ദജ്ജാലിന്റെ ഹദീസുകളും അന്ത്യ നാളിന്റെ അടയാളങ്ങളും

1048. റിബിഅ് ബ്‌നുഹറാശ്‌(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ അബൂ മസ്ഊദിന്റെ കൂടെ ഞാൻ ഹുദൈഫ(റ)വിന്റെ അടുത്തുപോയി. അബൂ മസ്ഊദ് പറഞ്ഞു, ദജ്ജാലിനെക്കുറിച്ച് നീ പ്രവാചകനിൽ നിന്ന് കേട്ടത് എനിക്ക് പറഞ്ഞുതരിക. അദ്ദേഹം പറഞ്ഞു, നിശ്ചയം, വെള്ളവും തീയും കൊണ്ടാണ് ദജ്ജാൽ രംഗപ്രവേശം ചെയ്യുക. വെള്ളമാണെന്ന് ജനങ്ങൾ ധരിക്കുന്നത് കരിക്കുന്ന തീയും, തീയാണെന്ന് ധരിക്കുന്നത് തണുത്ത ശുദ്ധജലവുമാണ്. നിങ്ങളാരെങ്കിലും അവനെ കണ്ടുമുട്ടുന്ന പക്ഷം അവൻ തീയ്യിൽ വീണുകൊള്ളട്ടെ. അതായിരിക്കും ശുദ്ധവെള്ളം. അബൂമസ്ഊദ് പറഞ്ഞു, ഞാനും ഇത് കേട്ടിട്ടുണ്ട് . (മുത്തഫഖുൻഅലൈഹി)

1049. അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു:മക്കയും മദീനയും ഒഴികെയുള്ള ഏതൊരു സ്ഥലവും ദജ്ജാൽ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും  സംരക്ഷിച്ചുകൊണ്ട് അവയുടെ വാതിലിൽ മലക്കുകൾ അണിനിരക്കും. എന്നാൽ(മദീനക്കടുത്തുള്ള) ഒരു ഉപ്പുഭൂമിയിലാണ് അവനിറങ്ങുക. അതുമൂലം മൂന്ന് പ്രാവശ്യം മദീനക്ക് പ്രകമ്പന മേൽക്കും. അതുവഴി എല്ലാ സത്യനിഷേധികളെയും കപടവിശ്വാസികളെയും അല്ലാഹു അതിൽ നിന്ന് പുറപ്പെടുവിക്കും (മുസ്‌ലിം)

1050. അനസ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഇസ്ബഹാനിൽ നിന്നുള്ള എഴുപതിനായിരം ആളുകൾ ദജ്ജാലിനെ അനുഗമിക്കും അവർ ത്വയലിസാൻ ധരിക്കുന്നവരാണ്.(പണ്ഢിത വേഷം) (മുസ്‌ലിം)

1051. ഉമ്മുശരീക്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറയുന്നത് ഞാൻ കേട്ടു. ജനങ്ങൾ ദജജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് പർവ്വതങ്ങളിലേക്ക്  ഓടി രക്ഷപ്പെടും. (മുസ്‌ലിം)

1052. അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ദജ്ജാൽ പ്രത്യക്ഷപ്പെടുമ്പോൾ സത്യവിശ്വാസികളിൽപ്പെട്ട ഒരാൾ അവന്റെ നേരെതിരിയും. അന്നേരം ദജ്ജാലിന്റെ കിങ്കരൻമാർ അവനെ നേരിട്ടുകൊണ്ട് ചോദിക്കും. നീ എവിടേക്കാണ് പോകുന്നത്? അവൻ പറയും, ഈയിടെ പ്രത്യക്ഷപ്പെട്ടവനാണ് എന്റെ ലക്ഷ്യം. ഞങ്ങളുടെ റബ്ബിൽ നീ വിശ്വസിച്ചിട്ടില്ലേ എന്ന് അവർ ആരായും. ഞങ്ങളുടെ റബ്ബിൽ യാതൊരു അസ്പഷ്ടതയുമില്ലെന്ന് അവൻ(സത്യവിശ്വാസി) പ്രസ്താവിക്കും. അങ്ങിനെ അവർ അയാളെ കൊല്ലാൻ തീരുമാനിക്കും.അന്യായമായി ആരെയും കൊലചെയ്യരുതെന്ന് രക്ഷിതാവ് നിരോധിച്ചിട്ടില്ലേ? എന്ന് ചിലർ അവരെ ഉണർത്തും. അപ്പോൾ അവനെയും കൊണ്ടവർ ദജ്ജാലിന്റെ അടുത്ത് പോകും. അവനെ കണ്ട മാത്രയിൽ തന്നെ അല്ലാഹുവിന്റെ പ്രവാചകൻ(സ) മുന്നറിയിപ്പ് നൽകിയ ദജ്ജാലാണ് ഇവനെന്ന് സത്യവിശ്വാസി പ്രഖ്യാപിക്കും. അവനെ പിടിച്ചുകെട്ടി തല്ലിതകർത്തി, വയറും മുതുകും അടിച്ചു പരത്തി വികൃതമാക്കാൻ ദജ്ജാൽ കൽപിക്കും. നീ എന്നിൽ വിശ്വസിക്കുന്നുവോ എന്നവൻ അട്ടഹസിക്കും. നീ തന്നെയാണ് പെരുങ്കള്ളനായ മസീഹുദജ്ജാൽ എന്ന് അവൻ പ്രത്യുത്തരം നൽകും. തല മുതൽ കാലുകൾക്കിടയിലൂടെ ഈർന്നു പിളർക്കാൻ ദജ്ജാൽ കൽപ്പിക്കും. പിന്നീട് പിളർക്കപ്പെട്ട ഭാഗങ്ങൾക്കിടയിലൂടെ നടന്ന് ദജ്ജാൽ പറയും നീ എഴുന്നേൽക്കൂ, അവൻ എഴുന്നേററു വരുമ്പോൾ നീ എന്നിൽ വിശ്വസിക്കുന്നുവോ എന്ന്‌ ചോദിക്കും. നിന്നെ സംബന്ധിച്ച യാഥാർത്ഥ്യം എനിക്ക് കൂടുതൽ ബോധ്യപ്പെട്ടു എന്ന് മറുപടി പറഞ്ഞ ശേഷം സത്യവിശ്വാസി പറയും. മനുഷ്യരേ എനിക്ക് ശേഷം ആരെയും അവന് ഇപ്രകാരം ചെയ്യാൻ കഴിയുകയില്ല. ഉടൻ ദജ്ജാൽ അവനെ അറുക്കാൻ വേണ്ടി പിടിക്കും. അപ്പോൾ അല്ലാഹു അവന്റെ പിരടി മുതൽ തൊക്കുഴി വരെയുള്ള സ്ഥലം പിച്ചള പോലെയാക്കി തീർക്കും. അറുക്കാൻ അവന് കഴിയില്ല.അന്നേരം ദജ്ജാൽ അവന്റെ കാലും കൈയ്യും പിടിച്ച് വലിച്ചെറിയും. ജനങ്ങൾ വിചാരിക്കും നരകത്തിലേക്കാണ് അവനെ വലിച്ചെറിഞ്ഞ തെന്ന്, യഥാർത്ഥത്തിൽ സ്വർഗത്തിലേക്കാണവൻ എറിയപ്പെട്ടത്. നബി(സ)പറഞ്ഞു: ഇവനാണ് റബ്ബിന്റെ അടുക്കൽ ഏററവും വലിയ രക്തസാക്ഷി . (മുസ്‌ലിം)

