അല്ലാഹു പറയുന്നു.
”നിങ്ങളിൽ ചിലർചിലരെ പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചു പറയരുത്. നിങ്ങളിലൊരാൾ തന്റെ സഹോദരന്റെ ശവം ഭക്ഷിക്കാനിഷ്ടെപ്പടുമോ? നിങ്ങളത് വെറുക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. നിശ്ചയം അല്ലാഹു പാശ്ചാതാപം സ്വീകരിക്കുന്ന വനും കാരുണ്യവാനുമാണ്.”(ഹുജറാത്ത് 12)
‘
”നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെ പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.”(ഇസ്‌റാഅ് 36)
‘റഖീ്, അതീദ് (അ) എന്നീ രണ്ട് മലക്കുകളുടെ സാനിധ്യത്തിലല്ലാതെ മനുഷ്യൻ യാതൊന്നും ഉച്ചരിക്കുന്നില്ല”.(ഖാഫ് 18) ഗുണകരമല്ലാത്ത മുഴുവൻ കാര്യങ്ങളിൽ നിന്നും തന്റെ നാവിനെ സൂക്ഷിക്കൽ നിർബന്ധമാണ്. പൊതു ഗുണത്തിനായി മൗനം ദീക്ഷിക്കലാണ് ഉത്തമം എങ്കിൽ നാവിനെ നിയന്ത്രിക്കുക, കാരണം ചിലപ്പോൾ സംസാരം തെറ്റായ കാര്യത്തിലേക്ക് നയിച്ചേക്കാം.പൊതുവെ അതാണ് കാണപ്പെടുന്നതും.
867 സഹൽ ഇബ്‌നു സഅദ്(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും തന്റെ താടിയെല്ലിന്റെ ഇടയിലുള്ളതിനെയും കാലുകൾക്കിടയിലുള്ളതിനെയും സൂക്ഷിക്കാമെന്ന് എനിക്ക് ജാമ്യം തന്നാൽ സ്വർഗം ഞാനവന് ജാമ്യം നൽകുന്നതാണ്.(മുത്തഫഖുൻ അലൈഹി)
868 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് കേട്ടു. മനുഷ്യൻ തനിക്ക് അവ്യക്തമായ ചില വാക്കുകൾ ഉച്ചരിക്കും. അതുവഴി അവൻ ഉദയാസ്തമയ സ്ഥലങ്ങൾക്കിടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപോകും.(മുത്തഫഖുൻ അലൈഹി)
869 ബിലാൽ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. മനുഷ്യൻ അല്ലാഹുവിന് ഇഷ്ടമുള്ള ചിലവാക്ക് സംസാരിക്കും. അത് എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവൻ വിചാരിച്ചിട്ടുണ്ടാകില്ല. അതുവഴി അല്ലാഹു അവന് അന്ത്യനാൾ വരെ തന്റെ തൃപ്തി നൽകുന്നതായിരിക്കും. അപ്രകാരം തന്നെ മനുഷ്യൻ അല്ലാഹുവിന് ഇഷ്ടമില്ലാത്ത ചില വാക്ക് സംസാരിക്കും അത് എന്തുമാത്രം കുറ്റകരമാണെന്ന് അവൻ ചിന്തിച്ചിട്ടുണ്ടാവില്ല. അതുവഴി അന്ത്യനാൾ വരെ അല്ലാഹു അവനോട് കോപിക്കുന്നതാണ്. (തിർമുദി, മുവത്ത്വ)
870 ഉഖ് ത്ത് ഇബ്‌നു ആമിർ(റ) വിൽ നിന്ന് നിവേദനം, ഞാൻ ചോദിച്ചു,പ്രവാചകരേ മോക്ഷമാർഗമേതാണ്? അദ്ദേഹം പറഞ്ഞു. നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാകുക,പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിർമുദി)
871 മുആദ്(റ) വിൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു. പ്രവാചകരേ,നരകത്തിൽ നിന്നെന്നെ അകറ്റുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമേതാണെന്ന് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു: വലിയ ഒരു കാര്യത്തെപറ്റിയാണ്നീ ചോദിച്ചത്. അല്ലാഹു എളുപ്പമാക്കി കൊടുത്തവർക്ക് നിഷ്പ്രയാസം ചെയ്തു തീർക്കാൻ കഴിയുന്നതാണ് അത്. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്കുചേർക്കാതിരിക്കുക, കൃത്യ നിഷ്ഠയോടെ നമസ്‌കാരം നിലനിർത്തുക, നിർബന്ധ ദാനം കൊടുത്തുവീട്ടുക, സാധ്യമെങ്കിൽ ഹജ്ജ് നിർവ്വഹിക്കുക എന്നിവയാണവ. പിന്നീട് അദ്ദേഹം ചോദിച്ചു. വിവിധ ഇനം നൻമകൾ ഞാൻ നിനക്ക് അറിയിച്ചുതരട്ടെയോ? നോമ്പ് പരിചയാണ്. വെള്ളം അഗ്നിയെ കെടുത്തുന്ന പ്രകാരം ധർമ്മവും രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരവും പാപങ്ങളെ കെടുത്തിക്കളയും. പിന്നീട് അദ്ദേഹം തഹജ്ജുദ് നമസ്‌കാരത്തെ പറ്റി ഓതിക്കേൾപ്പിച്ചു:
(ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങൾ വിട്ട് അവരുടെ പാർശ്വങ്ങൾ അകലുന്നതാണ്. അവർക്ക് നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യും. എന്നാൽ അവർ പ്രവർത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കൺകുളിർപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവർക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാൾക്കും അറിയാവുന്നതല്ല.) (സജദ: 16,17)
