അല്ലാഹുപറഞ്ഞിരിക്കുന്നു.
സത്യവിശ്വാസികളേ, നിങ്ങൾ നമസ്‌കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ട് കൈകളും കഴുകുകയും നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ (കുളിച്ച്) ശുദ്ധിയാവുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക, എന്നിട്ട് അത്‌കൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണം എന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദശിക്കുന്നു. നിങ്ങൾ
നന്ദിയുള്ളവർ ആയേക്കാം. (സൂറത്ത് മാഇദ :6)
615 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സത്യ വിശ്വാസിയുടെ വുളുവിന്റെ തിളക്കം അവന്റെ വുളു എവിടെവരെ ചെയ്തുവോ അത്രവരേയും ഉണ്ടായിരിക്കും (മുത്തഫഖുൻ അലൈഹി).
616 ഉസ്മാൻ ബ്‌നുഅഫാൻ(റ)വിൽനിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു. ആരെങ്കിലും നല്ലപോലെ വുളൂഅ് ചെയ്യുന്നുവെങ്കിൽ അയാളുടെ ശരീരത്തിലെ പാപങ്ങൾ നഖത്തിനടിയിലൂടെ ഉതിർന്നു പോകുന്നതാണ്. (മുസ്‌ലിം)
617 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ചോദിച്ചു: നിങ്ങളുടെ പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന മഹത്തായൊരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അപ്പോൾ അതെ എന്ന് അവർ മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങൾ വുളു പൂർണ്ണമായി ചെയ്യുകയും, പള്ളികളിലേക്കുള്ള കാലടികൾ വർദ്ധിപ്പിക്കുകയും ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷിക്കുകയും ചെയ്യുക, അതാണ് റിബാത്ത്, അതാണ് റിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)
618 ഉമർബ്‌നുൽ ഖത്താബ് (റ)വിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞിരിക്കുന്നു. നിങ്ങളിൽ ഒരാളും വുളു സമ്പൂർണ്ണമായും ചെയ്യുകയും ശേഷം
”അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല എന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് എന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” എന്ന്
പ്രാർത്ഥിച്ചാൽ അയാൾക്ക് വേണ്ടി സ്വർഗ്ഗത്തിലെ എട്ട് വാതിലുകളും തുറക്കപ്പെടുകയും ഇഷ്ടമുള്ളതിൽ കൂടി അയാൾക്ക് പ്രവേശിക്കാൻ കഴിയുകയും ചെയ്യും. (മുസ്‌ലിം)
തിർമുദിയുടെ റിപ്പോർട്ടിൽ ”അല്ലാഹുവേ എന്നെ നീ പശ്ചാതപിക്കുന്നവരിലും പരിശുദ്ധി യുള്ളവരിലും ഉൾപെടുത്തേണമേ” എന്നുകൂടിയുണ്ട് .
16. അബൂമാലിക് അൽഅശ്അരി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ‘ശുദ്ധീകരണം’ വിശ്വാസത്തിന്റെ പകുതിയാണ്. ‘അൽഹംദുലില്ലാഹ്’ എന്ന് പറയുന്നത് തുലാസ് നിറക്കുന്നതാണ്. ‘സുബ്ഹാനല്ലാഹ് വൽഹംദുലില്ലാഹ്’ എന്നത് ആകാശ ഭുമികളും അതിന്നിടയിലുള്ളതും നിറക്കുന്നതാണ്. ‘നമസ്‌കാരം’ പ്രകാശവും, ‘ദാനധർമം’ തെളിവുമാണ്. ‘ക്ഷമ’ വെളിച്ചമാണ്. ‘ഖുർആൻ’ നിനക്കെതിരിലോ അനുകൂലമായോ ഉള്ള തെളിവാണ്. മുഴുവൻ മനുഷ്യരും രാവിലെ പുറപ്പെടുന്നു. അവർ ഓരോരുത്തരും സ്വന്തം ശരീരം വിൽക്കുന്നു. ചിലർ അതിനെ രക്ഷപ്പെടുത്തുന്നു. മറ്റുചിലർ അപകടപ്പെടുത്തുന്നു. (മുസ്‌ലിം)
84. അദ്ദേഹത്തിൽനിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസി വുളു ചെയ്യുമ്പോൾ മുഖം കഴുകിയാൽ അയാൾ മുഖം കൊണ്ട് ചെയ്ത പാപങ്ങളെല്ലാം പ്രസ്തുത വെള്ളം ഒലിച്ച് പോകുന്നതോടെ പുറത്ത് പോകുന്നതാണ്. കൈകൾ കഴുകുമ്പോൾ കൈ കൊണ്ട് ചെയ്ത പാപങ്ങളും പുറത്ത് പോകുന്നു. കാലുകൾ കഴുകുമ്പോൾ കാലു കൊണ്ട് സ്പർശിച്ച മുഴുവൻ പാപങ്ങളും അയാളുടെ കാലിൽ നിന്ന് പുറത്ത് പോകുന്ന അവസാനത്തെ ജലത്തുള്ളിയോടൊപ്പം പുറത്ത് പോകുന്നതാണ്. അങ്ങിനെ അയാൾ പരിപൂര്‍ണ്ണ പാപവിമുക്തമായിട്ടായിരിക്കും വുളു കഴിഞ്ഞ് വരുന്നത്. (മുസ്‌ലിം)