1053. നവാസ്‌നു സംആൻ(റ)വിൽ നിന്ന് നിവേദനം: ഒരു പ്രഭാതവേളയിൽ ദജ്ജാലിനെ കുറിച്ച് പ്രവാചകൻ(സ) സംസാരിച്ചു. മുടി ജടകുത്തിയ ഒരു യുവാവാണവൻ. അവന്റെ കണ്ണ് അൽപം തെറിച്ചു നിൽക്കും. എന്റെ ദൃഷ്ടിയിൽ അബ്ദുൽ ഹുസ്സയോട് സാദൃശ്യമുള്ളവനാണവൻ. നിങ്ങളാരെങ്കിലും അവനെ കണ്ടുമുട്ടിയാൽ കഹ്ഫ് സൂറത്തിലെ ആദ്യആയത്തുകൾ ഓതികൊള്ളുക. സിറിയയുടെയും ഇറാഖിന്റെയും മദ്ധ്യേയുള്ള ഒരു ഖല്ലത്തിലാണവൻ പ്രത്യക്ഷപ്പെടുക. എന്നിട്ടവൻ തന്റെ ഇടവും വലവും ഉഗ്രകുഴപ്പങ്ങൾ ഉണ്ടാക്കും. അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ ഉറച്ചുനിൽക്കൂ. ഞങ്ങൾ ചോദിച്ചു പ്രവാചകരേ ഭൂമിയിൽ അവന്റെ വേഗത എത്രയാണ്? അദ്ദേഹം പറഞ്ഞു, കാറ്റടിച്ചു കൊണ്ടുപോകുന്ന മഴപോലെയാണ്. ചില ജനങ്ങളുടെ അടുത്ത് ചെന്ന് അവരെ ക്ഷണിക്കുമ്പോൾ അവർ വിശ്വസിക്കുകയും ഉത്തരം നൽകുകയും ചെയ്യും. അവൻ ആകാശത്തോട് മഴ വർഷിക്കാൻ കൽപ്പിക്കുമ്പോൾ അത് വർഷിക്കും. ഭൂമിയിലേക്ക് ചൂണ്ടുമ്പോൾ മുളപ്പിക്കും. അനന്തരം അവരുടെ കന്നുകാലികളുടെ പൂഞ്ഞ നന്നായി വളരും, അകിട് നിറഞ്ഞൊഴുകും, ഊര നീണ്ടുവളർന്നതാകും. പിന്നീട് അവൻ മററു ചിലയാളുകളെ ക്ഷണിക്കുകയും അവർ വിശ്വസിക്കാതെ തിരിച്ചുപോരുകയും ചെയ്യും. നേരം പുലരുമ്പോഴേക്കും കഠിനക്ഷാമം അവരെ ബാധിക്കും. യാതൊന്നും അവരുടെ കൈവശം ഉണ്ടാവുകയില്ല. ഒരു ശൂന്യപ്രദേശത്തുകൂടി അവൻ സഞ്ചരിച്ചാൽ അതിലെ നിക്ഷേപങ്ങൾ അവന്റെ നിർദ്ദേശാനുസരണം തേനീച്ചയെപ്പോലെ അവനെ പിന്തുടരും. ഒരു യുവാവിനെ വിളിച്ച് ചൂണ്ടുപലകയാക്കി നിർത്തി രണ്ടായി പിളർത്തുകയും തിരിച്ചു വിളിച്ചാൽ അവൻ പുഞ്ചിരിതൂകി എഴുന്നേററു വരികയും ചെയ്യും. ഈ നില തുടർന്നുകൊണ്ടിരിക്കെ മറിയമിന്റെ മകൻ മസീഹിനെ അല്ലാഹു നിയോഗിക്കും. ഡമസ്‌കസിന്റെ കിഴക്കുള്ള വെള്ളിമിനാരത്തിന്റെ അടുത്ത് രണ്ടു  മലക്കുകളുടെ ചിറകിൽ കൈവെച്ച് രണ്ട് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം വരിക. തല താഴ്ത്തിയാൽ വെള്ളം തുള്ളികളായി വീഴും, ഉയർത്തിയാൽ മുത്തിനു സമാനമായ വെള്ളതുള്ളികൾ ഉരുണ്ട് വീഴും അദ്ദേഹത്തിൽ നിന്ന് നിർഗമിക്കുന്ന സുഗന്ധം ശ്വസിക്കുന്ന സത്യനിഷേധി ഉടൻ മരണപ്പെടും. ആ സുഗന്ധമാകട്ടെ കണ്ണെത്തുന്ന സ്ഥലം വരെയെത്തും. ലുദ്ദിന്റെ കവാടത്തിൽ വെച്ച് അദ്ദേഹം ദജ്ജാലിനെ കാണുകയും കൊലപ്പെടുത്തുകയും ചെയ്യും.(മുസ്‌ലിം)

