ഫറള് നമസ്‌കാരങ്ങൾ മുറുകെ പിടിക്കാനുള്ള കൽപനയും ഉപേക്ഷിക്കുന്നവർക്കുള്ള മുന്നറിയിപ്പും

അല്ലാഹു പറഞ്ഞിരിക്കുന്നു:
(നമസ്‌കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്‌കാരം.) ബഖറ :238 (ഇനി അവർ സത്യനിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയും നമസ്‌കാരം ശരിയാവണ്ണം നിർവ്വഹിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നപക്ഷം നിങ്ങളവരെ വെറുതെ വിട്ടേക്കണം ( തൗബ :5) .

643 ഇബ്‌നു മസ്ഊദ് (റ)നിന്ന് നിവേദനം: ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണെന്ന് ഞാൻ നബി(സ)യോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു. നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കുക, പിന്നീട് ഏതാണ് എന്ന് ചോദിച്ചപ്പോൾ മാതാപിതാക്കൾക്ക് നൻമ ചെയ്യുക എന്നും പറഞ്ഞു പിന്നീട് ഏതാണ് എന്ന് ചോദിച്ചപ്പോൾ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സമരമാണ് എന്നും പറഞ്ഞു. (മുത്തഫഖുൻ അലൈഹി)

644 ഇബ്‌നുഉമർ (റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അഞ്ച് തൂണുകളിലാണ് ഇസ്‌ലാം അടിയുറപ്പിക്കപ്പെട്ടിട്ടുളളത്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം മുറപ്രകാരം നിർവഹിക്കുക. സകാത്ത് കൊടുക്കുക, പരിശുദ്ധ മന്ദിരത്തിൽ ഹജ്ജ് നിർവ്വഹിക്കുക. റമളാൻമാസം വ്രതമനുഷ്ഠിക്കുക എന്നിവയാണവ (മുസ്‌ലിം)

645 ജാബിർ(റ) ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിശ്ചയം ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ശിർക്കിന്റെയും ഇടയിലുളള അന്തരം നമസ്‌കാരം ഉപേക്ഷിക്കൽ മാത്രമാണ്. (മുത്തഫഖുൻ അലൈഹി)

646 അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ (സ) പറഞ്ഞു: ഒരടിമയുടെ ഇബാദത്തുകളിൽ അന്ത്യദിനത്തിൽ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നമസ്‌കാരത്തെകുറിച്ചാണ്. അത് നന്നായിട്ടുണ്ടെങ്കിൽ അവൻ വിജയിയും അത് മോശമായാൽ അവൻ പരാജിതനു മത്രെ ! ഇനിയൊരാൾ ഫർള് നിർവ്വഹിച്ചതിൽ വല്ല വീഴ്ചയും വരുത്തിയിട്ടുണ്ടെങ്കിൽ(മലക്കുകളോട്) അല്ലാഹു പറയും: അവൻ വല്ല സുന്നത്തും നിർവ്വഹിച്ചിട്ടുണ്ടൊ ? നിങ്ങൾ ഒന്നു നോക്കൂ! അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഫർളിലെ ന്യൂനത അതുകൊണ്ട് പരിഹരിക്കപ്പെടും. പിന്നീട് മറ്റ് പ്രവർത്തനങ്ങളുടെയും നില ഇതു തന്നെ(ഫർളിലെ വീഴ്ച സുന്നത്തുകൊണ്ട് പരിഹരിക്കപ്പെടും. (തിർമുദി)

141. മുആദ്(റ)വിൽ നിന്ന് നിവേദനം: നബി(സ) എന്നെ യമനിലേക്ക് നിയോഗിച്ച് കൊണ്ട് പറയുകയുണ്ടായി: നീ ചെല്ലുന്നത് മുമ്പ് വേദം നൽകപ്പെട്ട സമൂഹത്തിലേക്കാണ്. നീ അവിടെയെത്തിയാൽ അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനണ്ടാണ് എന്ന സത്യ സാക്ഷ്യത്തിലേക്ക് അവരെ ക്ഷണിക്കുക. അവർ സത്യ സാക്ഷ്യം അംഗീകരിച്ചു കഴിഞ്ഞാൽ അല്ലാഹു അവരുടെ മേൽ ഒരു രാത്രിയിലും പകലിലുമായി അഞ്ച് സമയത്തെ നമസ്‌കാരം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അവർ അത് അംഗീകരിച്ചാൽ അല്ലാഹു അവരുടെ സമ്പത്തിൽ സകാത്ത്‌ നിർബന്ധമാക്കിയത് നീ അവരെ അറിയിക്കുക. അവരിലെ പണക്കാരനിൽ നിന്ന് പിരിച്ചെടുത്ത് ദരിദ്രർക്ക് വിതരണം ചെയ്യേണ്ടതാണ് . ആളുകളുടെയടുക്കൽ നിന്ന് സകാത്ത് വാങ്ങുമ്പോൾ അവരുടെ അടുക്കലുള്ളതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ളതും നല്ലതും തെരഞ്ഞെടുക്കുന്നത് നീ കരുതിയിരിക്കുക. ദ്രോഹിക്കപ്പെട്ടവൻ നിനക്കെതിരെ പ്രാർത്ഥിക്കുന്നതും നീ കരുതിയിരിക്കുക. കാരണം അല്ലാഹുവിനും അവനുമിടയിൽ യാതൊരു മറയുമില്ല. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.