ചില പ്രത്യേക വചനങ്ങളും സൂറത്തുകളും പഠിക്കാനുള്ള പ്രേരണ.

606 അബൂസഈദ് റാഫിബ്‌നുമുഅല്ലാ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നീ പള്ളിയിൽ നിന്ന് പുറത്തു പോകുന്നതിനു മുമ്പായി വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ എന്ന് ചോദിച്ചു കൊണ്ട് നബി(സ) ഒരിക്കൽ എന്റെ കൈ പിടിച്ചു. അങ്ങിനെ പുറത്ത് പോകാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ(സ), വിശുദ്ധ ഖുർആനിലെ മഹത്തായ ഒരു വചനം എനിക്ക് പഠിപ്പിച്ചുതരാമെന്ന് അങ്ങ് എന്നോട് പറഞ്ഞുവല്ലോ. അപ്പോൾ അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുർആനിലെ മഹത്തായതും ആവർത്തിച്ചു പാരായണം ചെയ്യപ്പെടുന്നതുമായ ഏഴു വചനങ്ങൾ ഉൾക്കൊള്ളുന്ന ഫാതിഹയാണത്. (ബുഖാരി)

607 അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: ‘സൂറത്ത് ഇഖ്‌ലാസി’നെ പരാമർശിച്ചു കൊണ്ട് നബി(സ)പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ്സത്യം. തീർച്ചയായും അത് ഖുർആനിന്റെ മൂന്നിൽഒന്നിനു തുല്ല്യമാവുന്നതാണ്. മറ്റൊരു റിപ്പോർട്ടിലുള്ളത് ഇപ്രകാരമാണ്. പ്രവാചകൻ(സ) തന്റെ അനുചരൻമാരോട് ഇങ്ങിനെ ചോദിക്കുകയുണ്ടായി. ഓരോ രാത്രികളിലും വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്യാൻ നിങ്ങൾക്ക് കഴിയാതിരിക്കുമോ. (ഈ ചോദ്യം) അവർക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു. അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിൽ ആർക്കാണ് അതിനു സാധിക്കുക. അപ്പോൾ അദ്ദേഹം പറഞ്ഞു. സൂറത്ത് ഇഖ്‌ലാസ് ഖുർആനിന്റെ മൂന്നിൽഒന്നിനു തുല്ല്യമാണ്. (ബുഖാരി )

608 ഉഖ്ത്ത് ബ്‌നുആമിർ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു: ഇന്നലെ രാത്രിയിൽ അവതരിക്കപ്പെട്ട സൂക്തങ്ങൾ നീ കില്ലയോ, അതിനു തുല്ല്യമായ വചനങ്ങൾ മുമ്പൊരിക്കലും കാണപ്പെട്ടിട്ടുമില്ല. സൂറത്തുന്നാസ്, ഫലഖ് എന്നിവയത്രെ അത്. (മുസ്‌ലിം)

609 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)പറഞ്ഞു. മുപ്പത് വചനങ്ങളുള്ള ഒരു അദ്ധ്യായം വിശുദ്ധ ഖുർആനിലുണ്ട്. പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അത് ആളുകൾക്ക് വേണ്ടി ശുപാർശ ചെയ്തു കൊണ്ടിരിക്കും. സൂറത്തുൽ മുൽക്കാണ് അത്. (അബൂദാവൂദ്, തിർമുദി)

610 അബൂ മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ആരെങ്കിലും രാത്രിയിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് വചനങ്ങൾ പാരായണം ചെയ്യുന്നുവെങ്കിൽ അത് മതിയാകുന്നതാണ്. (മുസ്‌ലിം)

611 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം)

612 ഉബയ്യ്‌നുകഅബ്(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു. അബുൽ മുൻദിറേ, അല്ലാഹുവിന്‍റെ ഗ്രന്ഥത്തിൽ നിന്ന് നീ പഠിച്ചതിൽ ഏറ്റവും ശ്രേഷ്ഠതയേറിയ വചനം ഏതാണെന്ന് നിനക്കറിയുമോ? അപ്പോൾ”ആയത്തുൽ കുർസിയാണത്”എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു. ”വിജ്ഞാനം കൊണ്ട് നിനക്ക് ധന്യതകൈവരട്ടെ” (മുസ്‌ലിം)

613 അബുദ്ദർദാഅ്(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തിലെ പത്ത് വചനങ്ങൾ ആരെങ്കിലും മനപ്പാഠമാക്കിയാൽ ദജ്ജാലിന്റെ കുഴപ്പത്തിൽ നിന്ന് അവന് സുരക്ഷ ലഭിക്കുന്നതാണ്. മറ്റൊരു റിപ്പോർട്ടിലുള്ളത് സൂറത്തുൽ കഹ്ഫിന്റെ അവസാനത്തെ പത്ത് വചനങ്ങൾ എന്നാകുന്നു. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.