1054. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറ ഞ്ഞു: നബിമാർ ആരും തങ്ങളുടെ ജനതക്ക് പറഞ്ഞുകൊടുക്കാത്ത കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? ഒററകണ്ണനാണവൻ. സ്വർഗത്തിന്റേയും നരകത്തിന്റെയും രൂപമായിട്ടാണവൻ വരിക. അവൻ സ്വർഗമാണെന്ന് പറഞ്ഞുകാണിക്കുന്നത് നരകമായിരിക്കും. (മുത്തഫഖുൻ അലൈഹി)

1055. ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: ജനമദ്ധ്യത്തിൽ വെച്ച് ഒരിക്കൽ നബി(സ)ദജ്ജാലിനെ ക്കുറിച്ച് ഇപ്രകാരം സംസാരിച്ചു. അല്ലാഹു ഒററക്കണ്ണനല്ല, മസീഹുദജ്ജാൽ വലംകാഴ്ചയില്ലാത്തവനാണ്. ഈ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുന്തിരിങ്ങ പോലെ തെറിച്ചു നിൽക്കുന്നതായിരിക്കും അവന്റെ ആ കണ്ണ്. (മുത്തഫഖുൻ അലൈഹി)

1056. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: (മുസ്‌ലിംകൾ ജൂതൻമാരുമായി യുദ്ധം ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങിനെ ജൂതൻ കല്ലിന്റെയും മരത്തിന്റെയും പിന്നിൽ ഒളിച്ചിരിക്കുകയും ആ കല്ലും മരവും ഇപ്രകാരം പറയുകയും ചെയ്യും, ഓ.. മുസ്‌ലിം, ഇതാ എന്റെ പിന്നിൽ ഒരു ജൂതൻ, വരൂ…അവനെ കൊല്ലൂ, ഗർഖദ് മരം ഒഴികെ കാരണം അത് ജൂതൻമാരുടെ വൃക്ഷമാകുന്നു. (മുത്തഫഖുൻ അലൈഹി)

1057. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ, അവൻ തന്നെയാണ് സത്യം ഖബറിന്റെ അടുത്തുകൂടി നടന്നുപോകുന്നവൻ അതിൻമേൽ കിടന്നുരുണ്ട്  ഇവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്ന് പറയുന്നത് വരെ ഇഹലോകം അവസാനിക്കുകയില്ല. എന്നാൽ മതവിശ്വാസി ആയതുകൊണ്ടല്ല, കഠിനമായ വിപത്തുകൊണ്ട് മാത്രമാണ് അവനത് പറയേണ്ടി  വരുന്നത്. (മുത്തഫഖുൻ അലൈഹി)

1058. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വർണ്ണത്താലുള്ളൊരു പർവ്വതം യൂഫ്രട്ടീസ് നദിയിൽ പ്രത്യക്ഷപ്പെടും. അതിനു വേണ്ടി ഉഗ്രപോരാട്ടം നടക്കുകയും നൂറിൽ തൊണ്ണൂററി ഒമ്പത് പേരും കൊല്ലപ്പെടുകയും ഓരോരുത്തരും വിജയി ഞാനായിരുന്നെങ്കിൽ എന്ന് പറയുകയും ചെയ്യാതെ അന്ത്യനാൾ വന്നെത്തുകയില്ല.(മുത്തഫഖുൻ അലൈഹി)

മറ്റൊരു റിപ്പോർട്ടിലുള്ളത് ഒരു സ്വർണ്ണ കൂമ്പാരം യൂഫ്രട്ടീസ് വെളിവാക്കും, അവിടെ എത്തുന്നവർ അതിൽ നിന്ന് ഒന്നും തന്നെ എടുക്കരുത്. (മുത്തഫഖുൻ അലൈഹി)

1059. മിർദാസുൽ അസ്‌ലം(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആദ്യമാദ്യമുള്ള സജ്ജനങ്ങൾ മരണപ്പെട്ടുകൊണ്ടിരിക്കും. പിന്നീട് ബാർലിയുടെയും കാരക്കയുടെയും ഉമിക്ക് സമാനമായ അധമൻമാർ അവശേഷിക്കും അല്ലാഹു അവരെ ഒരിക്കലും വിലവെക്കുകയില്ല. ( ബുഖാരി)

1060. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു സമുദായത്തിൽ അല്ലാഹു ശിക്ഷ ഇറക്കുന്ന പക്ഷം അവരിൽ എല്ലാവരെയും ആ ശിക്ഷ ബാധിക്കുന്നതാണ്. പിന്നീട് കർമ്മങ്ങളെ ആധാരമാക്കി  അവൻ പുനർജീവിക്കപ്പെടും. (മുത്തഫഖുൻ അലൈഹി)

1061. ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ)ഖുത്തുബ പറയുമ്പോൾ ചാരി നിൽക്കാറുള്ള ഒരു ഈത്തപ്പനത്തടി ഉണ്ടായിരുന്നു. പിന്നീട് മിമ്പർ സ്ഥാപിക്കപ്പെട്ടപ്പോൾ പത്തുമാസം ഗർഭമുള്ള ഒട്ടകത്തെപ്പോലെ ആ ഈത്തപ്പന തടിയിൽ നിന്ന് ചില ശബ്ദങ്ങൾ ഞങ്ങൾ കേട്ടു. നബി(സ)അവിടുന്നിറങ്ങി കൈ അതിൻമേൽ വെച്ചപ്പോൾ അതടങ്ങുകയുണ്ടായി. ( ബുഖാരി)

