ദൃഢവിശ്വാസവും ഭരമേല്‍പിക്കലും

അല്ലാഹു പറയുന്നു:

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (സൂറ: അല്‍ അഹ്‌സാബ്: 22)

ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ്ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു. (സൂറ: ആലു ഇംറാന്‍: 173, 174)

ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക. (സൂറ:ഫുര്‍ഖാന്‍: 58)

അല്ലാഹുവിന്റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്. (സൂറ: ഇബ്രാഹീം: 14)

അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. (സൂറ: ആലു ഇംറാന്‍ : 159)

വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. (സൂറ: ത്വലാഖ്: 3)

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍
ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. (സൂറ: അന്‍ഫാല്‍: 2)

48. ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: മുഴുവന്‍ സമുദായങ്ങളെയും എനിക്ക് കാണിക്കപ്പെടുകയുണ്ടായി. ഒരു പ്രവാചകന്റെ കൂടെ ഒരു സംഘം ആളുകളുള്ളവരും, ഒന്നോ രണ്ടോ  പേര്‍ മാത്രമുള്ള നബിമാരെയും, ഒരാളുമില്ലാതെ തനിച്ചുവന്ന നബിമാരെയും ഞാന്‍ കാണുകയുണ്ടായി. അതിനിടയില്‍ ഒരു വന്‍ജനക്കൂട്ടത്തെ കണ്ടപ്പോള്‍ എന്റെ സമുദായമാണെന്ന് ഞാന്‍ കരുതി. എന്നാല്‍ അവര്‍ മൂസാ നബി(അ)യും അദ്ദേഹത്തിന്റെ സമുദായവുമാണന്ന് എന്നോട് പറയപ്പെട്ടു. എന്നിട്ട് എന്നോട് ഒരു ദിക്കിലേക്ക് നോക്കുവാന്‍ പറഞ്ഞു. അവിടെ ഞാന്‍ ഒരു പാട് ആളുകളെ കണ്ടു . എന്നോട് മറ്റൊരു ചക്രവാളത്തി ലേക്ക് നോക്കുവാന്‍ പറഞ്ഞു. അവിടേയും ഞാന്‍ ഒരു പാട് ആളുകളെ കണ്ടു . എന്നിട്ട് എന്നോട് പറഞ്ഞു. ഇവരെല്ലാം താങ്കളുടെ സമുദായമാകുന്നു. അവരുടെ കൂട്ടത്തില്‍ എഴുപതിനായിരം പേര്‍ വിചാരണയും ശിക്ഷയുമില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുണ്ട് . ശേഷം അവിടുന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോയി. ശിക്ഷയോ വിചാരണയോ കൂടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്ന ആ വിഭാഗത്തെ കുറിച്ച് പിന്നീട് അവിടെയുണ്ടായിരുന്ന ആളുകള്‍ ചര്‍ച്ചയാരംഭിച്ചു. നബി(സ)യുടെ കൂടെ ജീവിച്ച അനുയായികളായിരിക്കും ആ വിഭാഗമെന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിമായി ജനിക്കുകയും ശിര്‍ക്ക് ചെയ്യാതെ ജീവിക്കുകയും ചെയ്തവരായിരിക്കും എന്ന് വേറെ ചിലര്‍ അഭിപ്രായപ്പെട്ടു. വേറെ പല അഭിപ്രയങ്ങളും പറയുന്നതിനിടയില്‍ അവരുടെ ഇടയിലേക്ക് നബി(സ) ഇറങ്ങി വന്നു ചോദിച്ചു. നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് അവര്‍ കാര്യം പറഞ്ഞപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: അവര്‍ മന്ത്രിക്കുകയും, മന്ത്രിപ്പിക്കുകയും, ശകുനം നോക്കുകയും ചെയ്യാത്തവരും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുന്നവരുമാകുന്നു. അപ്പോള്‍ ഉക്കാശ(റ) എഴുന്നേറ്റ് നിന്ന് ചോദിക്കുകയുണ്ടായി: അവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടാന്‍ അവിടുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: നീ അവരുടെ കൂട്ടത്തില്‍പ്പെട്ടവന്‍ തന്നെയാകുന്നു. അപ്പോള്‍ മറ്റൊരാള്‍ എഴുന്നേറ്റ് നിന്ന് ചോദിക്കുകയുണ്ടായി: ഞാനും അവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: നിങ്ങള്‍ക്ക് മുമ്പ് ഉക്കാശ(റ) അത് കൈവശപ്പെടുത്തിക്കഴിഞ്ഞു. (മുത്തഫഖുന്‍ അലൈഹി)

49. ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, ഞാന്‍ നിനക്ക് കീഴ്‌പ്പെടുകയും, നിന്നില്‍ വിശ്വസിക്കുകയും, നിന്നില്‍ ഭരമേല്‍പ്പിക്കുകയും, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും, നിന്റെ സഹായത്താല്‍ ന്യായവാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, ഞാന്‍ വഴിതെറ്റിപ്പോകുന്നതില്‍ നിന്നും നിന്റെ പ്രതാപം കൊണ്ട്  ഞാന്‍  കാവലിനെത്തേടുന്നു. നീയല്ലാതെ മറ്റൊരാരാധ്യനില്ല. നീയാകുന്നു മരണമില്ലാതെ എന്നെന്നും ജീവിക്കുന്നവന്‍. മനുഷ്യരും ജിന്നുകളും മരിക്കുന്നവരാകുന്നു. (മുത്തഫഖുന്‍ അലൈഹി)

50. അബൂ ഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരുടെ മനസ്സുകള്‍ പക്ഷികളുടെ മനസ്സ് പോലെയായിരിക്കും. (മുസ്‌ലിം)

51. അബൂ ഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: നിങ്ങള്‍ ശരിയാംവണ്ണം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പോലെ അവന്‍ നിങ്ങള്‍ക്കും
ഭക്ഷണം നല്‍കുമായിരുന്നു. ഒട്ടിയ വയറുകളുമായി അവ രാവിലെ പുറപ്പെടുകയും നിറവയറുകളുമായി തിരിച്ചുവരികയും ചെയ്യുന്നു. (തിര്‍മിദി)

52. ബറാഅ്(റ) നിവേദനം: കിടക്കാന്‍ വിരിയിലേക്ക് ചെന്നാല്‍ താഴെ കാണുന്നത് പോലെ പ്രാര്‍ത്ഥിക്കണമെന്ന് നബി(സ) ഒരാളോട് കല്‍പിക്കുകയുണ്ടായി: ‘അല്ലാഹുവേ, എന്റെ ആത്മാവിനെ ഞാന്‍ നിന്നിലേക്ക് ഏല്‍പിക്കുന്നു; എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു; എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു; എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്‍പിക്കുന്നു; നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെക്കുറിച്ചുള്ളഭയത്തോടെയുമാണിതെല്ലാം; നിന്നില്‍ നിന്ന് നിന്നിലേക്കുതന്നെയല്ലാതെ അഭയ സ്ഥാനമോ, രക്ഷാകേന്ദ്രമോ ഇല്ല; നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു’. അങ്ങിനെ പ്രാര്‍ത്ഥിച്ച് ഉറങ്ങിയ ശേഷം മരണമടഞ്ഞാല്‍ അയാള്‍ ശുദ്ധപ്രകൃതിയില്‍ മരിക്കുന്നവനായിരിക്കും ഉണരുകയാണെങ്കില്‍ ശുഭകരമായ ഉണര്‍ച്ചയുമായിരിക്കും. (മുത്തഫഖുന്‍ അലൈഹി)

ബുഖാരിയിലും മുസ്‌ലിമിലുമുളള മറ്റൊരു റിപ്പോര്‍ട്ടിലുളളത്. ബര്‍റാഅ്(റ) നിവേദനം: നബി(സ) എന്നോട് പറഞ്ഞു: നീ ഉറങ്ങാനുദ്ദേശിച്ചാല്‍ നമസ്‌കാരത്തിനെന്നപോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞ്കിടന്ന് ഇങ്ങനെ പറയുക, എന്നിട്ട് ഉപരിസൂചിത പ്രാര്‍ത്ഥന ഉദ്ധരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: ഈ പ്രാര്‍ത്ഥനയാണ്അവസാനം പറയേണ്ടത്.

