സകാത്ത് (നിർബന്ധ ദാനം) പ്രാധാന്യവും മഹത്വവും

അല്ലാഹു പറയുന്നു:
നിങ്ങൾ നമസ്‌കാരം നിലനിർത്തുകയും നിർബന്ധദാനം കൊടുക്കുകയും വേണം. (ബഖറ 43)

(കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കികൊണ്ട് ഋജുമനസ്‌കരായ നിലയിൽ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനും അല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (ബയ്യിന :5)

(അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽ നിന്ന് നീ വാങ്ങുക. (തൗബ :103)

706 ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: മുആദ്‌(റ)വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ നബി(സ)അദ്ദേഹത്തോടു പറഞ്ഞു. നീ പോകുന്നത് വേദക്കാരുടെ അടുക്കലേക്കാണ്. ആദ്യമായി
അവരെ നീ ക്ഷണിക്കേണ്ടത് ലാഇലാഹ ഇല്ലല്ലാഹ്,മുഹമ്മദുറസൂലുല്ലാഹ് എന്ന സാക്ഷ്യത്തിലേക്കാണ്. ആ കാര്യത്തിൽ അവർ താങ്കളെ അംഗീകരിച്ചാൽ ഓരോ ദിവസവും രാവിലും പകലിലുമായി അഞ്ചു സമയങ്ങളിൽ നമസ്‌കരിക്കാൻ അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരോടു പറയണം. അതും അവർ അംഗീകരിച്ചാൽ ദാനധർമ്മം അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ടെന്നും സമ്പന്നരിൽ നിന്ന് ധനം ശേഖരിച്ച് ദരിദ്രർക്കിടയിൽ അത് വിതരണം ചെയ്യുകയാണ് വേണ്ടതെന്നും കൽപ്പിക്കണം. (മുത്തഫഖുൻ അലൈഹി)

707 അബൂഹുറൈറ (റ)വിൽനിന്ന് നിവേദനം: നബി(സ) യുടെ മരണാനന്തരം അബൂബക്കർ(റ) ഖലീഫയായി. സത്യനിഷേധികളായി മാറിയ അറബികളോട് യുദ്ധം ചെയ്യാൻ അബൂബക്കർ(റ) തീരുമാനിച്ചപ്പോൾ ഉമർ(റ) ചോദിച്ചു: അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്ന് പ്രഖ്യാപിക്കും വരെ ജനങ്ങളോട് യുദ്ധം ചെയ്യാനേ എന്നോട് കൽപ്പിച്ചിട്ടുള്ളൂ. അങ്ങിനെ വല്ലവനും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അവൻ എന്നിൽനിന്നു മറ്റു ബാധ്യതകളുടെ പേരിലല്ലാതെ തന്റെ  ധനത്തെയും ജീവനെയും സംരക്ഷിച്ചു കഴിഞ്ഞു. പിന്നീടവന്റെ വിചാരണ അല്ലാഹുവിങ്കലാണ് എന്ന് നബി(സ)പ്രഖ്യാപിച്ചിരിക്കെ താങ്കൾ എങ്ങിനെയാണ്ജനങ്ങളോട് യുദ്ധംചെയ്യാൻ തീരുമാനിച്ചത്? അബൂബക്കർ(റ) പറഞ്ഞു: അല്ലാഹുവാണേ നമസ്‌കാരത്തിന്റെയും സക്കാത്തിന്റെയും ഇടയിൽ വ്യത്യാസം കൽപ്പിച്ചവനുമായി ഞാൻ യുദ്ധം ചെയ്യും. സക്കാത്ത് ധനത്തിന്റെ  ബാധ്യതയാണ്. അല്ലാഹുവാണേ നബി(സ)ക്ക് കൊടുക്കാറുള്ള ഒരു ഒട്ടകത്തിന്റെ  കയർ തരാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാനവരോട് സമരം ചെയ്യും. ഉമർ(റ) പറയുന്നു അല്ലാഹുവാണേ, യുദ്ധം ചെയ്യുന്നതിലേക്ക് അബൂബക്കർ(റ) വിന്റെ ഹൃദയത്തെ അല്ലാഹു തുറന്നുവിട്ടതാണെന്നും ആ നടപടി തികച്ചും ശരിയാണെന്നും എനിക്കപ്പോള്‍ ബോധ്യമായി. (മു. അലൈഹി)

708 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ബാധ്യത(സകാത്ത്) കൊടുത്തുവീട്ടാത്ത സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഉടമകൾക്ക് വേണ്ടി അന്ത്യദിനത്തിൽ നരകാഗ്നിയിൽ വെച്ച് പഴുപ്പിച്ച ചില തകിടുകൾ നിർമ്മിക്കപ്പെടും. അതുകൊണ്ട് അവരുടെ പാർശ്വവും മുതുകും നെറ്റിയും ചൂടുവെക്കപ്പെടുന്നതാണ്. അത് തണുക്കുമ്പോഴൊക്കെ വീണ്ടും പഴുപ്പിക്കും. അമ്പതിനായിരം കൊല്ലം നീണ്ട് നിൽക്കുന്ന ദിവസത്തിലാണ് ഈ ശിക്ഷ അനുഭവിക്കേണ്ടിവരിക.അങ്ങിനെ ജനങ്ങൾക്കിടയിൽ വിധിക്കപ്പെട്ടുകഴിഞ്ഞാൽ സ്വർഗത്തിലേക്കോ നരകത്തിലേക്കോ ഉള്ള വഴി അവൻ കാണുന്നതാണ്. (മുത്തഫഖുൻ അലൈഹി)

709 ജരീർ ബ്‌നുഅബ്ദുല്ലാ(റ) വിൽനിന്ന് നിവേദനം: നമസ്‌കാരം നിലനിർത്തുക, സകാത്ത് നൽകുക, സർവ്വമുസ്‌ലിംകൾക്കും ഉപദേശം നൽകുക എന്നീ കാര്യങ്ങൾ ചെയ്യു മെന്ന് ഞാൻ നബി(സ) യോട് പ്രതിജ്ഞ ചെയ്തിട്ടു്. (മുത്തഫഖുൻ അലൈഹി)

644 ഇബ്‌നുഉമർ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ)പറഞ്ഞു: അഞ്ച് തൂണുകളിലാണ് ഇസ്‌ലാം അടിയുറപ്പിക്കപ്പെട്ടിട്ടുളളത്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും മുഹമ്മദ് (സ)അല്ലാഹുവിന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം മുറപ്രകാരം നിർവഹിക്കുക. സകാത്ത് കൊടുക്കുക, പരിശുദ്ധ മന്ദിരത്തിൽ ഹജ്ജ് നിർവ്വഹിക്കുക. റമളാൻമാസം വ്രതമനുഷ്ഠിക്കുക എന്നിവയാണവ (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.