മറ്റൊരു റിപ്പോർട്ടിൽ നേരത്തെ കേൾക്കാൻ സാധിച്ചിരുന്ന ഉത്‌ബോധനത്തെ ഓർത്ത് അത് കരയുകയായിരുന്നു എന്നു്. (ബുഖാരി)

1062. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ഒരു മാളത്തിൽ നിന്ന് സത്യവിശ്വാസിക്ക് രണ്ട് പ്രാവശ്യം കടിയേൽക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

1063. അബൂ സഅലബ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: തീർച്ചയായും അല്ലാഹു ചില കർമ്മങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട് .നിങ്ങൾ അവ പാഴാക്കരുത്. അവൻ നിശ്ചയിച്ച ശിക്ഷാവിധികൾ ലംഘിക്കരുത്. അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ പിച്ചിചീന്തരുത്. മറന്നു കൊണ്ടല്ലാതെ ചില കാര്യങ്ങളെപററി അവൻ മൗനം കൊണ്ടു. അത് നിങ്ങൾക്ക് അനുഗ്രഹമാണ്. അതുകൊണ്ട് നിങ്ങളതിനെ പററിഗവേഷണം ചെയ്യരുത്. (ദാറുഖുത്ത്‌നി)

1064. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)ഒരിക്കൽ ജനങ്ങളോട് സംസാരിക്കവേ ഒരു ഗ്രാമീണൻ വന്നു ചോദിച്ചു. എപ്പോഴാണ് അന്ത്യനാൾ? നബി(സ)സംസാരം തുടർന്നു. അന്നേരം ചിലർ പറഞ്ഞു നബി(സ)  അയാളുടെ വാക്ക് കേട്ടിരിക്കുന്നു. പക്ഷേ അത് ഇഷ്ടമായില്ല. മററു ചിലർ പറഞ്ഞു, അദ്ദേഹം അത് കേട്ടിട്ടില്ല. സംസാരം കഴിഞ്ഞപ്പോൾ നബി(സ)ചോദിച്ചു, അന്ത്യദിനത്തെ സംബന്ധിച്ച് ചോദിച്ചവൻ എവിടെ? അയാൾ പറഞ്ഞു: ഞാൻ ഇതാ പ്രവാചകരേ, അദ്ദേഹം പറഞ്ഞു: അമാനത്ത് ദുർവിനിയോഗം ചെയ്യപ്പെട്ടാൽ നീ അന്ത്യദിനത്തെ പ്രതീക്ഷിക്കുക. അയാൾ ചോദിച്ചു, അത് ദുർവിനിയോഗം ചെയ്യപ്പെടുന്നതെങ്ങനെയാണ്? അദ്ദേഹം പറഞ്ഞു: അധികാരം അനർഹരിലേക്ക് ഏൽപ്പിക്കപ്പെട്ടാൽ നീ അന്ത്യദിനത്തെ പ്രതീക്ഷിച്ചുകൊള്ളുക.( ബുഖാരി)

1065. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അവർ(ഭരണകർത്താക്കൾ)നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ.അവർ സുബന്ധം പ്രാപിച്ചെങ്കിൽ നിങ്ങൾക്കും അവർക്കുമാണത്. ഇനി അവർ അബദ്ധത്തിലകപ്പെട്ടെങ്കിലോ നിങ്ങൾക്ക് നൻമയും അവർക്ക് ദോഷവും. (ബുഖാരി)

1066. അബൂ ഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: സ്ഥലങ്ങളിൽ അല്ലാഹുവിന് ഏററവും ഇഷ്ടപ്പെട്ടത് പള്ളിയും ഏററവും വെറുക്കപ്പെട്ടത് അങ്ങാടിയുമാണ്. (മുസ്‌ലിം)

1067. അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അന്ത്യദിനത്തിൽ അല്ലാഹു മൂന്ന്തരം ആളുകളോട് സംസാരിക്കുകയോ അവരെ നോക്കുകയോ, ചെയ്യുകയില്ല. മാത്രമല്ല അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും. അവർ, മരുഭൂമിയിൽ വെച്ച് ആവശ്യത്തിലധികം വെള്ളം ഉണ്ടായിരിക്കെ വഴിപോക്കർക്ക് നൽകാതെ തടഞ്ഞു വെക്കുന്നവർ. ‘ഇത്ര വിലക്കാണ് ഞാൻ ഇത് വാങ്ങിയതെന്ന്’ അല്ലാഹുവിന്റെ പേരിൽ അസർ നമസ്‌കാര ശേഷം സത്യം ചെയത് മറ്റൊരാൾക്ക് വിൽപ്പന നടത്തുന്നവൻ, അയാൾ അത് വിശ്വസിക്കുകയും ചെയ്തു, അതാകട്ടെ വാസ്തവവിരുദ്ധമായിരുന്നു. ഐഹിക നേട്ടങ്ങൾക്ക് വേണ്ടി മാത്രം ബൈഅത്ത് നൽകിയവൻ, എന്തെങ്കിലും ലഭിച്ചാൽ ബൈഅത്ത് പൂർത്തിയാക്കും. ലഭിച്ചില്ലെങ്കിൽ പൂർത്തിയാക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

1068 അബൂമസ്ഊദുൽ അൻസാരി(റ)വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിട്ടുണ്ട് : പൂർവ്വ പ്രവാചകൻമാർക്ക് സന്ദേശം നൽകപ്പെട്ടതിൽ നിന്ന് ജനങ്ങൾക്ക് ലഭിച്ച കാര്യങ്ങളിൽ പെട്ടതാണ്. നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് എന്തും നീ ചെയ്തു കൊള്ളുക എന്നത് (മുത്തഫഖുൻ അലൈഹി)

