മുറാഖബഃ (അല്ലാഹുവിന്‍റെ നിരീക്ഷണം)

നീ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവന്‍. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവന്‍) ( അശ്ശുഅറാഅ് : 218, 219)

നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്  താനും (ഹദീദ് : 4)

ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിന്ന് അവ്യക്തമായിപ്പോകുകയില്ല; തീര്‍ച്ച. (ആലുഇംറാന്‍: 5)

തീര്‍ച്ചയായും നിന്റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്  (ഫജ്ര്‍: 14)

കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു. (മുഅ്മിന്‍: 19)

40. ഉമര്‍ (റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ നബി(സ)ക്ക് ചുറ്റുമിരിക്കുമ്പോള്‍ കറുകറുത്ത മുടിയുള്ള ശുഭ്രവസ്ത്രധാരിയായ ഒരാള്‍ കടന്ന് വന്നു. ഞങ്ങളില്‍ ഒരാള്‍ക്കും അയാളെ പരിചയമുണ്ടായിരുന്നില്ല. അയാളില്‍ യാത്രയുടെ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ അയാളുടെ കാല്‍മുട്ടുകള്‍ നബി(സ)യുടെ കാല്‍മുട്ടുകളോട് ചേര്‍ത്ത് വെച്ച് അയാളുടെ തുടകളില്‍ കൈകളും വെച്ചു. എന്നിട്ട് അയാള്‍ ചോദിക്കുകയുണ്ടായി: മുഹ മ്മദ് (സ), ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ)  പറയുകയുണ്ടായി: ഇസ്‌ലാമെന്നാല്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി(സ)അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക, നമസ്‌കാരം കൃത്യതയോടെ നിര്‍വ്വഹിക്കുക, സകാത്ത് നല്‍കുക, റമളാനിലെ വൃതമനുഷ്ഠിക്കുക, സാധിക്കുന്നവര്‍ ഹജ്ജ് നിര്‍വ്വഹിക്കുക എന്നിവയാണ്. അപ്പോള്‍ അയാള്‍   പറയുകയുണ്ടായി: നിങ്ങള്‍ പറയുന്നത് ശരിതന്നെയാണ്. അത് കേട്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. അയാള്‍ ചോദ്യം ചോദിക്കുകയും ഉത്തരം കേള്‍ക്കുമ്പോള്‍ ശരിയാണന്ന് പറയുകയും ചെയ്യുന്നതെന്ത് കൊണ്ടാണ്. അയാള്‍ വീണ്ടും  ചോദി ക്കുകയുണ്ടായി: ഈമാനിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ)പറയുകയുണ്ടായി അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും, അവന്റെ ദൂതരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാകുന്നു. അപ്പോള്‍ അയാള്‍ പറയുകയുണ്ടായി: നിങ്ങള്‍ പറയുന്നത് ശരിതന്നെയാണ്. അയാള്‍ വീണ്ടും  ചോദിക്കുകയുണ്ടായി: ഇഹ്‌സാനിനെ ക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ)പറയുകയുണ്ടായി: നീ അല്ലാഹുവിനെ കാണുന്ന രൂപത്തില്‍ ആരാധന നിര്‍വ്വഹിക്കലാണ് ഇഹ്‌സാന്‍. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെക്കാണു ന്നുണ്ട് . അയാള്‍ വീണ്ടും  ചോദിക്കുകയുണ്ടായി: അന്ത്യനാളിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: ചോദിക്കുന്നവനെക്കാള്‍ മറുപടി പറയുന്നവന് തദ്‌വിഷയത്തെക്കുറിച്ച് അറിയില്ല. അയാള്‍ ചോദിച്ചു: എന്നാല്‍ അതിന്റെ അടയാളങ്ങളെക്കുറിച്ച് പറഞ്ഞ് തരിക. അപ്പോള്‍ നബി(സ)പറയുകയുണ്ടായി: അടിമ സ്ത്രീ യജമാനത്തിയെ പ്രസവിക്കുന്നതും, നഗ്‌ന പാദരും വിവസ്ത്രരും ദരിദ്രരുമാ യ ആട്ടിടയന്മാര്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മത്സരിക്കുന്നത് നീ കാണുന്നതുമാണ്
.
അങ്ങിനെ അയാള്‍ പോവുകയും ഞാന്‍ അല്പ സമയം അവിടെ തങ്ങുകയും ചെയ്തു. അപ്പോള്‍ നബി(സ)ചോദിക്കുകയുണ്ടായി: ഉമര്‍ , ആരാണ് ആ ചോദ്യകര്‍ത്താവെന്ന് നിങ്ങള്‍ക്കറിയുമോ? ഞാന്‍ പറഞ്ഞു: അല്ലാഹു വിനും തിരു ദൂതനുമറിയാം. നബി(സ)പറയുകയുണ്ടായി: അയാള്‍ ജിബ്‌രീല്‍(അ) ആയിരുന്നു. നിങ്ങളുടെ മതത്തെക്കുറിച്ച് നിങ്ങള്‍ക്ക് പഠിപ്പിച്ച് തരാന്‍ വന്നതാണ്. (മുസ്‌ലിം)

