വസ്ത്രത്തിന്റെ നീളം, വസ്ത്രം വലിച്ചിഴക്കൽ എന്നിവ

465 അസ്മാ(റ)വിൽ നിന്ന് നിവേദനം: നബി(സ)യുടെ കുപ്പായത്തിന്റെ കൈ ഭുജം വരെയുണ്ടായിരുന്നുള്ളൂ. (അബൂദാവൂദ്,തിർമുദി)

466 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അവിടുന്ന് പറഞ്ഞു: താങ്കൾ ഒരിക്കലും അത് അഹങ്കാരം കൊണ്ട് ചെയ്യുന്നവരിൽ പെടുന്നവരല്ല. (ബുഖാരിയും മുസ്‌ലിമിലെ ചില റിപ്പോർട്ടും)

467 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

468 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നെരിയാണിക്ക് താഴെ താഴ്ന്നുകിടക്കുന്ന വസ്ത്രം നരകത്തിലാണ്. (ബുഖാരി)

469 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു. തുണി, ഷർട്ട്, തലപ്പാവ് എന്നിവയിലും ഇസ്ബാൽ(വലിച്ചിഴക്കലുണ്ട്) അവയിലേതെങ്കിലും അഹങ്കാരം കൊണ്ട് വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. (അബൂദാവൂദ്,നസാഈ)

470 അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞിരിക്കുന്നു. ഒരു മുസൽമാന്റെ തുണിഅവന്റെ കണംകാലിന്റെ പകുതിവരെയാണ്. മടമ്പുവരെ ആകുന്നതിനു വിരോധമില്ല. ഞെരിയാണിയും വിട്ടു താഴ്ന്നുകിടക്കുന്നുവെങ്കിൽ അത് നരകത്തിലാണ്. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. (അബൂദാവൂദ്,)

471 ജാബിർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം നൽകിയാലും. അവിടുന്ന് പറഞ്ഞു: ”നീ ആരേയും ശകാരിക്കരുത്”. ജാബിർ(റ) പറഞ്ഞു, അതിനു ശേഷം ഞാൻ സ്വതന്ത്രനേയോ അടിമയയേയോ ഒട്ടകത്തിനേയോ ആടിനേയോപോലും ശകാരിച്ചിട്ടില്ല. ”നല്ല ഒരു കാര്യത്തേയും നീ നിസ്സാരമായി കാണരുത്, നിന്റെ സഹോദരൻമാരോടു നീ സംസാരിക്കുമ്പോൾ പ്രസന്നവദനനായി സംസാരി ക്കണം, അത് സുകൃതമാണ്, നീ നിന്റെ തുണി ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാര മാണ്. അഹങ്കാരം അല്ലാഹു ഇഷ്ടപ്പെടുകയില്ല. വല്ലവനും നിന്നെ അസഭ്യം പറയുകയോ നിന്റെ ന്യൂനതകൾ എടുത്ത്‌ പറഞ്ഞ് നിന്നെ അപമാനിക്കുകയോ ചെയ്താൽ പോലും നീ അവന്റെ ന്യൂനതകൾ എടുത്ത് പറഞ്ഞ് അവനെ അപമാനിക്കരുത്. അതിന്റെ ഫലം അവൻ അനുഭവിച്ചു കൊള്ളും (അബൂദാവൂദ്, തിർമുദി)

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.