അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്റെ മഹത്വം, അതിനുള്ള പ്രേരണ, ആരെയെങ്കിലും സ്‌നേഹിക്കുമ്പോൾ അയാളെ അറിയിക്കൽ. അപ്പോൾ അയാളുടെ മറുപടി.

”മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കർക്കശമായി വർത്തിക്കുന്നവരാകുന്നു. അവർ അന്യോന്യം ദയാലുക്കളുമാകുന്നു.” (48/29)

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവർക്കും(അൻസാറുകൾക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞുവന്നവരെ അവർ സ്‌നേഹിക്കുന്നു.” (59/9)

242.അനസ്‌(റ)നിവേദനം: നബി(സ)പറയുകയുണ്ടായി:. മൂന്ന് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അതുമുഖേന അവന് സത്യ വിശ്വാസത്തിന്റെ മാധുര്യം അനുഭവപ്പെടും അല്ലാഹുവും റസൂലും(സ) മറ്റെല്ലാറ്റിനേക്കാളും അവന് പ്രിയപ്പെട്ടതാവുക. ഒരാളെ ഇഷ്ടപ്പെടുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാകുക. അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം സത്യനിഷേധത്തിലേക്ക് മടങ്ങുന്നത് തീയിലേക്ക് എറിയപ്പെടുന്നത് പോലെ വെറുപ്പായിരിക്കുക. എന്നി വയാണത്.

243. അബൂഹൂറൈറ(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവിന്റേതല്ലാത്ത വേറൊരു തണലുമില്ലാത്ത ഒരു ദിവസം അവൻ ഏഴ് വിഭാഗക്കാർക്ക് തന്റെ തണലിട്ടുകൊടുക്കുന്നതാണ്. നീതിമാനായ ഭരണാധി കാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്ത്‌കൊണ്ട് വളർന്ന യുവാവ്,ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടു കഴിയുന്ന മനുഷ്യൻ, അല്ലാഹുവിന്റെ മാർഗത്തിൽ സ്‌നേഹിതൻമാരായ രണ്ടാളുകൾ അതായത് അല്ലാഹുവിന്റെ പേരിൽ അവർ ഒത്തു കൂടുന്നു. അല്ലാഹുവിന്റെ പേരിൽ തന്നെ അവർ വേർപിരിയുന്നു. സൗന്ദര്യവതിയും കുലീനയുമായ ഒരുയുവതി വിളിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിൻമാറിയവൻ. വലതുകൈ ചിലവഴിക്കുന്നത് ഇടത്‌കൈ അറിയാത്ത വിധം ധർമ്മം ചെയ്തത് ഗോപ്യമാക്കിയവൻ. ഏകാന്തനായി അല്ലാഹുവിനെ ഓർത്ത് ഇരു നേത്രങ്ങളിൽ നിന്നും കണ്ണുനീർപൊഴിച്ചവൻ. (മുത്തഫഖുൻ അലൈഹി)

244. അബൂ ഹൂറൈറ(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു: തീർച്ചയായും അന്ത്യദിനത്തിൽ അല്ലാഹു പറയും എന്നെ മാനിച്ച് കൊണ്ട് പരസ്പരം സ്‌നേഹിച്ചവർ എവിടെ? എന്റെ തണലല്ലാത്ത വേറൊരു തണലു മില്ലാ ത്ത ഈ ദിവസം ഞാൻ അവർക്ക് എന്റെ തണലിട്ടുകെടുക്കുന്നതാണ്. (മുസ്‌ലിം)

245. അബൂ ഹൂറൈറ(റ) നിന്ന് നിവേദനം: നബി(സ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം നിങ്ങൾ സത്യവിശ്വാസികളാകാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്‌നേഹിക്കാതെ സത്യവിശ്വസികളാവില്ല. ഞാനൊരു കാര്യം അറിയിച്ച് തരാം അത് നടപ്പിലാക്കിയാൽ നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നവരാകും സലാം പറയുന്നത് നിങ്ങൾക്കിടയിൽ വ്യാപിപ്പിക്കുക എന്നതാണത്. (മുസ്‌ലിം)

246. ബർറാഅ്‌(റ)നിവേദനം: നബി(സ)അൻസാരികളെ സംബന്ധിച്ച് പറയുകയുണ്ടായി. സത്യവിശ്വാസിയല്ലാതെ അവരെ സ്‌നേഹിക്കുകയില്ല.കപടവിശ്വാസിയല്ലാതെ അവരെ വെറുക്കുകയുമില്ല. അവരെ സ്‌നേഹി ച്ചവനെ അല്ലാഹു സ്‌നേഹിക്കും അവരെ വെറുത്തവനെ അല്ലാഹു വെറുക്കും. (മുത്തഫഖുൻ അലൈഹി)

247. മുആദ്‌(റ)നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു. എന്നെ ആദരിച്ച്‌ കൊണ്ട് പരസ്പരം സ്‌നേഹിച്ചവർക്ക് പ്രകാശത്താലുള്ള പീഢങ്ങളുണ്ടായിരിക്കുന്നതാണ്. പ്രവാചകൻമാരും ശുഹദാക്കളു മെല്ലാം അത് മോഹിച്ചുപോകുന്നതാണ്. (തിർമിദി)

248. അനസ്(റ) നിവേദനം: ഒരാൾ പ്രവാചകന്റെ സന്നിധിയിൽ ഇരിക്കുമ്പോൾ മറ്റൊരു വ്യക്തി അതു വഴി കടന്നു പോയി. അയാൾ പറഞ്ഞു: പ്രവാചകരെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അപ്പേൾ നബി(സ) പറഞ്ഞു: താങ്കൾ അക്കാര്യം അയാളെ അറിയിച്ചോ? അയാൾ പറഞ്ഞു ഇല്ല. പ്രവാചകൻ(സ) പറഞ്ഞു: അയാളെ അറിയിക്കൂ. ഉടനെ അയാളെ പിൻതുടർന്ന് ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന് വേണ്ടി ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന് വേണ്ടി എന്നെ ഇഷ്ടപ്പെട്ട താങ്കളെ അല്ലാഹുവും ഇഷ്ടപ്പെടട്ടെ. (അബൂദാവൂദ്)

This entry was posted in അദ്ധ്യായം 46: അല്ലാഹുവിന്‍റെ മാർഗ്ഗത്തിലുള്ള സ്‌നേഹത്തിന്‍റെ മഹത്വം, അതിനുള്ള പ്രേരണ, സ്‌നേഹിക്കുമ്പോൾ അറിയിക്കൽ. മറുപടി.. Bookmark the permalink.