അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരത്തിന്‍റെ പ്രാധാന്യം

ബഹുദൈവ വിശ്വാസികൾ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുക.അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക. (തൗബ: 36)

യുദ്ധം ചെയ്യാൻ നിങ്ങൾക്കിതാ നിർബന്ധ കൽപന നൽകപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങൾക്ക് അനിഷ്ടകരമാകുന്നു. എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർത്ഥത്തിൽ)അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർത്ഥത്തിൽ) നിങ്ങൾക്കത്  ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല. (ബഖറ: 216)

നിങ്ങൾ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധർമ്മസമരത്തിന്) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ സമരം ചെയ്യുക. (തൗബ: 41)

തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്ക്  സ്വർഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ  മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവർ സ്വർഗാവകാശികളാകുന്നു.) തൗറാത്തിലും ഇൻജീലിലും ഖുർആനിലും തന്റെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്റെ  കരാർ നിറവേറ്റുന്നവനായി ആരുണ്ട് ? അതിനാൽ നിങ്ങൾ(അല്ലാഹുവുമായി)നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതു തന്നെയാണ്മഹത്തായ ഭാഗ്യം.(തൗബ:111)

ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ  മാർഗത്തിൽ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാൾ അല്ലാഹു പദവിയിൽ ഉയർത്തിയിരിക്കുന്നു. എല്ലാവർക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സമരത്തിൽ ഏർപെടുന്നവർക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നൽകുന്നതാണ്. (നിസാഅ്: 95)

സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ? നിങ്ങൾ അല്ലാഹുവിലും അവന്റെ  ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ  മാർഗത്തിൽ നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും നിങ്ങൾ സമരം ചെയ്യുകയും വേണം.അതാണ് നിങ്ങൾക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങൾ അറിവുള്ളവരാണെങ്കിൽ.എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. നിങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവൻ നൽകുന്നതാണ്.) അതെ, അല്ലാഹുവിങ്കൽ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബി(സ)യേ) സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക. (സ്വഫ് : 10 – 13)

750. അബൂദർറ്(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു.ഞാൻ ഒരിക്കൽ ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ  പ്രവാചകരേ, കർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവിൽ വിശ്വസിക്കലും അവന്റെ മാർഗ്ഗത്തിലുള്ള സമരവുമാണ്. (മുത്തഫഖുൻ അലൈഹി)

751. സഹ്‌ല് ബ്‌നുസഅദ്(റ) വിൽനിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ ഒരു ദിവസമെങ്കിലും ശത്രുക്കളെ കാത്തിരിക്കുന്നത് ദുനിയാവും അതിലുള്ളവയെല്ലാം ലഭിക്കുന്നതിനേക്കാൾ മഹത്തായതാണ്. സ്വർഗ്ഗത്തിൽ ഒരു ചാട്ടവാർ വെക്കാനുള്ള സ്ഥലം ലഭിക്കുന്നത് ദുനിയാവും അതിലുള്ളവയെല്ലാം ലഭിക്കുന്നതിനേക്കാൾ മഹത്തായതാണ്. ഒരാൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ രാവിലെയോ വൈകുന്നേരമോ ഇറങ്ങിപ്പുറപ്പെടുന്നത് ദുനിയാവും അതിലുള്ളവയെല്ലാം ലഭിക്കുന്നതിനേക്കാൾ മഹത്തായതാണ്. (മുത്തഫഖുൻ അലൈഹി)

752. ഫുളാലത്ത് ബ്‌നുഉബൈദ് (റ)വിൽനിന്ന് നിവേദനം:നബി(സ)പറഞ്ഞു: മരണപ്പെടുന്ന മുഴുവനാളുകളുടേയും പ്രവർത്തനങ്ങൾ മുദ്രവെക്കപ്പെടുന്നതാണ്. എന്നാൽ അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ ശത്രുക്കളെ കാത്തിരിക്കുന്നവരുടേതൊഴികെ. അന്ത്യനാൾവരെയും അവരുടെ കർമ്മങ്ങൾ വളർന്നു കൊണ്ടിരിക്കുകയും ഖബർ ശിക്ഷയിൽ നിന്ന് അവർക്ക് നിർഭയത്വം ലഭിക്കുകയും ചെയ്യുന്നതാണ്.
(അബൂദാവൂദ്, തിർമുദി)

753. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പരിക്കേറ്റുണ്ടാ വുന്ന മുറിവുകളിൽ നിന്ന് രക്തംവാർന്നു കൊണ്ടായിരിക്കും അന്ത്യനാളിൽ അയാൾ വരുന്നത്. അതിന് രക്തത്തിന്റെ  നിറമാണെങ്കിലും കസ്തൂരിയുടെ സുഗന്ധമായിരിക്കും. (മുത്തഫഖുൻ അലൈഹി)

754. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ)യോട് ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ  പ്രവാചകരേ, അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ സമരം ചെയ്യുന്നത് എന്തിനോടാണ് തുല്യമാവുക? അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾക്കതിന് സാധ്യമല്ല.രണ്ടു  മൂന്ന് പ്രാവശ്യം അവർ അത് ആവർത്തിച്ചു. അപ്പോഴെല്ലാം അദ്ദേഹം പറഞ്ഞു. നിങ്ങൾക്കതിന് സാധ്യമല്ല. പിന്നീട് അവിടുന്നു പറഞ്ഞു: അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ യുദ്ധംചെയ്യുന്നവന്റെ  അവസ്ഥ യുദ്ധത്തിന് പോയവൻ തിരിച്ചു വരുന്നവരേയും ക്ഷീണിക്കാതെ നോമ്പെടുക്കുകയും ഖുർആൻ ഓതി നമസ്‌കരിക്കുകയും ചെയ്യുന്നവനെപ്പോലെയാകുന്നു. (മുത്തഫഖുൻ അലൈഹി)

755. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ സമരം ചെയ്യുന്ന പോരാളികൾക്കായ് അല്ലാഹു സ്വർഗ്ഗത്തിൽ തയ്യാറാക്കിവച്ചിരിക്കുന്ന നൂറ് പദവികളുണ്ട്. ഓരോ ഈരണ്ട് പദവികൾക്കിടയിലും ആകാശ ഭൂമികൾക്കിടയിലുള്ളത്ര വിശാലതയുണ്ട് . (ബുഖാരി )

756. അബീബക്കറ ഇബ്‌നു അബൂമൂസൽ അശ്അരീ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ സന്നിദ്ധിയിൽ വെച്ച് എന്റെ  പിതാവ് പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് . നബി(സ) പറഞ്ഞിരിക്കുന്നു. നിശ്ചയം സ്വർഗ്ഗീയ കവാടങ്ങൾ വാളിന്റെ  നിഴലുകളിലാണ്. അത് കേട്ടപ്പോൾ പരുപരുത്ത വസ്ത്രധാരിയായ ഒരാൾ എഴുന്നേറ്റ് നിന്ന് ഇപ്രകാരം ചോദിച്ചു. അല്ലയോ അബൂ മൂസ, ഇത് നബി(സ)പറയുന്നതായി നീ കേട്ടിട്ടുണ്ടോ? അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. ശേഷം അദ്ദേഹം തന്റെ  സുഹൃത്തുക്കളുടെ അടുക്കലേക്ക് പോവുകയും അവരോട് സലാം പറഞ്ഞ് തന്റെ  വാളുറ വലിച്ചുകീറി വാളുമായി ശത്രുക്കളുടെ അടുക്കലേക്കോടുകയും യുദ്ധം ചെയ്ത് രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. (മുസലിം)

757. അബൂഅബസ് അബ്ദുറഹ്മാൻ ബ്‌നുജുബൈർ(റ)വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ കാൽപാദങ്ങളിൽ പൊടിപിടിച്ച ഒരാളേയും നരകം സ്പർശിക്കുന്നതേയല്ല (ബുഖാരി)

