ഇസ്തിഖാമ (സന്‍മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക)

അല്ലാഹു പറയുന്നു:

” ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക.” ( 11/112 )

” ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട്  ഇപ്രകാരംപറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍  ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്. ” (41/3032 )

” ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി  വരികയുമില്ല.അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്. ‘ (46/1314)

56. സുഫ്‌യാന്‍ ബിന്‍ അബ്ദില്ല(റ) നിവേദനം: അദ്ദേഹം നബി(സ)യോട് ചോദിക്കുകയുണ്ടായി: പ്രവാചകരെ, മറ്റൊരാളോടും ചോദിക്കത്ത വിധം ഇസ്‌ലാമിനെ ക്കുറിച്ചുള്ള ഒരു കാര്യം താങ്കള്‍ പറഞ്ഞ് തന്നാലും. അവിടുന്ന് പറയുകയുണ്ടായി: നീ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുകയും അതനുസരിച്ച് നേരെ നിലകൊള്ളുകയും ചെയ്യുക. (മുസ്‌ലിം)

57. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: സല്‍കര്‍മ്മങ്ങള്‍ ചെയ്തത് കൊണ്ട് മാത്രം ഒരാളും രക്ഷപ്പെടുന്നില്ല. അതിനാല്‍ നിങ്ങള്‍ ഏറ്റവും ശരിയായ രൂപത്തിലും,
ഏറ്റക്കുറച്ചിലുകളില്ലാത്ത നിലയിലും കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: താങ്കളുടെ കാര്യവും അങ്ങിനേയോ? നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും എന്നെ പൊതിയുന്നില്ലെങ്കില്‍ ഞാനും അങ്ങിനെ തന്നെ. (മുസ്‌ലിം)

സദാസമയവും അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുക എന്നതാണ് ഇസ്തിഖാമയുടെ ഉദ്ദേശമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട് .

This entry was posted in അദ്ധ്യായം 8 : ഇസ്തിഖാമ (സന്‍മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുക). Bookmark the permalink.