കഠിനാദ്ധ്വാനം

അല്ലാഹു പറയുന്നു:

നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. (അന്‍കബൂത്ത്: 69)

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (സൂറ: ഹിജ്ര്‍: 99)

നിന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്)അവങ്കലേക്കു മാത്രമായി മടങ്ങുകയുംചെയ്യുക.(മുസ്സമ്മില്‍:8)

അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്‍മചെയ്തിരുന്നു വോ അവനത് കാണും. (സല്‍സല: 7)

സ്വദേഹങ്ങള്‍ക്ക് വേണ്ടി  നിങ്ങള്‍ എന്തൊരു നന്‍മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍
കെത്തുന്നതാണ്. (മുസ്സമ്മില്‍ : 20)

നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്. (അല്‍ ബഖറ: 273)

ഇനിയും ധാരാളം വചനങ്ങളില്‍ ഈ വിഷയം പരാമര്‍ശിച്ചിട്ടു്.

62. അബൂ ഹുറൈറ(റ) പറയുന്നു: നബി(സ) അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്ത് കൊണ്ട് പറയുകയുണ്ടായി: എന്റെ ഏതെങ്കിലുമൊരു വലിയ്യിനോട് (ഇഷ്ട ദാസന്‍) ആരെങ്കിലും ശത്രുത കാണിച്ചാല്‍
അവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാന്‍ ഫര്‍ളാക്കിയ കര്‍മത്തിലൂടെയല്ലാതെ എനിക്കേറ്റവും പ്രിയപ്പെട്ട മറ്റൊരു കാര്യത്തിലൂടെയും എന്റെ ദാസന് എന്നിലേക്ക് അടുക്കാനാവില്ല. സുന്നത്തായ കാര്യങ്ങള്‍ ചെയ്ത് കൊണ്ട്  ഞാന്‍ ഇഷ്ടപ്പെടുന്നത് വരെ എന്റെ ദാസന്‍ എന്നിലേക്ക് അടുത്ത് കൊണ്ടേയിരിക്കും. ഞാന്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന ചെവി ഞാനായി മാറും; അവന്‍ പിടിക്കുന്ന കയ്യായി ഞാന്‍ മാറും; അവന്‍ നടക്കുന്ന കാലായി ഞാന്‍ മാറും; അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ നല്‍കുക തന്നെചെയ്യും; അവന്‍ എന്നോട് കാവലിനെ ചോദിച്ചാല്‍ ഞാന്‍ രക്ഷ നല്‍കുക തന്നെ ചെയ്യും. (ബുഖാരി)

63. അനസ്(റ) പറയുന്നു: നബി(സ) അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്ത് കൊണ്ട് പറയുകയുണ്ടായി: എന്റെ ദാസന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്ത് വന്നാല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കുന്നതാണ്. ഒരു മുഴം അവന്‍ അടുത്ത് വന്നാല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കുന്നതാണ്. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവന്റെയടുക്കലേക്ക് ഓടിയടുക്കുന്നതാണ്.(ബുഖാരി)

64. ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: അധിക മനുഷ്യരും നഷ്ടത്തിലായ രണ്ട്  അനുഗ്രഹങ്ങളാകുന്നു ആരോഗ്യവും ഒഴിവു സമയവും. (ബുഖാരി)

65. ആയിശ(റ) നിവേദനം: നബി(സ) തന്റെ കാലുകള്‍ വിങ്ങി പൊട്ടുന്നത് വരെ രാത്രി നമസ്‌കരിക്കുമായിരുന്നു. അല്ലാഹു മുന്‍കൂട്ടി തന്നെ നിങ്ങളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുത്തു തന്നിരിക്കെ താങ്കളെന്തിനാണ് ഇങ്ങിനെ പ്രയാസപ്പെടുന്നതെന്ന് ഞാന്‍ നബി(സ)യോട് ചോദിക്കുകയുണ്ടായി.

അപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: നന്ദിയുള്ള ഒരു ദാസനായി മാറുവാന്‍ ഞാനിഷ്ടപ്പെടാതിരിക്കുമോ? (മുത്തഫഖുന്‍ അലൈഹി)

66. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ദേഹേഛകള്‍ക്കിണങ്ങിയ കാര്യങ്ങള്‍ കൊണ്ട് നരകവും, മനസ്സിന് പ്രയാസം തോന്നുന്ന കാര്യങ്ങള്‍ കൊണ്ട് സ്വര്‍ഗവും മറച്ചിരിക്കുന്നു. (മുത്തഫഖുന്‍ അലൈഹി)

അതായത് സ്വര്‍ഗത്തിനും നരകത്തിനും അയാള്‍ക്കുമിടയില്‍ അവ കൊണ്ട്  മറ പണിതിരിക്കുന്നുവെന്നര്‍ത്ഥം. പ്രസ്തുത സംഗതികള്‍ ചെയ്യുന്നതോടെ അവ രണ്ടിലുമവന്‍ പ്രവേശിച്ചതു പോലെയാകുന്നു.

