പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും

അല്ലാഹു പറയുന്നു.

”നിന്റെ പാപത്തിന് നീ പാപമോചനം തേടിക്കൊള്ളുക” (മുഹമ്മദ് :19)

”അല്ലാഹുവിനോട് നീ പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്”. (നിസാഅ് :106)

”നിന്റെ രക്ഷിതാവിനെ നീ പ്രകീർത്തിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക, നിശ്ചയം അവൻ പാപങ്ങൾ പൊറുക്കുന്നവനാകുന്നു”(സൂറത്ത് നസ്‌റ് : 3)

”ഭക്തരായ ആളുകൾക്ക് സ്വന്തം നാഥന്റെ പക്കൽ താഴ് ഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഉദ്യാനങ്ങളുണ്ട് .അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരും ” (ആലു ഇംറാൻ 15)

”വല്ലവനും തിൻമ പ്രവർത്തിക്കുകയോ സ്വശരീരത്തോട് അക്രമം കാണിക്കുകയോ ചെയ്യുകയും പിന്നീട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നപക്ഷം പൊറുക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവനു കണ്ടെത്താവുന്നതാണ്.” (നിസാഅ്: 110)

”നീ അവർക്കിടയിൽ ഉണ്ടായിരിക്കെ ഒരിക്കലും അവരെ അല്ലാഹു ശിക്ഷിക്കുകയില്ല, അപ്രകാരം തന്നെ അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അവൻ അവരെ ശിക്ഷിക്കുകയില്ല” (അൻഫാൽ :33)

”നീചവൃത്തികൾ ചെയ്യുകയും സ്വന്തം ശരീരത്തോട് അധർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ട് അല്ലാഹുവിനെ ഓർക്കുകയും പാപമോചനത്തിന് പ്രാർത്ഥിക്കുകയും ചെയ് തുപോയ കുറ്റകൃത്യങ്ങളിൽ അറിഞ്ഞുകൊണ്ട് ശഠിച്ചുനിൽക്കാതിരിക്കുകയും ചെയ്യുന്നവർക്ക്” (ആലുഇംറാൻ: 135)

1080 ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഒരേ സദസ്സിൽ വെച്ചു പ്രവാചകൻ(സ) നൂറിലധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാർത്ഥിച്ചുകൊണ്ട് . അല്ലാഹുവേ എനിക്ക് പാപങ്ങൾ പൊറുത്ത് തരേണമേ, നിശ്ചയം നീ പാപങ്ങൾ പൊറുക്കുന്നവനും കാരുണ്യവാനുമാണല്ലോ എന്നിപ്രകാരം പറയാറുണ്ടായിരുന്നു എന്ന് ഞങ്ങൾ എണ്ണിക്കണ ക്കാക്കിയിരുന്നു. (അബൂദാവൂദ്, തിർമുദി)

1081 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ”എന്നെന്നും ജീവിച്ചിരിക്കുന്നവനും നിയന്താവും അവനല്ലാതെ ആരാധ്യനില്ലാത്തവനുമായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു. ഞാൻ അവനിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും ചെയ്യുന്നു.” ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ യുദ്ധ രംഗങ്ങളിൽ നിന്ന് ഓടിപ്പോന്നവനാണെങ്കിലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്, തിർമുദി, ഹാകിം)

1082 ശദ്ദാദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞിരിക്കുന്നു: സയ്യിദുൽ ഇസ്തിഗ്ഫാറ് ഇങ്ങനെ പറയലാണ്: (അല്ലാഹുവേ നീയാണെന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു. ഞാൻ നിന്റെ അടിമയാണ്. കഴിവനുസരിച്ച് ഞാൻ നിന്റെ കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ എനിക്കു ചെയ്തു തന്ന അനുഗ്രഹങ്ങളെ ഞാൻ അംഗീകരിക്കുന്നു. ഞാൻ ചെയ്ത പാപങ്ങൾ ഞാൻ സമ്മതിക്കുകയും തിൻമ കളിൽ നിന്ന് ഞാൻ നിന്നോട് രക്ഷചോദിക്കുകയും ചെയ്യുന്നു .അതിനാൽ നീ എനിക്ക് പൊറുത്ത് തരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല. ദൃഢവിശ്വാസത്തോടുകൂടി ആരെങ്കിലും പകലിൽ ഇത് ചൊല്ലുകയും അന്ന് വൈകുന്നേരമാകുന്നതിന് മുമ്പ് മരണപ്പെടുകയുമാണെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാകുന്നു. ആരെങ്കിലും വൈകുന്നേരം ഇത് ചൊല്ലുകയും അന്ന് പ്രഭാതം ആകുന്നതിന് മുമ്പ് മരണ പ്പെടുകയുമാണെങ്കിൽ അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാകുന്നു (ബുഖാരി)

10. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവാണ് സത്യം, ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാൻ അല്ലാഹുവിനോട് പൊറുക്കലി നെത്തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നുണ്ട് . (ബുഖാരി)

267 അദ്ദേഹത്തിൽ നിന്ന് നിവേദനം, നബി(സ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, നിങ്ങൾ പാപം ചെയ്യുന്നില്ലെങ്കിൽ നിങ്ങളെ അല്ലാഹു തുടച്ചു നീക്കുകയും എന്നിട്ട് പാപം ചെയ്യുകയും ഉടനെ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ അല്ലാഹു ഇവിടെ കൊണ്ടുവരികയും അവർക്ക് പൊറുത്തുകൊടുക്കുകയും ചെയ്യും (മുസ്‌ലിം)

This entry was posted in അദ്ധ്യായം 19 : പാപമോചനം. Bookmark the permalink.