ഹജ്ജിന്റെ ശ്രേഷ്ഠതകളും,വിധികളും

ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്ത വനാകുന്നു. (ആലു ഇംറാൻ: 97)

743. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) പ്രസംഗിച്ച കൂട്ടത്തിൽ ഞങ്ങളോട് പറഞ്ഞു: ജനങ്ങളേ നിശ്ചയം അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഹജ്ജ് നിർവ്വഹിക്കുവീൻ. അന്നേരം ഒരാൾ ചോദിച്ചു: പ്രവാചകരേ എല്ലാ വർഷവും നിർബന്ധമാണോ? മൂന്ന് പ്രാവശ്യം അത് ആവർത്തിച്ചു ചോദിക്കും വരെ മൗനം ദീക്ഷിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു: അതെ എന്ന് ഞാൻ പറയുന്നപക്ഷം അത് നിർബന്ധമാവുകയും അനന്തരം നിങ്ങൾക്കത് അസാധ്യമാവുകയും ചെയ്യും. ശേഷം ഇങ്ങനെ തുടർന്നു, ഞാൻ നിങ്ങൾക്ക് ഉപേക്ഷ വരുത്തിയതിൽ നിങ്ങളെന്നെ വിട്ടേക്കുക. തീർച്ചയായും പൂർവ്വ സമൂഹങ്ങൾ നശിക്കാൻ കാരണം അവരോടുള്ള പ്രവാചകൻമാരോടുള്ള അധികരിച്ച ചോദ്യവും എതിർപ്പുകളുമായിരുന്നു. അതിനാൽ ഞാൻ നിങ്ങളോട് ഒരു കാര്യം നിർദ്ദേശിച്ചാൽ പരമാവധി നിങ്ങൾ അത് പ്രാവർത്തികമാക്കുക, ഒരു കാര്യം വിരോധിക്കുകയാണെങ്കിൽ നിങ്ങൾ അത് വർജ്ജിക്കുകയും ചെയ്യുക. (മുസ്‌ലിം)

744. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: ഒരിക്കൽ നബി(സ) ചോദിക്കപ്പെട്ടു, പ്രവർത്തനങ്ങളിൽ ഏററവും ഉൽകൃഷ്ഠമായത് ഏതാണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിലും അവന്റെ പ്രവാചകനിലുമുള്ള വിശ്വാസം. പിന്നീടെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു, അല്ലാഹുവിന്റെ  മാർഗത്തിലുള്ള സമരമാണ്. പിന്നീടെന്താണെന്ന് വീണ്ടും ചോദിക്കപ്പെട്ടപ്പോൾ പരിപൂർണ്ണമായ ഹജ്ജ് എന്ന് അദ്ദേഹം മറുപടിപറഞ്ഞു. (മുത്തഫഖുൻ അലൈഹി)

745. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നബി(സ)  പറയുന്നത് ഞാൻ കേട്ടു: ആരെങ്കിലും തെററുകുററങ്ങൾ ചെയ്യാതെയും സ്ത്രീവിഷയങ്ങളിൽ ഏർപ്പെടാതെയും ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച ദിവസത്തെ പോലെയാണ്(പാപരഹിതനായി)അവൻ മടങ്ങുക. (മുത്തഫഖുൻ അലൈഹി)

746. അബൂഹുറൈറ(റ) വിൽനിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറവരേയുള്ള പാപങ്ങൾക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമേയില്ല (മുത്തഫഖുൻ അലൈഹി)

747. ആയിശ(റ) വിൽനിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: അറഫാദിനത്തേക്കാൾ ഏറ്റവും കൂടുതൽ ആളുകളെ നരകാഗ്‌നിയിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല. (മുസ്‌ലിം)

748. ഇബ്‌നു അബ്ബാസ് (റ)വിൽനിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: റമളാൻ മാസത്തിൽ ഉംറനിർവ്വഹിക്കുന്നത് എന്റെ കൂടെയോ തനിച്ചോ ഹജ്ജ് നിർവ്വഹിക്കുന്നതിന് തുല്ല്യമാണ്. (മുത്തഫഖുൻ അലൈഹി)

749. ഇബ്‌നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി(സ)യോട് ഇപ്രകാരം ചോദിച്ചു. അല്ലാഹുവിന്റെ  പ്രവാചകരേ, ഹജ്ജ് നിർബന്ധമാക്കിക്കൊണ്ടുള്ള നിർദ്ദേശംവരുന്നവേളയിൽ എന്റെ  പിതാവിന് വാർദ്ധക്യം പിടികൂടുകയും വാഹനപ്പുറത്തിരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിരിക്കുന്നു. അവർക്ക് ഹജ്ജു നിർവ്വഹിക്കാൻ സാധ്യമല്ല. അതിനാൽ പിതാവിന് പകരമായി ഞാൻ ഹജ്ജ് നിർവ്വഹിക്കട്ടയോ. അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ. (മുത്തഫഖുൻ അലൈഹി)

123. ഇബ്‌നു അബ്ബാസ്(റ) നിവേദനം: റൗഹായിൽ വെച്ച് ഒരു കൂട്ടം ആളുകളെ നബി(സ) കണ്ട്  മുട്ടി. അപ്പോൾ അവിടുന്ന് ചോദിക്കുകയുണ്ടായി: നിങ്ങൾ ഏത് വിഭാഗക്കാരാണ്? അവർ പറഞ്ഞു: മുസ്‌ലിങ്ങൾ തന്നെ. അപ്പോൾ അവർ ചോദിച്ചു: നിങ്ങൾ ആരാണ്? നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതൻ. അപ്പോൾ ഒരു സ്ത്രീ അതിന്റെ  ഒരു കുഞ്ഞിനെ എടുത്തുയർത്തി കൊണ്ട് നബി(സ)യോട് ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇവന് ഹജ്ജുണ്ടോ ? നബി(സ) പറയുകയുണ്ടായി: അതെ, നിനക്കും അതിന്റെ പ്രതിഫലമുണ്ടാകും. (മുസ്‌ലിം)

644 ഇബ്‌നുഉമർ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:അഞ്ച് തൂണുകളിലാണ് ഇസ്‌ലാം അടിയുറപ്പിക്കപ്പെട്ടിട്ടുളളത്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം മുറപ്രകാരം നിർവഹിക്കുക. സകാത്ത് കൊടുക്കുക, പരിശുദ്ധ മന്ദിരത്തിൽ ഹജ്ജ് നിർവ്വഹിക്കുക. റമളാൻമാസം വ്രതമനുഷ്ഠിക്കുക എന്നിവയാണവ (മുസ്‌ലിം)

This entry was posted in അദ്ധ്യായം 10 : ഹജ്ജ്‌. Bookmark the permalink.