67. അനസ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മയ്യിത്തിനെ മൂന്ന് കാര്യങ്ങള്‍ അനുഗമിക്കും. കുടുംബവും, സമ്പത്തും, കര്‍മ്മങ്ങളും. അവയില്‍ ഒന്ന് അവന്റെ കൂടെ അവശേഷിക്കുകയും, രണ്ടെണ്ണം തിരിച്ച് പോരുകയും ചെയ്യും; അവന്റെ കുടുംബവും സമ്പത്തും തിരിച്ച് പോരുകയും, കര്‍മ്മങ്ങള്‍ മാത്രം ബാക്കിയാവുകയും ചെയ്യും. (മുത്തഫഖുന്‍ അലൈഹി)

68. അബ്ദുല്ലാഹിബ്‌നു ബുസ്ര്‍ അല്‍അസ്‌ലമി(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ ദീര്‍ഘായുസ്സ് ലഭിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും
ചെയ്തവരാണ്. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ് വിധിക്കുകയും ചെയ്തത്)

69. അബൂ മസ്ഊദ് ഉഖ് ബിന്‍ആമിര്‍(റ) നിവേദനം: സ്വദഖ ചെയ്യണമെന്ന് പറയുന്ന ആയത്ത് അവതരിച്ചപ്പോള്‍ ഞങ്ങള്‍ സ്വദഖ ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ചുമന്ന് കൊണ്ട്  വരാന്‍ ആരംഭിച്ചു.
അങ്ങിനെ ഒരാള്‍ വന്ന് ധാരാളമായി ദാനം ചെയ്തു. അപ്പോള്‍ അവര്‍ (മുനാഫിഖുകള്‍) പറഞ്ഞു: പൊങ്ങച്ചത്തിനു വേണ്ടി ദാനം ചെയ്തതാണവന്‍. മറ്റൊരാള്‍ വന്ന് ഒരു സാഅ് ദാനം ചെയ്തു. അപ്പോള്‍ അവര്‍ (മുനാഫിഖുകള്‍) പറഞ്ഞു: അല്ലാഹുവിന് ഇയാളുടെ സാഅ് ലഭച്ചിട്ടൊന്നും വേണ്ട  അപ്പോഴാണ്: ”സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും (ദാനം ചെയ്യാന്‍)  കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍.” എന്ന സൂക്തം അവതരിക്കുകയുണ്ടായത്. (മുത്തഫഖുന്‍അലൈഹി)

70. അബൂദറ്(റ) പറയുന്നു: നബി(സ) അല്ലാഹുവില്‍ നിന്ന് നിവേദനം ചെയ്ത് കൊണ്ട്  പറയുകയുണ്ടായി: എന്റെ ദാസന്‍മാരേ, അക്രമം ഞാന്‍ എന്റെ പേരില്‍ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത്. എന്റെ ദാസന്‍മാരേ, ഞാന്‍ വഴികാണിക്കാത്ത നിങ്ങളിലെ മുഴുവനാളുകളും വഴി കേടിലാകുന്നു. അതിനാല്‍ നിങ്ങളെന്നോട് ഹിദായത്ത് ചോദിക്കുക. ഞാന്‍ നിങ്ങളെ വഴികാട്ടാം. എന്റെ ദാസന്‍മാരേ, ഞാന്‍ അന്നം നല്‍കാത്തവരെല്ലാം പട്ടിണിയിലായിരിക്കും. അതിനാല്‍ നിങ്ങളെന്നോട് അന്നം തേടുക. ഞാന്‍ നിങ്ങള്‍ക്ക് അന്നം നല്‍കാം. എന്റെ ദാസന്‍മാരെ, ഞാന്‍ വസ്ത്രം നല്‍കാത്തവരെല്ലാം നഗ്നരായിരിക്കും. അതിനാല്‍ നിങ്ങളെന്നോട്‌ വസ്ത്രം ചോദിക്കുക. ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രം നല്‍കാം. എന്റെ ദാസന്‍മാരേ, നിങ്ങള്‍ രാവും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാന്‍ മുഴുവന്‍ തെറ്റുകളും പൊറുക്കുന്നവനാകുന്നു. അതിനാല്‍ നിങ്ങളെന്നോട് പൊറുക്കലിനെത്തേടൂ. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്ത് തരാം. എന്റെ ദാസന്‍മാരേ, എന്നെ ഉപദ്രവിക്കുവാനോ എനിക്ക് ഉപകാരം ചെയ്യുവാനോ നിങ്ങള്‍ക്ക് സാധ്യമല്ല. എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ ഭക്തന്റെ ഹൃദയമുള്ളവരായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു വര്‍ദ്ധനവും വരുത്തുകയില്ല. എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും നിങ്ങളിലെ ഏറ്റവും വലിയ പാപിയെ പോലെയായി മാറിയാലും അതൊന്നും എന്റെ സാമ്രാജ്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്‍മാരേ, നിങ്ങളിലെ ആദ്യം മുതല്‍ അന്ത്യം വരെയുള്ള മുഴുവന്‍ ആളുകളും ജിന്നുകളും മനുഷ്യരും ഒരു മൈതാനത്ത് ഒത്ത്കൂടി എല്ലാവരും എന്നോട് വിവിധ ആവശ്യങ്ങളുന്നയിക്കുകയും ഞാനത് നല്‍കുകയും ചെയ്താലും സമുദ്രത്തില്‍ സൂചി കടത്തി എടുത്താലുള്ളത്ര പോലും അത് കുറവ് വരുത്തുകയില്ല. എന്റെ ദാസന്‍മാരേ, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ക്രോഡീകരിച്ച് വെക്കുകയും അവസാനം നിങ്ങള്‍ക്ക് പരിപൂര്‍ണമായി പ്രതിഫലം നല്‍കുന്നതുമാണ്. ആരെങ്കിലും സന്തോഷകരമായത് കണ്ടാല്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യട്ടെ. മറിച്ചാണെങ്കില്‍ സ്വയം ആക്ഷേപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 11 : കഠിനാദ്ധ്വാനം. Bookmark the permalink.