സത്യസന്ധത

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (തൗബ:119 )

സത്യസന്ധരായ പുരുഷന്‍മാരും, സ്ത്രീകളും (അഹ്‌സാബ്:35)

അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം (മുഹമ്മദ്: 21)

36. അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേരണ്ട് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി)

37. ഹസന്‍ ബിന്‍ അലി(റ) നിവേദനം: ഞാന്‍ നബി(സ) യില്‍ നിന്നും താഴെ പറയുന്ന കാര്യം മനഃപാഠമാക്കുകയുണ്ടായി. സംശയമുള്ള സംഗതികള്‍ വിട്ട് സംശയ രഹിതമായ കാര്യങ്ങള്‍ നീ സ്വീകരിക്കുക. കാരണം സത്യം മനസ്സിന് സമാധാനം നല്‍കുന്നതും കളവ് സംശയവുമാണ്. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ് വിധിക്കുകയും ചെയ്തത്)

38. അനസ് (റ) നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും സത്യസന്ധമായി  രക്തസാക്ഷിത്വത്തിന്നായി അല്ലാഹുവോട് ചോദിച്ചാല്‍ തന്റെ വിരിപ്പില്‍ കിടന്ന് മരിച്ചാലും രക്തസാക്ഷികളുടെ പദവിയില്‍ എത്തിക്കും. (മുസ്‌ലിം)

39. ഹകീം ഇബ്‌നു ഹിസാം(റ)  നിവേദനം: റസൂല്‍(സ) പറയുകയുണ്ടായി: ക്രയവിക്രയങ്ങള്‍ നടത്തുന്ന രണ്ട്  പേര്‍ പരസ്പരം പിരിഞ്ഞ് പോകുന്നത് വരെ അതില്‍ നിന്ന് പിന്‍മാറുവാനോ, നടപ്പിലാക്കുവാനോ സ്വാതന്ത്ര്യമുള്ളവരാണ്. എന്നാല്‍ അവരിരുപേരും  സത്യം പാലിക്കുകയും യദാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുകയുമാണെങ്കില്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം ചൊരിയുന്നതാണ്. മറച്ചു വെക്കുകയോ കളവുപറയുകയോ ചെയ്താല്‍ അവരുടെ കച്ചവടത്തിലെ അനുഗ്രഹം നീക്കപ്പെടുന്നതാണ്. (മുത്തഫഖുന്‍ അലൈഹി)

This entry was posted in അദ്ധ്യായം 4: സത്യസന്ധത. Bookmark the permalink.