41. അബൂദറ്(റ), മുആദ് (റ)നിവേദനം: റസൂല്‍(സ) പറയുകയുണ്ടായി: നീയെവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തെറ്റുകള്‍ സംഭവിച്ചാല്‍ ഉടനെ പകരമായി നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. അത് തിന്മയെ മായ്ക്കുന്നതാണ്. ജനങ്ങളോട് സല്‍സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണെന്ന് വിധിക്കുകയും ചെയ്തത്)

42. ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹാ യം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നി നക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു. (തിര്‍മിദി ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണ് വിധിക്കുകയും ചെയ്തത്) തിര്‍മുദിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പി ല്‍ കണ്ടെത്താം.

ഐശ്വര്യമുണ്ടാകുമ്പോള്‍ നീ അല്ലാഹുവിനെ അറിയുക, എന്നാല്‍ പ്രയാസം വരുമ്പോള്‍ നിന്നെ അവന്‍ അറിയുന്നതാണ്. നീ മനസ്സിലാക്കുക, നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് ലഭിക്കേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നില്‍ നിന്ന് വിട്ടൊഴിയുമായിരുന്നില്ല. ക്ഷമയോടൊപ്പമാണ് വിജയമെന്ന് നീ അറിയുക. ദുരിതത്തിന് ശേഷമാണ് ആശ്വാസമെന്നതും ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ടെന്നും നീ അറിയുക.

43. ശദ്ദാദ്ബിന്‍ ഔസ്  (റ ) നിവേദനം: റസൂല്‍(സ) പറയുകയുണ്ടായി: തന്റെ ശരീരത്തെ കീഴൊതുക്കി ജീവിക്കുകയും പരലോക വിജയത്തിന് വേണ്ടി  പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനത്രേ ബുദ്ധിയുള്ളവന്‍. ദേഹേഛ കള്‍ക്കൊത്ത് ജീവിക്കുകയും അല്ലാഹുവില്‍ നിന്ന്‌  അനര്‍ഹമായത് കൊതിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവനാകുന്നു ദുര്‍ബലന്‍. (തിര്‍മിദി )

44. അബൂ ഹുറൈറ(റ) നിവേദനം: റസൂല്‍(സ) പറയുകയുണ്ടായി: താനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നത് ഒരാളുടെ ഇസ്‌ലാമിക മേന്മയില്‍ പെട്ടതാണ്. (തിര്‍മിദി )

This entry was posted in അദ്ധ്യായം 5: മുറാഖബഃ (അല്ലാഹുവിന്റെ നിരീക്ഷണം). Bookmark the permalink.