അല്ലാഹുവിന്റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്റെ നശ്വരതയും പരലോകത്തിന്‍റെ ഭയാനകതയും

അല്ലാഹു പറയുന്നു:

നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി  നിങ്ങള്‍ ഈരണ്ട്  പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും
ചെയ്യണമെന്ന്. (സൂറ: സബഅ്: 46)

തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് . നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! (സൂറ: ആലു ഇംറാന്‍: 190, 191)

ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്.പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന് അതിനാല്‍ (നബി(സ)യേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. (സൂറ: ഗാശിയ : 17 21)

അവര്‍ ഭൂമിയില്‍ കൂടി സഞ്ചരിച്ചിട്ടില്ലേ? എങ്കില്‍ തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവര്‍ക്ക് നോക്കിക്കാണാമായിരുന്നു. (സൂറ: മുഹമ്മദ്: 10)

ധാരാളം വചനങ്ങള്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട് .

43. ശദ്ദാദ്ബിൻ ഔസ്(റ) നിവേദനം: റസൂൽ(സ) പറയുകയുണ്ടായി: തന്റെ ശരീരത്തെ കീഴൊതുക്കി ജീവിക്കുകയും പരലോക വിജയത്തിന് വേണ്ടി  പ്രവർത്തിക്കുകയും ചെയ്യുന്നവനത്രേ ബുദ്ധിയുള്ളവൻ. ദേഹേഛകൾക്കൊത്ത് ജീവിക്കുകയും അല്ലാഹുവിൽ നിന്ന്‌ അനർഹമായത് കൊതിക്കുകയും പ്രദീക്ഷിക്കുകയും ചെയ്യുന്നവനാകുന്നു ദുർബലൻ. (തിർമിദി )

This entry was posted in അദ്ധ്യായം 9 : അല്ലാഹുവിന്‍റെ സൃഷ്ടികളെ കുറിച്ച് ആലോചിക്കുക, ഇഹലോകത്തിന്‍റെ നശ്വരതയും പരലോകത്തിന്‍റെ ഭയാനകതയും. Bookmark the permalink.