758. അനസ്(റ) വിൽനിന്ന് നിവേദനം: അസ്‌ലം ഗോത്രത്തിൽ പെട്ട ഒരു യുവാവ് നബി(സ)യുടെ അരികിൽ വന്നു പറഞ്ഞു.അല്ലാഹുവിന്റെ  പ്രവാചകരേ, ഞാൻ യുദ്ധത്തിൽ പങ്കെടുക്കണം എന്ന് ഉദ്ദേശിക്കുന്നു. എന്നാൽ അതിനുള്ള സാമഗ്രികളൊന്നും എന്റെ കൈവശമില്ല. ഞാൻ എന്തു ചെയ്യും? അപ്പോൾ അവിടുന്ന് പറഞ്ഞു. നീ ഇന്ന വ്യക്തിയെ സമീപിക്കുക. അദ്ദേഹം യുദ്ധത്തിനുള്ള സാമഗ്രികളെല്ലാം സജ്ജീകരിച്ചിട്ടുണ്ട് പക്ഷേ, രോഗിയായിരിക്കുകയാണ്. അതിനാൽ അത് നൽകാൻ പറയുക. ഉടനെ അദ്ദേഹം പ്രസ്തുത വ്യക്തിയെ സമീപിക്കുകയും നബി(സ)യുടെ സലാം അറിയിക്കുകയും ചെയ്തു. ശേഷം അദ്ദേഹം യുദ്ധത്തിനുള്ള സജ്ജീകരിച്ചിട്ടുള്ള സാമഗ്രികളെല്ലാം തനിക്ക് നൽകാൻ പ്രവാചകൻ(സ) പറഞ്ഞിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം തന്റെ  പത്‌നിയെ വിളിച്ചുകൊണ്ട് അവ കൈമാറാൻ ആവശ്യപ്പെടുകയും യാതൊന്നും നൽകാതിരിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: യാതൊന്നും തടഞ്ഞുവെക്കാതിരിക്കുന്നുവെങ്കിൽ അതിൽ അല്ലാഹുവിന്റെ  അനുഗ്രഹം ചൊരിയുകതന്നെ ചെയ്യുമെന്ന് ഉണർത്തുകയും ചെയ്തു. (മുസ്‌ലിം)

759. അനസ്(റ) വിൽനിന്ന് നിവേദനം: നബി (സ)പറഞ്ഞു:രക്തസാക്ഷിത്വം വരിച്ച് മരണപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവരല്ലാത്ത മറ്റൊരാളും പിന്നീട് ഭൂമുഖത്തേക്ക് തിരിച്ചുവരാൻ കൊതിക്കുന്നതേയല്ല, എന്നാൽ അവർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന ആദരവു കാരണം വീണ്ടും വീണ്ടും പോരാടി രക്തസാക്ഷിത്വം വരിക്കാനായി ഭൂമിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. (മുത്തഫഖുൻ അലൈഹി)

760. അബ്ദുല്ല ബ്‌നുഅംറ്ബ്നുആസ്(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: കടം ഒഴിച്ച് മറ്റെല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും. (മുസ്‌ലിം)

761. സമുറ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു.നബി(സ)പറഞ്ഞിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ രണ്ടാളുകൾ എന്റെ അടുക്കൽ വരികയും എന്നെയും കൊണ്ട് ഒരു മരത്തിൽ കയറി ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ ഒരു ഭവനത്തിൽ പ്രവേശിക്കുകയും ചെയ്തു. അതിനേക്കാൾ ഉത്തമമായ ഒരു ഭവനവും ഞാൻ കണ്ടിട്ടേയില്ല.ശേഷം അവർ രണ്ടു പേരും പറഞ്ഞു. ഇത് ശുഹദാക്കൾക്കുള്ള ഭവനമാകുന്നു. (ബുഖാരി)

762. സഹ്‌ല് ബ്‌നുസഅദ്(റ) വിൽനിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: രണ്ടു  കാര്യങ്ങൾ തിരസ്‌കരിക്കപ്പെടുന്നതേയല്ല. ബാങ്കിനോടനുബന്ധിച്ചുള്ള പ്രാർത്ഥനയും രണാങ്കണത്തിൽ വെച്ച് പരസ്പരം പോരടിക്കുമ്പോഴുള്ള പ്രാർത്ഥനയും. (അബൂദാവൂദ് )

763. അനസ്(റ) വിൽനിന്ന് നിവേദനം: യുദ്ധത്തിന് പുറപ്പെടുമ്പോൾ നബി(സ)ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ നീയാണ് എന്റെ  സഹായി, നിന്റെ  പേരിൽ മാത്രമണ്ടാണ് ഞാൻ ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്. നിന്റെ പേരിൽ മാത്രമാണ് ഞാൻ ശത്രുക്കളോട് എതിർക്കുന്നതും രണാങ്കണത്തിൽ വെച്ച് പോരാടുന്നതും.(അബൂദാവൂദ്, തിർമുദി)

764. ഇബ്‌നുഉമർ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: അന്ത്യനാൾവരെ കുതിരയുടെ മൂർദ്ധാവിൽ നൻമ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. (മുത്തഫഖുൻ അലൈഹി)

