വെള്ള വസ്ത്രം അണിയൽ സുന്നത്ത്, കോട്ടൻ, രോമം പോലുള്ളവ കൊണ്ടുള്ള വസ്ത്രം അനുവദനീയമാണ്‌

അല്ലാഹു പറഞ്ഞിരിക്കുന്നു: (ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറക്കാനുതകുന്ന വസ്ത്രവും അലങ്കാര വസ്ത്രവും നൽകിയിരിക്കുന്നു, ധർമ്മ നിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുൽ ഉത്തമം (അഅ്‌റാഫ് 26)
(നിങ്ങളെ ചൂടിൽ നിന്നും കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും നിങ്ങളന്യോന്യം നടത്തുന്ന അക്രമണത്തിൽ നിന്നു നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു (നഹ്ൽ: 81)

459 സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ)

460 ബർറാഅ്‌(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) അധികം നീണ്ടവരോ വളരെ കുറിയവരോ അല്ലാത്ത ഒത്ത ഒരാളായിരുന്നു. ഒരിക്കൽ അദ്ദേഹം ചുവന്ന നിറമുള്ള ഒരു തരം വസ്ത്രം ധരിച്ചതായി ഞാൻ കാണുകയുണ്ടായി. അതിൽ കൂടുതൽ സൗന്ദര്യമുള്ള യാതൊന്നും ഞാൻ കണ്ടിട്ടില്ല. (മുത്തഫഖുൻ അലൈഹി)

461 അബൂറുംഥത്തുത്തമീമീ(റ)വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: പച്ചവർണ്ണത്തിലുള്ള വസ്ത്രം ധരിച്ചനിലയിൽ ഒരിക്കൽ നബി(സ)യെ ഞാൻ കാണുകയുണ്ടായി. (അബൂദാവൂദ്)

462 ജാബിർ(റ)വിൽ നിന്ന് നിവേദനം: മക്കാവിജയ ദിവസം കറുത്ത തലപ്പാവണിഞ്ഞ നിലയിലാണ് നബി(സ)മക്കയിൽ പ്രവേശിച്ചത് (മുസ്‌ലിം)

463 ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)

464 മുഗീറത്ത് ബ്‌നു ശുഉബ(റ)നിൽ നിന്ന് നിവേദനം: ഒരു രാത്രിയിൽ യാത്രയിൽ ഞാൻ നബി(സ)യുടെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു നിന്റെ പക്കൽ വെള്ളമുണ്ടോ . അപ്പോൾ അതെ എന്ന് ഞാൻ പറഞ്ഞു, ഉടനെ അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങി മലമൂത്ര വിസർജ്ജനം നിർവ്വഹിക്കാനായി മറഞ്ഞിരുന്നു. തിരിച്ചു വന്നപ്പോൾ ഞാൻ തോൽപാത്രത്തിൽ നിന്ന് വെള്ളെം ചെരിച്ച് കൊടുത്തു, നബി(സ)മുഖം കഴുകി. രോമം കൊണ്ടുള്ള ഒരു ജുബ്ബയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.അതിൽ നിന്നും തന്റെ രണ്ടു മുഴങ്കൈകളും പുറത്തേക്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അവസാനം ജുബ്ബയുടെ താഴ്ഭാഗത്തുകൂടിയാണ് വലിച്ചെടുത്തത്. ശേഷം രണ്ട് കൈകളും കഴുകുകയുംതല തടവുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ സോക്‌സ് അഴിച്ചുമാറ്റാൻ ഞാൻ കുനിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, അത് രണ്ടും നീ വിട്ടേക്കുക, വുളു ചെയ്തു കൊണ്ടാണ് ഞാൻ അത് ധരിച്ചത് എന്ന് പറഞ്ഞ് അതിൻമേൽ തടവുകയും ചെയ്തു. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 3 : വസ്ത്രധാരണ മര്യദകൾ. Bookmark the permalink.