നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക

അല്ലാഹു പറയുന്നു:

എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്. (സൂറ: അല്‍ ബഖറ: 148 )

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക.  ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി
ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (സൂറ: ആലു ഇംറാന്‍: 133)

58. ഉഖ് ബിന് ഹാരിസ്(റ) നിവേദനം: നബി(സ)യുടെ കൂടെ ഞാന്‍ മദീനയില്‍ വെച്ച് അസര്‍ നമസ്‌കരിക്കുകയുണ്ടായി. നമസ്‌കാരം കഴിഞ്ഞയുടനെ അവിടുന്ന് ധൃതിയില്‍ എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ ചാടിക്കടന്ന്  തന്റെ ചില ഭാര്യമാരിലൊരാളുടെ റൂമില്‍ കടന്ന് ചെന്ന് ഉടനെ തിരിച്ച് വന്നു. തന്റെ ധൃതി ജനങ്ങളെ ആശ്ചര്യപ്പെടുത്തിയതായി മനസ്സിലാക്കിയതിനാല്‍ അവിടുന്ന് ഇങ്ങിനെ പറയുകയുണ്ടായി: എന്റെ കയ്യിലുണ്ടായിരുന്ന ശുദ്ധീകരിക്കാത്ത അല്‍പം സ്വര്‍ണത്തെക്കുറിച്ച് ഓര്‍മ വന്നതിനാലാണ് ഞാന്‍ എഴുന്നേറ്റ് പോയത്. അത് എന്നെ കെട്ടിയിടുമെന്നത് ഇഷ്ട്ടപ്പെടാത്തതിനാല്‍ ഞാന്‍ അത് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. (ബുഖാരി)

59. ജാബിര്‍(റ) നിവേദനം: ഉഹ്ദ് യുദ്ധവേളയില്‍ ഒരാള്‍ നബി(സ)യോട് ചോദിക്കുകയുണ്ടായി: ഞാന്‍ ഇവിടെ കൊല്ലപ്പെട്ടാല്‍ എന്റെ സ്ഥാനം എവിടെയായിരിക്കും? അവിടുന്ന് പറയുകയുണ്ടായി: ‘സ്വര്‍ഗത്തില്‍.’ അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന ഏതാനും കാരക്കകള്‍ ദൂരെയെറിഞ്ഞ് കൊല്ലപ്പെടുന്നത് വരെ അദ്ദേഹം പോരാടി. (മുത്തഫഖുന്‍ അലൈഹി)

60. അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരെ, ഏത് ദാനധര്‍മമാണ് ഏറ്റവും ശ്രേഷ്ഠമായത്: നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക; ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക; ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക; ദാരിദ്യത്തെക്കുറിച്ച് നീ ഭയപ്പെടുക; എന്നീ പരിതസ്ഥിതിയില്‍ നീ നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിപ്പിക്കരുത്; ജീവന്‍ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാല്‍ ഇന്നവനിത്ര കൊടുക്കണം ഇന്നവനിത്ര കൊടുക്കണം എന്നെല്ലാം നീ പറയാന്‍ തുടങ്ങും; എന്നാല്‍ അത് മറ്റൊരുവന്റെ സ്വത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. (മുത്തഫഖുന്‍ അലൈഹി)

61. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ഏഴുകാര്യങ്ങള്‍ക്ക് മുമ്പായി നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ധൃതി കാണിക്കുക. (ആരാധനകളെ) മറപ്പിച്ചു കളയുന്ന ദാരിദ്ര്യമോ
അതല്ലെങ്കില്‍ അതിരു വിട്ടു പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള സമ്പന്നതയോ, ക്ഷയിപ്പിച്ചു കളയുന്ന രോഗമോ, അവശനാക്കി തീര്‍ക്കുന്ന വാര്‍ദ്ധക്യമോ, പെട്ടന്നുളള മരണമോ അതല്ലെങ്കില്‍
ദജ്ജാലിനേയോ ആണോ നിങ്ങള്‍ കാത്തിരിക്കുന്നത്?. എങ്കില്‍ അത് വളരെ മോശമായ കാത്തിരിപ്പുതന്നെയാണ്. അന്ത്യദിനത്തെ കാത്തിരിക്കുന്നുവെങ്കില്‍ അത് ഭയാനകവും കഠിനവുമാണ്. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ് വിധിക്കുകയും ചെയ്തു)

This entry was posted in അദ്ധ്യായം 10 : നന്മയിലേക്ക് ധൃതിയില്‍ വരിക, പ്രോത്സാഹിപ്പിക്കുക. Bookmark the permalink.