765. ഉഖ്ബ (റ) വിൽനിന്ന് നിവേദനം: നബി(സ)മിമ്പറിൽ വെച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ശത്രുക്കൾക്കെതിരിൽ നിങ്ങളുടെ കഴിവിന്റെ  പരമാവധി ശക്തി സംഭരിക്കുക. അറിയുക ശക്തി അമ്പ് തൊടുത്തു വിടലാണ്. ശക്തി അമ്പ് തൊടുത്തു വിടലാണ്. ശക്തി അമ്പ് തൊടുത്തു വിടലാണ്. (മുസ്‌ലിം)

766. ഉഖ്ബ (റ) വിൽനിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. നിങ്ങൾ ചില പ്രദേശങ്ങൾ വിജയിച്ചടക്കുക തന്നെ ചെയ്യും. നിങ്ങൾക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവുക തന്നെ ചെയ്യും. എങ്കിലും നിങ്ങൾ അമ്പിന്റെ കാര്യത്തിൽ അശ്രദ്ധാലുക്കളാവരുത് . (മുസ്‌ലിം)

767. ഉഖ്ബ(റ) വിൽനിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. അമ്പെയ്യാൻ പഠിക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയതാൽ അവൻ നമ്മിൽപ്പെട്ടവനല്ല. അല്ലെങ്കിൽ അവൻ നമ്മെധിക്കരിച്ചവനാണ്. (മുസ്‌ലിം)

768. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു:വല്ലവനും(യുദ്ധവേളയിൽ) യുദ്ധംചെയ്യാതെയോ ചെയ്യണമെന്ന് മനസ്സിൽ വിചാരിക്കാതെയോ മരണപ്പെട്ടാൽ കാപട്യത്തിൽ നിന്നുള്ള ഒരംശ വുമായിട്ടണ്ടാണ് അവൻ മരണപ്പെട്ടത്.( മുസ്‌ലിം)

769. അനസ്(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: ധനം,നാവ്, ശരീരം എന്നിവ കൊണ്ട് നിങ്ങൾ ബഹുദൈവ വിശ്വാസികളോട് ധർമ്മ സമരം ചെയ്യുക (അൂദാവൂദ്)

770. ജാബിർ(റ) വിൽനിന്ന് നിവേദനം: നബി(സ)പറഞ്ഞു: യുദ്ധം ഒരു തന്ത്രമാണ്. (മുത്തഫഖുൻ അലൈഹി)

35. അബ്ദുല്ലാഹിബ്‌നു അബീഔഫ് (റ)വിൽ നിന്ന് നിവേദനം: ശത്രുക്കളുമായി നബി(സ)ഏറ്റുമുട്ടിയ ഒരു ദിവസം സൂര്യൻ അസ്തമിക്കാറായപ്പോൾ അവർക്കിടയിൽ എഴുന്നേറ്റ് നിന്ന് ഇങ്ങിനെ പറയുകയുണ്ടായി. ജനങ്ങളെ, നിങ്ങൾ ശത്രുക്കളുമായുള്ള ഏറ്റുമുട്ടൽ കൊതിക്കരുത്. അല്ലാഹുവിനോട് ആശ്വാസം ചോദിക്കുകയും ചെയ്യുക. ഏറ്റുമുട്ടേണ്ട ഘട്ടം എത്തിയാൽ നിങ്ങൾ ക്ഷമിക്കുകയും വാളുകൾക്ക് താഴെയാണ്സ്വർഗമെന്ന് നിങ്ങൾ അറിയുകയും ചെയ്യുക. പിന്നീട് നബി(സ)ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി: സഖ്യസേനകളെ പരാജയപ്പെടുത്തിയ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച കാർമേഘങ്ങളെ ചലിപ്പിക്കുന്ന നാഥാ, നീ അവരെ പരാജയപ്പെടുത്തുകയും അവർക്കെതിരിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ.(മുത്തഫഖുൻ അലൈഹി)

122. സൈദ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി:അല്ലാഹുവിന്റെ  മാർഗ്ഗത്തിൽ പോരാടുന്ന ഒരു യോദ്ധാവിനെ തയ്യാറാക്കിയവൻ യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്. യോദ്ധാവിന്റെ വീട്ടിൽ പിൻഗാമി എന്നവണ്ണം നല്ല രീതിയിൽ പ്രവർത്തിച്ചവനും യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്.(മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 11 : ധർമ്മ സമരം. Bookmark the permalink.