ഔലിയാക്കളുടെ സവിശേഷതകളും ബഹുമതികളും

അല്ലാഹു പറയുന്നു:

(നിശ്ചയം അല്ലാഹുവിന്റെ ഔലിയാക്കൾക്ക് യാതൊരു ഭയവുമില്ല. അവർ ദുഖിക്കുന്നവരുമല്ല. വിശ്വസിച്ചവരും ദോഷാധയെ സൂക്ഷിച്ചവരുമാണവർ. ഇഹത്തിലും പരത്തിലും അവർക്ക് സന്തോഷമുണ്ട് . അല്ലാഹുവിന്റെ തീരുമാനങ്ങൾക്ക് യാതൊരു മാറ്റവുമില്ല.അതെത്രെ മഹത്തായ വിജയം (യൂനുസ് :62)

”നീ ഈത്തപ്പന കുലുക്കികൊള്ളുക, അത് നിനക്ക് പഴുത്ത പഴങ്ങൾ വീഴ്ത്തിതരും അത് ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക”.(ത്വാഹ :25 )

മിഹ്‌റാബിൽ (പ്രാർത്ഥനാവേദിയിൽ) അവളുടെ അടുക്കൽ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മർയമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്? അവൾ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്നതാകുന്നു. തീർച്ചയായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്ക് നോക്കാതെ നൽകുന്നു. (3/37)

”അവരെയും അല്ലാഹു ഒഴികെ അവർ ആരാധിച്ചിരുന്നതിനെയും നിങ്ങൾ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾ ആ ഗുഹയിൽ അഭയം പ്രാപിച്ചുകൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തിൽ നിന്ന് നിങ്ങൾക്ക് വിശാലമാക്കി നൽകുകയും നിങ്ങളുടെ കാര്യത്തിൽ സൗകര്യ മേർപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്. സൂര്യൻ ഉദിക്കുമ്പോൾ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമിക്കുമ്പോൾ അതവരെ വിട്ട്ക്കടന്ന് ഇടതുഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. ”.(കഹ്ഫ് 16,17)

863 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. മുമ്പ് കഴിഞ്ഞുപോയ ആളുകളിൽ ചില ഇൽഹാം (വെളിപാട്) നൽകപ്പെട്ടവരുണ്ടായിരുന്നു. അതുപോലെ എന്റെ സമുദായത്തിൽ ഒരാൾ ഉണ്ടാകുന്ന പക്ഷം അത് ഉമറായിരിക്കും. ( ബുഖാരി)

ആയിശ(റ)വിൽ നിന്നുള്ള ഒരു റിപ്പോർട്ടിൽ കാണാം. ഇതിലെ ”മുഹദ്ദിസ് ‘ എന്നാൽ ‘മുൽഹിം’ എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്.

864 ജാബിർ(റ)വിൽ നിന്ന് നിവേദനം: ഉഹ്ദ് യുദ്ധം ആസന്നമായ ഒരു രാത്രി എന്റെ പിതാവ് എന്നെ വിളിച്ചു പറഞ്ഞു. നബി(സ)യുടെ അനുചരൻമാരിൽ നിന്ന് ആദ്യമായി കൊലചെയ്യപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനുണ്ടാകുമെന്നാണ് എന്റെ വിചാരം. നബി(സ)ക്ക് ശേഷം നിന്നെക്കാൾ പ്രിയപ്പെട്ട ആരെയും ഞാൻ ഒഴിവാക്കി പോകുന്നില്ല. എനിക്ക് കുറച്ച് കടങ്ങളുണ്ട് , നീ അത് വീട്ടണം. സഹോദരികളോട് നീ സൗമനസ്യം കാട്ടണം. അടുത്ത ദിവസമായപ്പോൾ അദ്ദേഹമായിരുന്നു ആദ്യം രക്തസാക്ഷിയായത്. അദ്ദേഹത്തിന്റെ  ഖബറിൽ ഒരാളെ കൂടി മറമാടിയിരുന്നു. അത് എനിക്ക് നന്നായി തോന്നിയില്ല. ആറുമാസത്തിനു ശേഷം ഞാനത് മാന്തിയെടുത്തു. അന്നേരം ഒരു ചെവി ഒഴിച്ച് മററു ഭാഗങ്ങളെല്ലാം ഞാൻ മറമാടിയ ദിവസത്തെപ്പോലെ സുരക്ഷിതമായിരുന്നു. ശേഷം ഞാൻ അദ്ദേഹത്തെ ഒറ്റക്ക് ഒരു ഖബറിൽ മറമാടി.( ബുഖാരി)

865 അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ സ്വഹാബികളിൽ രണ്ടു പേർ കൂരിരുട്ടുള്ള ഒരു രാത്രിയിൽ പ്രവാചക(സ) സന്നിധിയിൽ നിന്ന് പുറപ്പെട്ടു. അവരുടെ മുന്നിൽ വിളക്കുപോലുള്ള രണ്ടെണ്ണമുണ്ടായിരുന്നു. അവർ വഴിപിരിഞ്ഞപ്പോൾ അവ അവർ വീടുകളിലെത്തുന്നവരെ രണ്ടു പേർക്കും ഓരോന്നായി മാറി. (ബുഖാരി)

ചില റിപ്പോർട്ടുകളിൽ ഉസൈദ് നു ഫുളൈൽ ഉബ്ബാദത്ത്ബ്‌നുബിഷ്ർ എന്നീ രണ്ട് ആളുകൾ ആയിരുന്നു അത് എന്നും കാണാം .

866 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഏതെങ്കിലും ഒരു കാര്യം ഇപ്രകാരമായിരിക്കുമെന്ന് ഉമർ(റ) പറഞ്ഞതെല്ലാം അപ്രകാരം സംഭവിക്കാതിരുന്നതായി ഞാൻ കേട്ടിട്ടില്ല. (ബുഖാരി)

This entry was posted in അദ്ധ്യായം 16 : പ്രാർത്ഥന. Bookmark the permalink.