1069 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിട്ടുണ്ട് : ഒരാൾക്ക് താൻ വാങ്ങിയ ഭൂമിയിൽ നിന്ന് സ്വർണ്ണം നിറക്കപ്പെട്ട ഒരുഭരണി ലഭിക്കുകയുണ്ടായി. അപ്പോൾ അയാൾ പറഞ്ഞു. ഞാൻ വാങ്ങിയത് ഭൂമിമാത്രമാണ്, സ്വർണ്ണം ഞാൻ വാങ്ങിയിട്ടില്ല. അതിനാൽ അത് നീ തന്നെ എടുത്തുകൊള്ളുക. അപ്പോൾ ആദ്യത്തെ ഭൂഉടമ ഇപ്രകാരം പറഞ്ഞു, ഞാൻ നിനക്ക് ഭൂമിയും അതിലുള്ളതെല്ലാമാണല്ലോ വിറ്റത്. അങ്ങനെ അവർ ഇരുപേരും മറ്റൊരാളോട് പരാതിപ്പെട്ടു. അയാൾ അവരോട് ചോദിച്ചു. നിങ്ങൾക്ക്‌ മക്കളുണ്ടോ ? ഒരാൾ പറഞ്ഞു. എനിക്ക് ഒരു ആൺകുട്ടിയുണ്ട് . എനിക്കൊരു പെൺ കുട്ടിയാണുള്ളതെന്ന് രാമത്തെ വ്യക്തിയും പറഞ്ഞു. ഉടനെ അയാൾ ആ ആൺകുട്ടിയെ കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയും അതിൽനിന്ന് അവർ രണ്ടു പേരും ചെലവഴിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അവർ അപ്രകാരം ചെയ്തു. (മുത്തഫഖുൻ അലൈഹി)

1070 ഇബ്‌നു മസ്ഊദ്‌(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞിട്ടുണ്ട് . അന്ത്യനാളിൽ ആദ്യമായി തീരുമാനിക്കപ്പെടുന്നത് കൊലക്കുറ്റത്തെ കുറിച്ചായിരിക്കും. (മുത്തഫഖുൻ അലൈഹി)

1071 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു, നബി(സ)യുടെ സ്വഭാവം ഖുർആൻ ആയിരുന്നു. (മുസ്‌ലിം റിപ്പോർട്ടു ചെയ്ത സുദീർഘമായൊരു ഹദീസിൽ നിന്നുള്ള ഭാഗമാണിത്) മുസ്‌ലിം

1072 ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു, നബി(സ) പറഞ്ഞിട്ടുണ്ട് . അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാൽ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹുവും ഇഷ്ടപ്പെടും. എന്നാൽ അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെടാതിരുന്നാൽ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹുവും ഇഷ്ടപ്പെടുന്നതല്ല.(ഇതുപറഞ്ഞപ്പോൾ) ഞാൻ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, അതുകൊണ്ടു ഉദ്ദേശിക്കുന്നത് മരണത്തെവെറുക്കുന്നതാണോ? എങ്കിൽ ഞങ്ങളെല്ലാവരും മരണത്തെവെറുക്കുന്നവരാണല്ലോ, അപ്പോൾ അവിടുന്ന് പറഞ്ഞു: അതല്ല ഉദ്ദേശിക്കുന്നത്. സത്യവിശ്വാസികൾക്ക് അല്ലാഹുവിന്റെ കാരുണ്യത്തെയും പ്രീതിയേയും സ്വർഗ്ഗവും കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അല്ലാഹുവുമായി കണ്ടുമുട്ടാൻ അവൻ ഇഷ്ടപ്പെടും. സത്യനിഷേധിയെ സംബന്ധിച്ചിടത്തോളം അവന് അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും കോപം കൊണ്ടും അറിയിക്കപ്പെട്ടാൽ അല്ലാഹുവുമായുള്ള കൂടിക്കാഴ്ച അവൻ വെറുക്കുന്നതാണ്. അപ്പോൾ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹുവും ഇഷ്ട പ്പെടുന്നതല്ല.(മുത്തഫഖുൻ അലൈഹി)

1073 വിശ്വാസികളുടെ മാതാവ് സ്വഫിയ്യ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)ഒരിക്കൽ പള്ളിയിൽ ഇഅ്തികാഫ് ഇരുന്നു. അപ്പോൾ ഞാൻ രാത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയും അവിടുത്തോടു സംസാരിക്കുകയും ചെയ്തു. ഞാൻ തിരിച്ചുവന്നപ്പോൾ എന്നെ യാത്ര അയക്കാനായി അദ്ദേഹവും എന്റെ കൂടെവന്നു. അതിനിടയിൽ അൻസാറുകളിൽ പെട്ട രണ്ടാളുകൾ അതിലൂടെ കടന്നുപോയി. നബി(സ)യെ കണ്ടപ്പോള്‍ അവർ ധൃതിയിൽ നടക്കാൻ തുടങ്ങി, അതുകണ്ട നബി(സ)പറഞ്ഞു. അവിടെ നിൽക്കൂ. ഇത് ഹുയയ്യിന്റെ മകൾ (എന്റെ ഭാര്യ) സ്വഫിയ്യയാണ്. അത് കേട്ടപ്പോൾ അവർ പറഞ്ഞു. (ഞങ്ങൾ യാതൊരു തെറ്റിദ്ധാരണയും വിചാരിച്ചിട്ടില്ലല്ലോ എന്നർത്ഥത്തിൽ)അല്ലാഹുവിന്റെ ദൂതരേ, സുബ്ഹാനല്ലാഹ്, അപ്പോൾ പ്രവാചകൻ(സ) പറഞ്ഞു. തീർച്ചയായും പിശാച് മനുഷ്യന്റെ രക്തസിരകളിലൂടെ സഞ്ചരിക്കും. നിങ്ങളുടെ ഹൃദയത്തിൽ എന്നെകുറിച്ച് പിശാച് എന്തെങ്കിലും സംശയം ഉളവാക്കിയേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. (മുത്തഫഖുൻ അലൈഹി)

