കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ

അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. (സൂറ: അൽ ബഖറ: 233)

കഴിവുള്ളവൻ തന്റെ കഴിവിൽ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽ നിന്ന് അവൻ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്തതല്ലാതെ (നൽകാൻ) നിർബന്ധിക്കുകയില്ല. (സൂറ: ത്വലാഖ്: 7)

നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്. (സൂറ: സബഅ്: 39)

192. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ മാർഗത്തിലും അടിമ വിമോചനത്തിന് വേണ്ടിയും ദരിദ്രർക്ക് വേണ്ടിയും ചെലവിടുന്ന ദീനാറുകളെക്കാൾ പ്രതിഫലമുള്ളത് തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറാകുന്നു. (മുസ്‌ലിം)

193. ഉമ്മുസലമ(റ) പറയുകയുണ്ടായി: അബൂസലമയുടെ കുട്ടികളെ പരിപാലിക്കുന്നതിന് എനിക്ക് പ്രതിഫലമുണ്ടാകുമോ എന്ന് ചോദിക്കുകയും ഞാൻ അവരെ മക്കളെപ്പോലെ ഉപേക്ഷിക്കുകയില്ലെന്നും അവർ നബി(സ )യോട് പറയുകയുണ്ടായി: അപ്പോൾ അവിടുന്ന് പറഞ്ഞു: നീ അവർക്ക് ചെലവിടുന്നതിന്റെ പ്രതിഫലം നിനക്കുണ്ടായിരിക്കും. (മുത്തഫഖുൻ അലൈഹി)

194. അബൂമസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: പ്രതിഫലേഛയോട് കൂടി താൻ ചെലവ് വഹിക്കേണ്ടവരുടെ മേൽ ചെലവ് ചെയ്യുമ്പോൾ അത് ധർമ്മം ചെയ്യുന്നത് പോലെത്തന്നെയായിരി ക്കും. (മുത്തഫഖുൻ അലൈഹി)

195. അബ്ദുല്ലാഹിബ്‌നു അംറ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: താൻ ചെലവ് വഹിക്കേണ്ടവരെ പട്ടിണിക്കിടുക എന്നതുമതി ഒരാൾ പാപിയായി മാറാൻ. (അബൂദാവൂദ്)

196. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഓരോ ദിവസവും രാവിലെ രണ്ട് മലക്കുകൾ ഇറങ്ങി വരും അവരിലൊരാൾ അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിച്ച് കൊണ്ടിരിക്കും. അല്ലാ ഹുവേ, ചെലവ് ചെയ്യുന്നവർക്ക് നീ പകരം നൽകേണമേ, രണ്ടാമത്തെ മലക്ക് പറയും അല്ലാഹുവേ, പിടിച്ച് വെക്കുന്നവരുടെ സ്വത്തിന് നീ നാശം വരുത്തുകയും ചെയ്യേണമേ.(മുത്തഫഖുൻ അലൈഹി)

197. അദ്ദേഹത്തിൽ നിന്നും നിവേദനം: നബി(സ) പറയുകയുണ്ടായി: മുകളിലുള്ള കയ്യാകുന്നു താഴെയുള്ള കയ്യിനെക്കാളും ഉത്തമം; നീ നിർബന്ധമായും ചെലവ് ചെയ്യേണ്ടവരിൽ നിന്ന് ആദ്യം തുടങ്ങുക. ഏറ്റവും ഉത്ത മമായ ധർമ്മം ധന്യാവസ്ഥയിലുള്ളത് തന്നെയാണ്. ചാരിത്ര്യം കാത്തുസൂക്ഷിക്കുന്നവനെ അല്ലാഹു വിശുദ്ധനാക്കും സംതൃപ്തി പ്രകടിപ്പിക്കുന്നവനെ അല്ലാഹു സംതൃപ്തനാക്കും (ബുഖാരി)

This entry was posted in അദ്ധ്യായം 36 : കുടുംബത്തിന് വേണ്ടി ചെലവഴിക്കൽ. Bookmark the permalink.