53. അബുബക്കര്‍(റ) നിവേദനം: സൗര്‍ ഗുഹയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ അവിശ്വാസികളുടെ കാല്‍പാദങ്ങള്‍ ഗുഹാമുഖത്ത് ഞങ്ങളുടെ മുകളില്‍ ഞങ്ങള്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ നബി(സ)യോട് പറയുകയുണ്ടായി: അവരിലാരെങ്കിലും തങ്ങളുടെ കാലിനു താഴെക്ക് നോക്കുന്നുവെങ്കില്‍ നമ്മെ അവര്‍ കാണുക തന്നെ ചെയ്യുമല്ലൊ?! അപ്പോള്‍ നബി(സ) പറയുകയുണ്ടായി: അല്ലാഹു മൂന്നാമതായി കൂടെയുള്ള രണ്ട് പേരെ കുറിച്ച് നിങ്ങളെന്താണ് വിചാരിക്കുന്നത്?!!. (മുത്തഫഖുന്‍ അലൈഹി)

54. മുഅ്മിനീങ്ങളുടെ മാതാവ് ഉമ്മുസല്‍മ(റ) ഉദ്ധരിക്കുന്നു: നബി(സ) തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകാന്‍ ഉദ്ദേശിക്കുമ്പോള്‍ പറയാറുണ്ട് : ‘അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ യാത്രയാരംഭിക്കുന്നു; എല്ലാം ഞാന്‍ അല്ലാഹുവിനെ ഭരമേല്‍പിച്ചിരിക്കുന്നു; ഞാന്‍ അലഞ്ഞുതിരിയുകയോ, വഴിതെറ്റിക്കപ്പെടുകയോ അബദ്ധത്തില്‍ ചാടുകയോ, തെറ്റു ചെയ്യിക്കപ്പെടുകയോ, അക്രമിക്കുകയോ, അക്രമിക്കപ്പെടുകയോ, വിഢിത്തം ചെയ്ത് പോവുകയോ, അവിവേകം പ്രവര്‍ത്തിക്കപ്പെടുകയോ ചെയ്യുന്നതില്‍ നിന്നെല്ലാം അല്ലാഹുവേ, നിന്നോട് ഞാന്‍ കാവലിനെ തേടുന്നു.’ (അബൂദാവൂദ്, തിര്‍മിദി)

55. അനസ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് രണ്ട് സഹോദരന്‍മാരുണ്ടായിരുന്നു. അവരിലൊരാള്‍ നബി(സ)യുടെ അടുത്ത് വന്ന് പഠിക്കുകയും മറ്റേയാള്‍ തൊഴിലെടുക്കുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. ഒരു ദിവസം ജോലിക്ക് പോകുന്ന സഹോദരന്‍ ജോലിയെടുക്കാത്ത തന്റെ സഹോദരനെ ക്കുറിച്ച് നബി(സ)യോട് പരാതി പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ഒരു പക്ഷെ നിനക്ക് അല്ലാഹു അന്നം നല്‍ കികൊണ്ടിരിക്കുന്നത് അവന്‍  കാരണമായിട്ടായിരിക്കാം. (തിര്‍മിദി ഉദ്ദരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ്വിധിക്കുകയും ചെയ്തത്)

This entry was posted in അദ്ധ്യായം 7: ദൃഢവിശ്വാസവും ഭരമേല്‍പിക്കലും. Bookmark the permalink.