സദസ്സിലും കൂട്ടുകാരോടും പാലിക്കേ മര്യാദകൾ

489 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി)

490 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങളിൽ ഒരാൾ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോവുകയും പിന്നീട് അവിടേക്കു തന്നെ തിരിച്ചു വരികയും ചെയ്യുന്നുവെങ്കിൽ ആ ഇരിപ്പിട ത്തിൽ ഇരിക്കാനുള്ള അർഹത അയാൾക്കുതന്നെയാകുന്നു. (മുസ്‌ലിം)

491 ജാബിർ ബ്‌നു സമുറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ നബി(സ)യുടെ സദസ്സിലേക്ക് വന്നാൽ എവിടെയാണോ ഞങ്ങൾ എത്തിയത് അവിടെതന്നെ ഇരിക്കാറായിരുന്നു ചെയ്തിരുന്നത്. (അബൂദാവൂദ്)

492 സൽമാനുൽ ഫാരിസി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: വെള്ളിയാഴ്ച ദിവസം ആരെങ്കിലും കഴിയുന്ന പ്രകാരം നന്നായി കുളിച്ചു വൃത്തിയാവുകയും എണ്ണയും സുഗന്ധവും പൂശുകയും ചെയ്ത്, പുറപ്പെടുകയും രണ്ടാളുകൾക്കിടയിൽ വേർപിരിക്കാതെ (പള്ളിയിൽ) തനിക്ക് നിശ്ചയിക്കപ്പെട്ടത് നമസ്‌കരിക്കുകയും, ഇമാം പ്രസംഗിക്കുമ്പോൾ മൗനംപാലിച്ച് ശ്രദ്ധിച്ചിരിക്കുകയും ചെയ്താൽ തന്റെ ആ ജുമുഅയുടേയും മറ്റൊരു ജുമുഅയുടേയും ഇടയിലുള്ള പാപങ്ങളഎല്ലാം അയാൾക്ക് പൊറുക്കപ്പെടാതിരിക്കുകയില്ല” (ബുഖആരി)

493 അംറ്ബ്നു ശുഐബ് (റ)വിൽൽ നിന്നു നിവേദനം: അദ്ദേഹം തന്റെ പിതാവിൽ നിന്നു ഉദ്ധരിക്കുന്നു, നിശ്ചയം നബി(സ) പറഞ്ഞിരിക്കുന്നു: ”അനുവാദം കൂടാതെ രണ്ടാളുകൾക്കിടയിൽ വേർപിരിക്കാൻ പാടില്ല” (അബൂദാവൂദ്,തിർമുദി)

494 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: നിങ്ങൾ ഒരു സദസ്സിൽ ഇരിക്കുകയും അവിടെ ധാരാളമായി അപശബ്ദങ്ങൾ ഉണ്ടാവുകയും, എന്നാൽ അവിടെ നിന്ന് പിന്തിരിഞ്ഞു പോകുന്നതിന് മുമ്പായി അല്ലാഹുവേ, നീ പരിശുദ്ധനാണ്. നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. നീയല്ലാതെ ആരാധ്യനില്ല.നിന്നോടു ഞാൻ പൊറുക്കലിനെ തേടുകയും നിന്നിലേക്ക് ഞാൻ ഖേദിച്ചു മടങ്ങുകയും ചെയ്തിരിക്കുന്നു. എന്ന് പറയുകയും ചെയ്താൽ ആ സദസ്സിൽ വെച്ചുണ്ടായ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (തിർമുദി)

495 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, പ്രവാചകൻ സദസ്സുകളിൽ നിന്ന് വളരെ അപൂർവ്വമായിട്ടേ ഇപ്രകാരം പ്രാർത്ഥിക്കാതെ പിരിഞ്ഞു പോകാറുണ്ടാ യിരുന്നുള്ളൂ. അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ഞങ്ങൾ ധിക്കരിക്കുന്നതിന്റേയും ഇടയിൽ തടസ്സം സൃഷ്ടിക്കുന്ന വിധമുള്ള ഭക്തി ഞങ്ങൾക്ക് തരേണമേ, ഞങ്ങളെ നിന്റെ സ്വർഗ്ഗം പ്രാപിക്കാനാവുന്ന സുകൃതവാൻമാരാക്കേണമേ. ദുനിയാവിലെ പരീക്ഷണങ്ങളെ നിസ്സാരമാക്കുന്ന ദൃഢമനസ് ഞങ്ങൾക്ക് നീ നൽകേണമേ. അല്ലാഹുവേ നീ ഞങ്ങളെ ജീവിപ്പിക്കുന്നേടത്തോളംകാലം ഞങ്ങൾക്ക് നീ കാഴ്ചയും ആരോഗ്യവും കേൾവിയും നൽകുകയും അവയെ ഞങ്ങളുടെ അനന്തരമാക്കുകയും ചെയ്യേണമേ. ഞങ്ങളെ അക്രമിച്ചവരോട് നീ പ്രതികാരം ചെയ്യേണമേ, ഞങ്ങളോട് ശത്രുതകാണിക്കുന്ന വർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.മതവിഷയത്തിൽ ഞങ്ങളെ നീ പരീക്ഷിക്കാതിരിക്കേണമേ. അല്ലാഹുവേ,ദുനിയാവിനെ ഞങ്ങളുടെ മുഖ്യ ചിന്തയോ വിജ്ഞാനത്തിന്റെ ഉദ്ദ്യേശ്യമോ ആക്കരുതേ. ഞങ്ങളോട് കാരുണ കാണിക്കാത്തവർക്ക് ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ. (തിർമുദി)

496 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു. അല്ലാഹുവിനെ സ്മരിക്കുകയോ, നബി(സ)യുടെ പേരിൽ സ്വലാത്തു ചൊല്ലുകയോ ചെയ്യാത്ത സദസ്സുകളിൽ ആരെങ്കിലും ഇരിക്കുന്നുവെങ്കിൽ അത് അവന് നഷ്ടമാകാതിരിക്കില്ല, അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തു കൊടുത്തേക്കാം, അല്ലെങ്കിൽ അല്ലാഹു ഉദ്ദേശിച്ചാൽ അവനെ ശിക്ഷിച്ചേക്കാം. (തിർമുദി )

484 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ)പറഞ്ഞു: ”ഒരാൾ എവിടെയെങ്കിലും ഇരിക്കുകയും അവടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അത് അല്ലാഹുവിന്റെ അടുക്കൽ അയാൾക്ക് നഷ്ടമായിത്തീരുന്നതാണ്. അപ്രകാരം തന്നെയാണ് ഒരാൾ എവിടെയെങ്കിലും കിടക്കുകയും അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതും അല്ലാഹുവിന്റെ അടുക്കൽ അയാൾക്ക് നഷ്ടമായിത്തീരുന്നതാണ്.” (അബൂദാവൂദ് )

This entry was posted in അദ്ധ്യായം 4 : കിടത്തം, ഉറക്കം, ഉറക്കത്തിലുള്ള സ്വപ്നം എന്നിവയുടെ മര്യാദകൾ. Bookmark the permalink.