1074 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: മനുഷ്യരെ, അല്ലാഹു പരിശുദ്ധനാണ്. വിശിഷ്ടമായത് മാത്രമേ അവൻ സ്വീകരിക്കുകയുള്ളൂ. അവന്റെ പ്രവാചകൻമാരോട് കൽപ്പിച്ചത് അവൻ സത്യവിശ്വാസികളോടും ആജ്ഞാപിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രവാചകരേ, നിങ്ങൾ വിശിഷ്ടമായത് ഭക്ഷിക്കുകയും സുകൃതങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക. അല്ലാഹു പറഞ്ഞിരിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിക്കുക, ശേഷം അവിടുന്ന് പറഞ്ഞു: ഒരാൾ സുദീർഘമായി യാത്ര ചെയ്യുകയും മുടിയെല്ലാം ജടകുത്തുകയും രണ്ടു കൈകളും ആകാശത്തേക്ക് ഉയർത്തി എന്റെ റബ്ബേ, എന്റെ റബ്ബേ എന്നിങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു, അയാളുടെ ആഹാരവും പാനീയവും വസ്ത്രവും നിഷിദ്ധമായതാണ്. അയാൾക്ക് എങ്ങിനെ ഉത്തരം ലഭിക്കാനാണ്. (മുസ്‌ലിം)

1075 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞിരിക്കുന്നു: മൂന്നാളുകൾ, അവരെ അന്ത്യനാളിൽ അല്ലാഹു സംസ്‌കരിക്കുകയോ അവരോട് സംസാരിക്കുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യുന്നതല്ല. വൃദ്ധനായ വ്യഭിചാരി, കളവു പറയുന്ന രാജാവ്, അഹങ്കാരിയായ ദരിദ്രൻ എന്നിവരാണവർ. (മുസ്‌ലിം)

1076 അംറ്‌നുൽ ആസ്‌വിൽ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒരു വിധികർത്താവ് തന്റെ ഗവേഷണം വഴി ഒരു തീരുമാനം സ്വീകരിക്കുകയും അത് ശരിയാവുകയും ചെയ്താൽ അയാൾക്ക് രണ്ടു  പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ പിഴവു സംഭവിച്ചാൽ ഒരു പ്രതിഫലവും അയാൾക്ക് ഉണ്ടായിരിക്കും. (മുത്തഫഖുൻ അലൈഹി)

1077 ആയിശ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ വല്ലവനും നേർച്ചയാക്കുന്നുവെങ്കിൽ അത് അയാൾ നിർവ്വഹിച്ചു കൊള്ളട്ടെ. മറിച്ച് അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിലാണ് നേർച്ചയെങ്കിൽ അത് ഒരിക്കലും ചെയ്യാതിരിക്കട്ടെ (ബുഖാരി)

1078 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ഒരിക്കൽ ഒരാൾ തന്റെ പണത്തിൽ നിന്ന് അൽപം എടുത്ത് അത് ധർമ്മം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറപ്പെടുകയും അത് ധർമ്മം ചെയ്യുകയുമുണ്ടായി. എന്നാൽ ഒരു മോഷ്ടാവിന്റെ കൈ യ്യിലാണ് അത് പതിച്ചത്. അപ്പോൾ ജനങ്ങളെല്ലാം ഹോ നീ മോഷ്ടാവിനാണോ ധർമ്മം നൽകിയത് എന്നീപ്രകാരം പറയാൻ തുടങ്ങി. എന്നാൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, അല്ലാഹുവേ, നിനക്കാണ് സർവ്വസ്തുതിയും, ഞാൻ ഇനിയും ധർമ്മം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പുറപ്പെടുകയും അത് ധർമ്മം ചെയ്യുകയുമുണ്ടായി. എന്നാൽ അത് ഒരു വേശ്യയുടെ കൈയ്യിലാണ് പതിച്ചത്. അപ്പോൾ ജനങ്ങളെല്ലാം ഹോ നീ അഭിജാരിണിക്കാണോ ധർമ്മം നൽകിയത് എന്നീപ്രകാരം പറയാൻ തുടങ്ങി. എന്നാൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും. ഞാൻ ഇനിയും ധർമ്മം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പുറപ്പെടുകയും അത് ധർമ്മം ചെയ്യുകയുമുണ്ടായി. എന്നാൽ അത് ഒരു ധനികന്റെ കൈയ്യിലാണ് പതിച്ചത്. അപ്പോൾ ജനങ്ങളെല്ലാം ഹോ നീ ധനികനാണോ ധർമ്മം നൽകിയത് എന്നീപ്രകാരം പറയാൻ തുടങ്ങി. എന്നാൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, അല്ലാഹുവേ ധനികന്റെയും മോഷ്ടാവിന്റെയും വേശ്യയുടേയും (കൈകളിലാണ് എന്റെ ധർമ്മം എത്തിയതെങ്കിലും) നിനക്കാണ് സർവ്വസ്തുതിയും. പിന്നീട് പ്രസ്തുത കാര്യം നബി(സ)യുടെ അടുക്കൽ പറയപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു. കള്ളൻ അത് ലഭിച്ച കാരണത്താൽ ഒരുപക്ഷേ മോഷണം അവസാനിപ്പിച്ചെങ്കിലോ, വേശ്യ തന്റെ ദുർവൃത്തി ഉപേക്ഷിക്കുകയും ധനികൻ ഗുണപാഠമുൾക്കൊണ്ട് ധർമ്മം ചെയ്യാൻ അത് ഒരു പ്രേരകം ആയിക്കൂടയോ എന്ന് ചോദിക്കുകയുമാണ് ചെയ്തത്. (മുസ്‌ലിം)

