ബാങ്കിന്റെ മഹത്വം

619 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: ”ബാങ്കിലും നമസ്‌കാരത്തിന്റെ ആദ്യ സ്വഫിലുമുള്ള മഹത്വം ജനങ്ങൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ അത് ലഭിക്കുവാനായി
നറുക്കെടുപ്പല്ലാത്ത മറ്റ് മാർഗ്ഗങ്ങളൊന്നും അവർ കെത്തുന്നതുമല്ലെങ്കിൽ അവർ അതിനായി നറുക്കിടുക തന്നെ ചെയ്യുമായിരുന്നു”. അപ്രകാരം തന്നെ ളുഹർ ആദ്യം നമസ്‌കരിക്കുന്നതു കൊണ്ടുള്ള
പ്രാധാന്യം അവർ അറിഞ്ഞാൽ അതിനായി അവർ മുൻകടക്കുമായിരുന്നു. ഇശാ നമസ്‌കാരത്തിന്റേയും സുബഹ് നമസ്‌കാരത്തിന്റേയും ശ്രേഷ്ഠത അവർ അറിഞ്ഞാൽ മുട്ടുകുത്തി
ഞെരങ്ങിക്കൊണ്ടാണെങ്കിലും അവർ അതിൽ പങ്കെടുക്കുമായിരുന്നു. (മുത്തഫഖുൻ അലൈഹി).

620 അബ്ദുല്ലബ്‌നു അബ്ദുറഹ്മാൻ ബ്‌നുഅബീ സഹ്‌സ്വഹ(റ)വിൽ നിന്ന് നിവേദനം: അബൂ സഈദുൽ ഖുദ്‌രിയ്യി(റ) ഒരിക്കൽ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: നിശ്ചയം നീ ആടുകളേയും ഗ്രാമപ്രദേശത്തേയും ഇഷ്ടപ്പെടുന്നു. അതിനാൽ സ്വന്തം ആടുകൾക്കിടയിലും ഗ്രാമത്തിലും ആയിരിക്കുമ്പോൾ ബാങ്ക് കൊടുക്കുമ്പോൾ നിന്റെ ശബ്ദം നീ ഉറക്കെയാക്കണം. കാരണം നിശ്ചയം ബാങ്കൊലിയുടെ ഉറക്കെയുള്ള ശബ്ദം മനുഷ്യനും ജിന്നും കേൾക്കുന്നുവെങ്കിൽ അന്ത്യദിനത്തിൽ അവ അയാൾക്ക് വേണ്ടി സാക്ഷ്യം വഹിക്കും. അബൂ സഈദുൽ ഖുദ്‌രിയ്യി(റ)പറയുന്നു. ഇത് ഞാൻ നബി(സ)യിൽ നിന്ന് കേട്ടതാണ്. (ബുഖാരി)

621 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: നമസ്‌കാരത്തിന് വേണ്ടി ബാങ്കുവിളിച്ചാൽ അത് കേൾക്കാതിരിക്കാൻവേണ്ടി കീഴ്‌വായു ഇട്ടുകൊണ്ട് പിശാച് അവിടെ നിന്ന് ഓടിപ്പോകുന്നതാണ്. ബാങ്ക് പൂർത്തിയായിക്കഴിഞ്ഞാൽ അവൻ മടങ്ങിവരും. ഇഖാമത്ത് കൊടുത്താൽ വീണ്ടും അവിടെ നിന്ന് പോകും. ശേഷം തിരിച്ചു വരികയും നമസ്‌കരിക്കുന്നവന്റെ മനസ്സാന്തരങ്ങളിൽ ദുർബോധനങ്ങളുണ്ടാക്കുകയും ചെയ്യും. അതുവരേയും വിസ്മരിച്ച പലതും അവന്റെ മനസ്സിൽ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. അങ്ങിനെ താൻ എത്രയാണ്നമസ്‌കാരിച്ചത് എന്നതുപോലും ഓർമയ്യില്ലാതാക്കിമാറ്റും. (മുത്തഫഖുൻ അലൈഹി).

622 അബ്ദുല്ല ബ്‌നുഅംറ് ബ്‌നുൽആസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) ഇങ്ങിനെ പറയുന്നയുത് അദ്ദേഹം കേട്ടിട്ടുണ്ട് . നിങ്ങൾ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ നിങ്ങളും പറയുക. അതിന് ശേഷം എന്റെ പേരിൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. ആരെങ്കിലും എന്റെ പേരിൽ ഒരിക്കൽ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അദ്ദേഹത്തിന് പത്ത് അനുഗ്രഹം ചൊരിയുന്നതാണ്. പിന്നീട് നിങ്ങൾ എനിക്ക് വേണ്ടി അല്ലാഹുവിനോട് വസീലത്തിനെ ചോദിക്കണം. അത് സ്വർഗ്ഗത്തിലുള്ള മഹത്തായ പദവിയാകുന്നു. അല്ലാഹുവിന്റെ അടിമകളിൽ ഒരാൾക്കല്ലാതെ അതിനർഹതയില്ല. അത് ഞാൻ ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി അല്ലാഹുവിനോട് വസീലത്തിനെ ചോദിച്ചാൽ അയാൾക്ക് അന്ത്യനാളിൽ എന്റെ ശുപാർശ ലഭിക്കുന്നതാണ്. (മുസ്‌ലിം)

623 ജാബിർ (റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: ”ഈ പൂർണ്ണമായ പ്രാർത്ഥനയുടെയും ആസന്നമായ നമസ് കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവെ, മുഹമ്മദ് നബി(സ)ക്ക് വസ്വീല, ഫള്വീല എന്നീ പദവികൾ നീ നൽകേണമെ. നീ വാഗ് ദാനം ചെയ്ത സ്തുത്യർഹമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമെ” എന്ന് വല്ലവനും ബാങ്കു കേൾക്കുമ്പോൾ പ്രാർത്ഥിച്ചാൽ അന്ത്യനാളിൽ എന്റെ ശുപാർശ ലഭിക്കുന്നതാണ്. (ബുഖാരി)

624. സഅദ് ബ്‌നുഅബീവഖാസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) പറഞ്ഞു: ബാങ്ക് കേൾക്കുന്നവൻ ”അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവൻ ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും മുഹമ്മദ് (സ) അവന്റെ ദാസനും ദൂതനുമാണെന്നും, ഞാൻ അല്ലാഹുവിനെ രക്ഷിതാവായും മുഹമ്മദിനെ(സ) ദൂതനായും ഇസ്‌ലാമിനെ മതമായും ഇഷ്ടപ്പെട്ടിരിക്കുന്നു”എന്നും പ്രാർത്ഥിച്ചാൽ അയാളുടെ പാപങ്ങൾ പൊറുക്കപ്പെടും. (മുസ്‌ലിം)

625. അനസ്‌(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ പറഞ്ഞു. ബാങ്കിനും ഇഖാമത്തിനും ഇടക്കുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല. (അബൂദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.