അല്ലാഹു പറയുന്നു.
”അവർ ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കുന്നു. എന്നാൽ അല്ലാഹുവിൽ നിന്ന് ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്തവാക്കുകളിലൂടെ അവർ രാത്രിയിൽ ഗൂഢാലോചന നടത്തുമ്പോൾ അവൻ അവരുടെ കൂടെതന്നെയുണ്ട് . അവർ പ്രവർത്തിക്കുന്നതെല്ലാം പൂർണ്ണമായി അറിയുന്നവനാകുന്നു”.(നിസാഅ് :108)
886 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ജനങ്ങളെ വിവിധ തരക്കാരായി നിനക്കു കാണാൻകഴിയും. ജാഹിലിയ്യാകാലത്ത് ഉൽകൃഷ്ടർ പാണ്ഢിത്യം നേടിയവരാണെങ്കിൽ ഇസ്‌ലാമിലും അവർ ഉൽകൃഷ്ടരാണ്. ഇക്കാര്യത്തിൽ(ഭരണകാര്യത്തിൽ) കൂടുതൽ വെറുപ്പുള്ളവരാണ് ജനങ്ങളിൽ ഉൽകൃഷ്ടർ. ഇവരുടെ അടുത്ത് ഒരു മുഖത്തോടെയും അവരുടെ അടുത്ത് മറ്റൊരു മുഖത്തോടെയും ചെല്ലുന്ന ഇരുമുഖൻ ജനങ്ങളിൽ ഏറ്റവും ദുഷിച്ചവനായി നിനക്കു കാണാൻ കഴിയും. (മുത്തഫഖുൻ അലൈഹി)
887 മുഹമ്മദ് ഇബ്‌നുസൈദ്(റ)വിൽ നിന്ന് നിവേദനം: കുറേയാളുകൾ എന്റെ പിതാമഹൻ അബ്ദുല്ല(റ)യോട് പറഞ്ഞു. ഞങ്ങൾ സുൽത്താൻമാരുടെ സന്നിധിയിൽ ചെല്ലുമ്പോളുള്ള സംസാരവും അവിടുന്ന് പുറത്തു വന്നാലുള്ള സംസാരവും വിഭിന്നമായിരിക്കും. പിതാമഹൻ പറഞ്ഞു. ഇതൊക്കെ നബി(സ)യുടെ കാലത്ത് കാപട്യമായിട്ടാണ് ഞങ്ങൾ കണക്കാക്കിയിരുന്നത്. (ബുഖാരി)