പിന്നീട് അദ്ദേഹം ചോദിച്ചു. കാര്യങ്ങളുടെ ശിരസ്സും, സ്തംഭവും നെറുകയും ഏതാണെന്ന് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ? അതിന്റെ ശിരസ്സ് ഇസ്‌ലാമാണ്. സ്തംഭം നമസ്‌കാരമാണ്. നെറുകയിലുള്ളത് ജിഹാദാണ്. അദ്ദേഹം വീണ്ടും ചോദിച്ചു. ഇവയുടെ താങ്ങ് ഞാൻ പറഞ്ഞുതരട്ടെയോ? ഞാൻ പറഞ്ഞു, അതെ പ്രവാചകരേ. അപ്പോൾ അദ്ദേഹം തന്റെ നാവ് പിടിച്ചിട്ട് പറഞ്ഞു. നീ ഇതിനെ തടുത്തുകൊള്ളുക. ഞാൻ ചോദിച്ചു പ്രവാചകരേ. ഞങ്ങളുടെ സംസാരം നിമിത്തം ഞങ്ങൾ ശിക്ഷിക്കപ്പെടുമോ? അദ്ദേഹം പറഞ്ഞു നിന്റെ ഉമ്മക്ക് നിന്നെ ഇല്ലാതാക്കട്ടെ, ജനങ്ങളെ നരകത്തിൽ മുഖം കുത്തിവീഴ്ത്തുന്നത് നാവ് കൊയ്‌തെടുക്കുന്നതല്ലാതെ മറ്റെന്താണ്.(തിർമുദി)
872 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)ചോദിച്ചു, പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു, അല്ലാഹുവും പ്രവാചകനുമാണ് കൂടുതൽ അറിയുന്നവർ. അദ്ദേഹം പറഞ്ഞു നിന്റെ സഹോദരനെ പറ്റി അവനിഷ്ടമില്ലാത്തത് പറയലാണത് അന്നേരം ചോദിക്കപ്പെട്ടു. ഞാൻ പറയുന്നത് ഉള്ളതാണെങ്കിലോ? അദ്ദേഹം പറഞ്ഞു. നീ പറയുന്നത് ഉള്ളതാണെങ്കിൽ നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണെങ്കിൽ നീ കളവും പറഞ്ഞു.(മുസ്‌ലിം)
873 അബൂബക്കർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. പ്രവാചകൻ(സ) തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. നിശ്ചയം ഈ നാട്ടിൽ, ഈമാസത്തിൽ, ഈ ദിവസത്തിൽ എത്രമാത്രം പവിത്രതയുണ്ടോ അപ്രകാരം നിങ്ങളുടെ രക്തവും അഭിമാനവും ധനവും പവിത്രമാണ്. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ (മുത്തഫഖുൻഅലൈഹി)
874 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ)യോട് ഞാൻ പറഞ്ഞു. സ്വഫിയ്യയുടെ ഇന്നിന്ന ന്യൂനത തന്നെ മതിയല്ലോ. ചിലറിപ്പോർട്ടർമാർ പറഞ്ഞു, കുറിയവർ എന്നാണ് ആയിശ (റ)ഉദ്ദേശിച്ചത്. നബി (സ)പറഞ്ഞു. കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തിൽ അത് ലയിപ്പിച്ചാൽ അതിനെ കലക്കിക്കളയും.ആയിശ(റ) പറഞ്ഞു. നബി(സ)ക്ക് ഞാൻ ഒരാളെ ഉദ്ധരിച്ചു കൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും മറ്റൊരാളെ ഉദ്ധരിക്കാൻ എനിക്കിഷ്ടമില്ല. (അബൂ ദാവൂദ്, തിർമുദി)
875 അനസ്(റ)വിൻ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു. ജിബ്‌രീലേ(അ) ആരാണിവർ? അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ. (അൂദാവൂദ്)
876 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: മുസ്‌ലിമിന്റെ സർവ്വതും മറ്റൊരു മുസ്‌ലിമിന് നിഷിദ്ധമാണ്. അഥവാ അവന്റെ രക്തവും അഭിമാനവും ധനവും. (മുസ്‌ലിം)
146. അബൂബകറത്ത്(റ) നിവേദനം: ബലിയുടെ ദിനത്തിൽ (ദുൽഹജ്ജ് 10ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം, നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസം പോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ട് മുട്ടുക തന്നെ ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചവൻ നിങ്ങളോട് ചോദിക്കും. ജനങ്ങളെ, എനിക്ക് ശേഷം നിങ്ങൾ പരസ്പരം കഴുത്ത് വെട്ടി അവിശ്വാസികളാവരുത്. ഇവിടെ ഇപ്പോൾ സന്നിഹിതരായവർ സന്നിഹിതരാവാത്തവർക്ക് ഈ വാർത്ത എത്തിച്ചു കൊടുക്കട്ടെ. സന്നിഹിതരായി ഇത് കേൾക്കുന്ന പലരേക്കാളും പിന്നീട് ഇത് കേട്ടു ഗ്രഹിക്കുന്നവരുമുണ്ടായേക്കാം. പിന്നീട് അവിടുന്ന് ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു: ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നില്ലയോ? ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നില്ലയോ? ഞങ്ങൾ പറഞ്ഞു അതെ തീർച്ചയായും. അവിടുന്ന് പറഞ്ഞു: അല്ലാഹുവേ നീ സാക്ഷിയാണ്. (മുത്തഫഖുൻ അലൈഹി)