോലുള്ള കുഴിയിലുണ്ടായിരുന്ന നഗ്‌നകളായ സ്ത്രീ പുരുഷൻമാർ വ്യഭിചരിക്കുന്നവരായിരുന്നു. പുഴയിൽ നിന്ന് നീന്തിക്കയറുമ്പോൾ കല്ലു വിഴുങ്ങിയിരുന്നയാൾ പലിശ ഭക്ഷിച്ചവനായിരുന്നു. തീ കത്തി ക്കുകയും അതിന്റെ ചുറ്റിലും കറങ്ങിനടക്കുകയും ചെയ്ത വിരൂപി നരകത്തെ കാക്കുന്ന മാലിക്ക് എന്ന മലക്കാണ്. പൂങ്കാവനത്തിലുണ്ടായിരുന്ന നീളംകൂടിയ വ്യക്തി ഇബ്‌റാഹീം(അ)യാണ്. പരിസരത്തുണ്ടായിരുന്നവർ ശുദ്ധപ്രകൃതിയിൽ മരണപ്പെട്ട കുട്ടികളാണ്. ബർഖാനിയുടെ റിപ്പോർട്ടിലുള്ളത് ശുദ്ധപ്രകൃതിയിൽ ജനിച്ചവർ എന്നാണ്. അന്നേരം മുസ്‌ലിംകളിൽ ചിലർ ചോദിച്ചു. ബഹുദൈവ വിശ്വാസികളുടെ കുട്ടികളോ? അപ്പോൾ പ്രവാചകന്‍ (സ) പറഞ്ഞു. ബഹുദൈവവിശ്വാസികളുടെ കുട്ടികളും. ശരീരത്തിന്റെ പകുതി ഭാഗം കാണാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും സൗന്ദര്യമുള്ളതും പകുതി ഭാഗത്ത് കാണാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വൈരൂപ്യമുളളവരുമായ ആളുകളായി കാണപ്പെട്ടവർ സൽകർമ്മങ്ങളും ദുഷ്‌കർമ്മങ്ങളും പ്രവർത്തിച്ചവരും പിന്നീട് വിട്ട് വീഴ്ചനൽകപ്പെട്ടവരുമാണ്. (ബുഖാരി)

36. അബ്ദുല്ലഹിബ്‌നുമസ്ഊദ്(റ) നിവേദനം: സത്യം പറയൽ നന്മയിലേക്കും സ്വർഗത്തിലേക്കും നയിക്കും. ഒരു മനുഷ്യൻ സത്യം പറയുന്ന ശീലം വളർത്തുന്ന പക്ഷം അല്ലാഹുവിങ്കൽ അവൻ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുർവൃത്തിയിലേക്കും, ദുർവൃർത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യൻ കള്ളം പറയാൻ തുടങ്ങിയാൽ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര്  അല്ലാഹുവിങ്കൽ രേഖപ്പെടുത്തും. (ബുഖാരി)

406 അബ്ദുല്ലാ ഇബ്‌നു അംറബ്‌നുൽ ആസ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി (സ) പറഞ്ഞു: നാലു കാര്യങ്ങൾ ആരിലെങ്കിലും ഉണ്ടെങ്കിൽ അയാൾ തനിച്ച കപടനായിരിക്കും. ആ കാര്യങ്ങളിൽ ഏതെങ്കിലും ഒരു സ്വഭാവം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതുവരെയും കാപട്യത്തിന്റെ ലക്ഷണം അയാളിൽ ഉണ്ടായിരിക്കുന്നതാണ്. വിശ്വസിച്ചാൽ ചതിക്കുക, സംസാരിച്ചാൽ കളവ് പറയുക, വാഗ്ദത്വം ചെയ്താൽ ലംഘിക്കുക, പിണങ്ങിയാൽ പൊറുതികേട് കാണിക്കുക ) (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 17: നിഷിദ്ധങ്ങൾ. Bookmark the permalink.