അവധാനതയും സൗമ്യതയും പാലിക്കൽ

”കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. ” (3/134)

”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.” (7/199)

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയി ത്തീരുന്നു. ക്ഷമ കൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല.” 41/3435)

”വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു.” (42/43)

374. ഇബ്നുഅബാസി(റ)ൽ നിന്ന് നിവേദനം: അശജ്ജ് അബ്ദുൽ ഖൈസിനോട് ഒരിക്കൽ നബി(സ)പറഞ്ഞു: അല്ലാഹുവിനിഷ്ടമുള്ള രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്. 1.സഹിഷ്ണുത 2.സൗമ്യത (മുസ്‌ലിം)

375. ആയിശാൽ(റ)നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: അല്ലാഹു അവധാനത കാണിക്കുന്നവനാണ്. അവൻ മുഴുവൻ വിഷയങ്ങളിലും അവധാനത കാണിക്കുന്നത് ഇഷ്ടപ്പെടുന്നു. (മുത്തഫഖുൻഅലൈഹി)

376. ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: സൗമ്യത ഏത് കാര്യത്തിൽ പാലിച്ചാലും അത് ഭംഗിയായിരിക്കും. ഏതൊരു കാര്യത്തിൽ നിന്ന് അതൊഴിവാക്കിയാലും അത് മോശമാകുകയും ചെയ്യും. (മുസ്‌ലിം)

377. അബൂഹുറൈറ(റ) നിവേദനം: ഒരിക്കൽ ഒരു ഗ്രാമീണൻ പള്ളിയിൽ എഴുന്നേറ്റ് നിന്ന് മൂത്രിച്ചു. സഹാബികൾ അവനെ വിരട്ടാൻ തുനിഞ്ഞു. അപ്പോൾ നബി(സ)പറഞ്ഞു അവനെ വിട്ടേക്കുക അവൻ മൂത്രിച്ചതിൽ ഒരു ബക്കറ്റ് വെള്ളമൊഴിക്കുക ജനങ്ങൾക്ക് സൗകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങളെ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി)

378. അനസ്ൽ(റ) നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക, പ്രയാസമുണ്ടാക്കരുത്, ആളുകൾക്ക് സന്തോഷ വാർത്തയറിയിക്കുക, അവരെ വെറുപ്പിക്കരുത്. (മുത്തഫഖുൻ അലൈഹി)

379. ജരീർ(റ)ൽ നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: സൗമ്യത നഷ്ടപ്പെടുന്നവരിൽ നിന്ന് എല്ലാ നൻമകളും നഷ്ടപ്പെടുന്നതാണ്. (മുസ്‌ലിം)

380. ശദ്ദാദ്ബിന്‍ ഔസ് (റ)നിവേദനം: നബി(സ)യിൽ നിന്നും രണ്ട് കാര്യങ്ങൾ ഞാൻ പഠിക്കുകയുണ്ടായി. മുഴുവൻ കാര്യങ്ങളിലും അല്ലാഹു ഇഹ്‌സാൻ നിർണ്ണയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ കൊല്ലുമ്പോൾ നല്ല രൂപത്തിൽ കൊല്ലുക. അറുക്കുമ്പോൾ മാന്യമായി അറുക്കുക, ആയുധം മൂർച്ചയുള്ളതാക്കുകയും ബലി മൃഗത്തിന് ആശ്വാസംനൽകുകയും ചെയ്യുക(മുസ്‌ലിം)

381. ആയിശ(റ) നിവേദനം: രണ്ടു സംഗതികൾ തെരെഞ്ഞടുക്കാൻ നബി(സ)ക്ക് സാഹചര്യമുണ്ടായാൽ തിന്മയല്ലാത്തിടത്തോളം കാലം അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു തെരഞ്ഞടുക്കാറുണ്ടായിരു ന്നത്, പാപമുള്ള കാര്യമാണെങ്കിൽ അവിടുന്ന് അതിനെ സംബന്ധിച്ച് അതിവിദൂരത്തായിരുന്നു നിൽക്കാറുണ്ടാ യിരുന്നത്. അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോഴല്ലാതെ തനിക്ക് നേരിട്ട ഏതെങ്കിലും കാര്യ ത്തിന്റെ പേരിൽ അവിടുന്ന് പ്രതികാരം നടത്തിയിട്ടുമില്ല. അല്ലാഹുവിന്റെ അവകാശങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രതികാരം ചെയ്യാറുണ്ടാ യിരുന്നു. (മുത്തഫഖുൻ അലൈഹി)

382 .ഇബ്‌നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം: നബി(സ)പറയുകയുണ്ടായി: നരകം നിഷിദ്ധമാകുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരട്ടയോ ലോല പ്രകൃതരും സൗമ്യരും വിനയാനിത രുമാകുന്നു. (തിർമിദി)

This entry was posted in അദ്ധ്യായം 72 : അവധാനതയും സൗമ്യതയും പാലിക്കൽ. Bookmark the permalink.