തഖ്‌വഃ

അല്ലാഹു പറയുന്നു:

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേ മുറപ്രകാരം സൂക്ഷിക്കുക. (സൂറ: ആലു ഇംറാന്‍: 102)

അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. (സൂറ: തഖാബുന്‍: 16)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. (സൂറ: അല്‍ അഹ്‌സാബ്: 70)
അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധ ത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.(ത്വലാഖ് :2,3)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. (സൂറ: അന്‍ഫാല്‍: 29)

45. അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു. അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി: അല്ലാഹുവിന്റെ ചങ്ങാതിയുടെ (ഇബ്രാഹീം നബി(അ)) മകനായിരുന്ന യഅ്ഖൂബ് നബിയുടെ(അ) പുത്രനും പ്രവാചകനുമായ യൂസുഫ് നബിയാകുന്നു(അ) അത്. അപ്പോള്‍ അവര്‍ പറഞ്ഞു: പ്രവാചകരെ, അതിനെ സംബന്ധിച്ചല്ല ഞങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ തിരുമേനി ചോദിക്കുകയുണ്ടായി: എന്നാല്‍ പിന്നെ നിങ്ങള്‍ അറബികളുടെ തറവാടുകളെ ക്കുറിച്ചാണോ ചോദിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, അപ്പോള്‍ നബി(സ) പറയുകയുണ്ടായി: ജാഹിലിയ്യത്തില്‍ ഉത്തമരായവര്‍ വിജ്ഞാനം നേടുന്നുവെങ്കില്‍ ഇസ്‌ലാമിലും ഉന്നതര്‍ തന്നെയായിരിക്കും. (മുത്തഫഖുന്‍ അലൈഹി)

46. ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, സന്മാര്‍ഗവും ഐശ്വര്യവും തഖ്‌വയും വിശുദ്ധിയും നിന്നോട് ഞാന്‍ ചോദിക്കുന്നു. (മുസ്‌ലിം)

47. അദിയ്യ് ബിന്‍ ഹാത്വിം(റ) നിവേദനം: നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ആരെങ്കിലും ഒരു വിഷയത്തില്‍ സത്യം ചെയ്യുകയും പിന്നീട് അതിലേറെ അല്ലാഹുവിങ്കല്‍ നല്ലതായിത്തീരുന്നത് കാണ്ടാല്‍ പ്രസ്തുത കാര്യം ചെയ്യട്ടെ. (മുസ്‌ലിം)

This entry was posted in അദ്ധ്യായം 6: തഖ്‌വഃ. Bookmark the permalink.