1079 അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ)പറഞ്ഞിരിക്കുന്നു: ഒരിക്കൽ ഞങ്ങൾ പ്രവാചകൻ(സ)യോടൊപ്പം ഒരു സദ്യയിൽ പങ്കെടുത്തു. അതിൽ അദ്ദേഹത്തിന് ഒരു ആടിന്റെ കുറക് നൽകപ്പെട്ടു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു അത്. അത് കഴിച്ചു കൊണ്ടിരിക്കെ അവിടുന്ന് പറഞ്ഞു. അന്ത്യദിനത്തിൽ മുഴുവൻ മനുഷ്യരുടേയും നേതാവ് ഞാനായിരിക്കും. അത് എങ്ങിനെയാണെന്ന് നിങ്ങൾക്ക് അറിയുമോ? പൂർവ്വികരും പിൻകാലക്കാരുമായ സർവ്വരേയും അല്ലാഹു ഒരു മൈതാനിയിൽ ഒരുമിച്ചു കൂട്ടും, എല്ലാം കാണുവാനും കേൾക്കുവാനും അവർക്ക് സാധിക്കുന്നതാണ്. സൂര്യൻ അവരിലേക്ക് അടുപ്പിക്കപ്പെടും. മനുഷ്യരെല്ലാം അസഹ്യമായ രീതിയിൽ ദുഖത്തിലും സങ്കടത്തിലുമായി മാറും. അപ്പോൾ അവർ പറയും. നാം അകപ്പെട്ടിരിക്കുന്ന വിപത്ത് നാം കാണുന്നില്ലേ? ഇതിൽ നിന്ന് നമുക്ക് രക്ഷക്ക് വേണ്ടി നമ്മുടെ രക്ഷിതാവിനോട് ശുപാർശ നടത്താൻ ആരെങ്കിലുമുണ്ടോ  എന്ന് നിങ്ങൾ ആലോചിക്കുന്നില്ലേ? പന്നീട് അവർ പരസ്പരം പറയും നിങ്ങളുടെ ആദ്യപിതാവ് ആദ(അ) മിനെ സമീപിച്ചു നോക്കൂ. അങ്ങിനെ അവർ അദ്ദേഹത്തെ സമീപിക്കും. ശേഷം ഇപ്രകാരം പറയും. മാനവരാശിയുടെ ആദ്യപിതാവായ ആദ(അ)മേ, അങ്ങയെ അല്ലാഹു തന്റെ കരങ്ങൾകൊണ്ട് സൃഷ്ടിക്കുകയും അവന്റെ പക്കൽ നിന്നുള്ള ആത്മാവ് അങ്ങയിൽ സന്നിവേശിപ്പിക്കുകയും ചെയ്തു, അല്ലാഹുവിന്റെ കൽപനപ്രകാരം മലക്കുകൾ അങ്ങേക്ക് സുജൂദ് ചെയ്തു. അല്ലാഹു അവന്റെ സ്വർഗ്ഗത്തിൽ അങ്ങയെ താമസിപ്പിച്ചു. ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു. അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം. അപ്പോൾ ആദം(അ) പറയും. എന്റെ രക്ഷിതാവ് ഇന്ന് വല്ലാത്ത കോപത്തിലാണ്. മുമ്പൊരിക്കലും അവൻ ഇപ്രകാരം കോപിച്ചിട്ടേയില്ല. ഇനിയൊരിക്കലും അവൻ ഇപ്രകാരം കോപിക്കുകയുമില്ല. ഒരുമരത്തിലേക്ക് സമീപിക്കരുത് എന്ന് എന്നോട് വിലക്കിയിരുന്നു. എന്നാൽ ഞാൻ ആ കാര്യംലംഘിക്കുകയുണ്ടായി. അതിനാൽ എന്റെ കാര്യത്തിൽ തന്നെ ഞാൻ പ്രയാസത്തിലാണ്. എന്റെ സ്വന്തം കാര്യം രക്ഷപ്പെട്ടെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനാൽ നിങ്ങൾ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ, നൂഹി(അ)നെ നിങ്ങൾ സമീപിച്ചു നോക്കൂ. അപ്പോൾ നൂഹ്‌(അ)യെ സമീപിച്ചു കൊണ്ട് അവർ പറയും. അല്ലയോ നൂഹ്(അ), അങ്ങ് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രവാചകനാണല്ലോ. ഏറ്റവും നന്ദിയുള്ള ദാസൻ എന്നാണ് അങ്ങയെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നതും. ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു. അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം. അപ്പോൾ അദ്ദേഹം പറയും. എന്റെ രക്ഷിതാവ് ഇന്ന് വല്ലാത്ത കോപത്തിലാണ്. മുമ്പൊരിക്കലും അവൻ ഇപ്രകാരം കോപിച്ചിട്ടേയില്ല. ഇനിയൊരിക്കലും അവൻ ഇപ്രകാരം കോപിക്കുകയുമിയില്ല. എനിക്ക് ഒരു പ്രാർത്ഥന ഉണ്ടായിരുന്നു. അത് എന്റെ ജനതക്ക് എതിരിൽ ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞു. അതിനാൽ എന്റെ കാര്യത്തിൽ തന്നെ ഞാൻ പ്രയാസത്തിലാണ്. എന്റെ സ്വന്തംകാര്യം രക്ഷപ്പെട്ടെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനാൽ നിങ്ങൾ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ, ഇബ്‌റാഹീമി(അ)നെ നിങ്ങൾ സമീപിച്ചു നോക്കൂ . അപ്പോൾ ഇബ്‌റാഹീം(അ)യെ സമീപിച്ചുകൊണ്ട് അവർ പറയും. അല്ലയോ ഇബ്‌റാഹീം(അ), അങ്ങ് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണല്ലോ. താങ്കൾ ഭൂമിയിൽ അല്ലാഹുവിന്റെ ഖലീലുമാണ്. ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു.അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം. അപ്പോൾ അദ്ദേഹം പറയും. എന്റെ രക്ഷിതാവ് ഇന്ന് വല്ലാത്ത കോപത്തിലാണ്. മുമ്പൊരിക്കലും അവൻ ഇപ്രകാരം കോപിച്ചിട്ടേയില്ല. ഇനിയൊരിക്കലും അവൻ ഇപ്രകാരം കോപിക്കുകയുമിയില്ല. ഞാൻ മൂന്ന് കളവുപറഞ്ഞിട്ടുണ്ട് . അതിനാൽ എന്റെ കാര്യത്തിൽ തന്നെ ഞാൻ പ്രയാസത്തിലാണ്. എന്റെ സ്വന്തംകാര്യം രക്ഷപ്പെട്ടെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്, അതിനാൽ നിങ്ങൾ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ, മൂസാ(അ)യെ നിങ്ങൾ സമീപിച്ചു നോക്കൂ. അപ്പോൾ മൂസാ(അ)യെ സമീപിച്ചുകൊണ്ട് അവർ പറയും. അല്ലയോ മൂസാ(അ), അങ്ങയെ അല്ലാഹു പ്രവാചകനാക്കുകയും അവന്റെ ദൗത്യം കൊണ്ടും അവന്റെ സംസാരത്താലും ശ്രേഷ്ഠമാക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു. അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം എന്ന് ആവശ്യപ്പെടും. അപ്പോൾ അദ്ദേഹംപറയും. എന്റെ രക്ഷിതാവ് ഇന്ന് വല്ലാത്ത കോപത്തിലാണ്. മുമ്പൊരിക്കലും അവൻ ഇപ്രകാരം കോപിച്ചിട്ടേയില്ല. ഇനിയൊരിക്കലും അവൻ ഇപ്രകാരം കോപിക്കുകയുമില്ല. അനുമതി യില്ലാതെ ഞാൻ ഒരാളെകൊന്നിരിക്കുന്നു. അതിനാൽ എന്റെ കാര്യത്തിൽതന്നെ ഞാൻ പ്രയാസത്തിലാണ്. എന്റെ സ്വന്തംകാര്യം രക്ഷപ്പെടട്ടെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനാൽ നിങ്ങൾ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ, ഈസാ(അ)യെ നിങ്ങൾ സമീപിച്ചു നോക്കൂ. അപ്പോൾ ഈസാ(അ)യെ സമീപിച്ചു കൊണ്ട് അല്ലയോ ഈസാ(അ), അങ്ങ് അല്ലാഹുവിന്റെ ദൂതനും മറിയമിൽ നിക്ഷേപിച്ച അവന്റെ പരിശുദ്ധവചനവുമാണ്. തൊട്ടിലിൽ വെച്ച് ജനങ്ങളോട് താങ്കൾ സംസാരിച്ചിട്ടുമുണ്ട് . ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു. അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം. അപ്പോൾ അദ്ദേഹംപറയും. എന്റെ രക്ഷിതാവ് ഇന്ന് വല്ലാത്ത കോപത്തിലാണ്. മുമ്പൊരിക്കലും അവൻ ഇപ്രകാരം കോപിച്ചിട്ടേയില്ല. ഇനിയൊരിക്കലും അവൻ ഇപ്രകാരം കോപിക്കുകയുമില്ല. തന്റെ കുറ്റങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞില്ല. എന്നാൽ അദ്ദേഹം പറയുന്നത് എന്റെ കാര്യത്തിൽ തന്നെ ഞാൻ പ്രയാസത്തിലാണ്. എന്റെ സ്വന്തംകാര്യം രക്ഷപ്പെട്ടെങ്കിൽ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനാൽ നിങ്ങൾ മറ്റാരെയെങ്കിലും സമീപിച്ചു നോക്കൂ, മുഹമ്മദ് (സ)യെ നിങ്ങൾ സമീപിച്ചു നോക്കൂ. അപ്പോൾ മുഹമ്മദ്‌(സ)യെ സമീപിച്ചു കൊണ്ട് അവർ പറയും. അല്ലയോ മുഹമ്മദേ(സ), അങ്ങ് അല്ലാഹുവിന്റെ അന്തിമ പ്രവാചകനാകുന്നു. കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ പാപങ്ങൾ അല്ലാഹു അങ്ങേക്ക് പൊറുത്ത് തന്നിരിക്കുന്നു. ഞങ്ങളുടെ ഈ അവസ്ഥ താങ്കൾ കാണുകയും ചെയ്യുന്നു. അതിനാൽ താങ്കളുടെ നാഥനോട് ഞങ്ങൾക്ക് വേണ്ടിയൊന്ന് ശുപാർശ പറയണം. അപ്പോൾ ഞാൻ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ ചുവട്ടിൽ അവന്റെ മുമ്പിൽ സുജൂദിൽ വീഴും. പൂർവ്വീകർക്ക് ആർക്കും തുറന്ന് കാണിക്കപ്പെട്ടിട്ടില്ലാത്ത കീർത്തനങ്ങളും സ്തുതികളും എനിക്ക് തുറക്കപ്പെടും. പിന്നീട് അവൻ പറയും. മുഹമ്മദേ, തലഉയർത്തുക, ചോദിച്ചുകൊള്ളുക, നിനക്ക് ഉത്തരം നൽകപ്പെടും. താങ്കൾ ശുപാർശ ചെയ്താൽ സ്വീകരിക്കപ്പെടും. അപ്പോൾ തല ഉയർത്തിക്കൊണ്ട് ഞാൻ പറയും. എന്റെ രക്ഷിതാവേ, എന്റെ സമുദായം, എന്റെ രക്ഷിതാവേ,എന്റെ സമുദായം, ഉടനെ അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കും. മുഹമ്മദേ, നിന്റെ സമുദായത്തിൽ വിചാരണയില്ലാത്തവരെ സ്വർഗ്ഗീയാരാമങ്ങളുടെ വലതു ഭാഗത്തുള്ള കവാടങ്ങളിലൂടെ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുക. മറ്റു കവാടങ്ങൾ വഴി പ്രവേശിക്കുന്നവരിലും അവർ ഉൾപ്പെടുന്നതാണ്. പിന്നീട് അവിടുന്ന് പറയും. എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവൻ തന്നെയാണ്സത്യം സ്വർഗ്ഗത്തിലെ ഒരു കവാടത്തിന്റെ വ്യാസം മക്കയും ഹജറയും അല്ലെങ്കിൽ മക്കയും ബസ്വറയും തമ്മിലുള്ള ത്രതന്നെ ആയിരിക്കും. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 18 : അന്ത്യനാൾ. Bookmark the permalink.