പശ്ചാതാപം

പണ്ഡിതന്മാര്‍ വിവരിക്കുന്നു: തെറ്റുകളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണങ്കില്‍ അതില്‍നിന്നുളള പശ്ചാതാപം സ്വീകാര്യമായിത്തീരണമെങ്കില്‍ മൂന്ന് നിബന്ധനകള്‍ ആവശ്യമാണ്.

!. തെറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാകല്‍
!!. സംഭവിച്ച തെറ്റിനെസംബന്ധിച്ച് ഖേദമുണ്ടാകല്‍
!!!. ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ദൃഢനിശ്ചയം ചെയ്യല്‍

ഏതെങ്കിലും ഒരു നിബന്ധന നഷ്ട്ടപ്പെട്ടാല്‍ പ്രസ്തുത പശ്ചാതാപം സ്വീകാര്യമായിരിക്കുകയില്ല. മനുഷ്യരുമായി ബന്ധമുള്ള കുറ്റങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് നിബന്ധനകള്‍ക്ക് പുറമേ
കുറ്റം ചെയ്ത വ്യക്തിയുടെ അവകാശത്തില്‍ നിന്ന് ഒഴിവായിരിക്കേണ്ടതാണ്. പണമിടപാട് പോലുള്ളതാണങ്കില്‍ അത് വീട്ടേണ്ടതാണ്. ആരോപണങ്ങളാണെങ്കില്‍ അത് പിന്‍വലിച്ച് തന്നില്‍ നിന്ന് പ്രതികാരമെടുക്കാന്‍ അവസരം കൊടുക്കേണ്ടതാണ്. അല്ലെങ്കില്‍ വിട്ട്‌വീഴ്ച ചെയ്യാന്‍ ആവശ്യപ്പെടേണ്ടതാണ്. പരദൂഷണം പോലുള്ളതാണങ്കില്‍ അതില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കിത്തരുവാന്‍ അപേക്ഷിക്കേണ്ടതാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നും തൗബ ചെയ്യല്‍ നിര്‍ബന്ധമാണ്. മുഴുവന്‍ പാപങ്ങളില്‍ നിന്നുമല്ലാതെ ചിലതില്‍ നിന്നും മാത്രമാണെങ്കില്‍ അത് സ്വീകരിക്കപ്പെടുമെന്നണ്ടാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ബാക്കി പാപങ്ങള്‍ അയാള്‍ക്കുണ്ടായിരിക്കുകയും ചെയ്യും.

തൗബ ചെയ്യണമെന്നതിന് ഖുര്‍ആനിലും ഹദീസിലും നിരവധി രേഖകള്‍ കാണാവുന്നതാണ്. പണ്ഡിതന്‍മാരുടെ ഏകോപിച്ച അഭിപ്രായവും അതുതന്നെയാണ്.

‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’. (സൂറ: ന്നൂര്‍: 31)

‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക യും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക’. (ഹൂദ്: 3)

‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക’. (തഹ്‌രീം: 8 )

10. അബൂഹുറൈറ (റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവാണ് സത്യം, ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാന്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നു്. (ബുഖാരി)

11. അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: തന്റെ ഭക്ഷണവും വെള്ളവുമുണ്ടായിരുന്ന ഭാണ്ഡവുമായി മരുഭൂമിയില്‍ വെച്ച് തന്റെ പക്കല്‍ നിന്നും ഓടിപ്പോയ ഒട്ടകത്തെ അന്വേഷിച്ച് നിരാശനായി തളര്‍ന്ന് ഒരു മരച്ചുവട്ടില്‍ അവശനായി ഇരിക്കുകയും ഉറങ്ങിപ്പോവുകയും ചെയ്ത വ്യക്തി പെട്ടെന്ന് തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന തന്റെ ഒട്ടകത്തിന്റെ കയര്‍ പിടിച്ച്‌ അല്ലാഹുവിനോട് നന്ദി പറഞ്ഞുകൊണ്ട് ‘അല്ലാഹുവേ നീയെന്റെ ദാസനും ഞാന്‍ നിന്റെ രക്ഷിതാവുമാണന്ന്’ സന്തോഷാധിക്യത്താല്‍ തെറ്റിച്ചു പറഞ്ഞു പോയി. തദവസരത്തില്‍ ആ മനുഷ്യന് ഉണ്ടാ കുന്ന  സന്തോഷത്തേക്കാളധികമണ്ടാണ് തന്റെ ദാസന്‍ അല്ലാഹുവി ലേക്ക് തൗബ ചെയ്തു മടങ്ങുമ്പോള്‍ അല്ലാഹുവിന്നുണ്ടാകുന്നത്. (മുസ്‌ലിം)

12. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: സൂര്യന്‍ അസ്തമയസ്ഥാനത്തു നിന്ന് ഉദിക്കുന്നതിന് മുമ്പായി പശ്ചാതപിക്കുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്.(മുസ്‌ലിം)

13. അബ്ദുള്ളാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആത്മാവ് തൊക്കുഴിയില്‍ എത്തുന്നതിന് മുമ്പായി പശ്ചാതപിക്കുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്. (തിര്‍മിദി)

14. അബൂസഈദ് അല്‍ഖുദ്‌രി(റ)വില്‍ നിന്ന് നിവേദനം:നബി(സ) പറയുകയുണ്ടായി: നിങ്ങളുടെ മുന്‍ സമുദായങ്ങളില്‍പ്പെട്ടവരിലൊരാള്‍ തൊണ്ണൂറ്റിയൊന്‍പതു പേരെ വധിക്കുകയുണ്ടായി. അങ്ങിനെ ഭൂമിയിലെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ എത്തി. അയാളോട് തനിക്ക് തൗബയുണ്ടാകുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അയാള്‍ പറഞ്ഞു: ഇല്ല. അതോടെ ആ സന്യാസിയെ അയാള്‍ വധിച്ചു; നൂറു തികച്ചു. പിന്നീട് ഭൂമിയിലെ ഏറ്റവും വലിയ പണ്ഡിതനെ ചോദിച്ചറിയുകയും അയാളോട് തനിക്ക് തൗബയുണ്ടാകുമോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ അതെ, നിനക്കും തൗബക്കും ഇടയില്‍ ആരാണ് മറയിടാന്‍ എന്ന് അയാള്‍ ചോദിക്കുകയും അയാളുടെ പ്രദേശം വിട്ട് മറ്റൊരു സ്ഥലത്ത് അല്ലാഹുവിനെ ആരാധിച്ച്‌  കഴിഞ്ഞ് കൂടുന്ന ഒരു വിഭാഗത്തോടൊപ്പം ചേരുവാനും കല്‍പിച്ചു. അയാള്‍ അങ്ങോട്ട് പുറപ്പെട്ടു. വഴിയില്‍ വെച്ച് അയാള്‍ മരണപ്പെടുകയും അനുഗ്രഹത്തിന്റെയും ശിക്ഷയുടേയും മലക്കുകള്‍ അദ്ദേഹത്തിന്റെ ആത്മാവ് സ്വീകരിക്കുവാന്‍ തര്‍ക്കിക്കുകയും ചെയ്തു. അപ്പോള്‍ ഒരു മനുഷ്യന്റെ രൂപത്തില്‍ അവിടെ വന്ന മറ്റൊരു മലക്ക് അവരോട് പറഞ്ഞു: അയാളുടെ നാട്ടിലേക്കും അയാള്‍ പോയിക്കൊണ്ടിരിക്കുന്ന നാട്ടിലേക്കുമുള്ള ദൂരം നിങ്ങള്‍ അളക്കുക. എന്നിട്ട് എങ്ങോട്ടാണോ അയാള്‍ കൂടുതല്‍ അടുത്തിരിക്കുന്നത് അവിടേക്ക് നിങ്ങള്‍ അയാളെ ചേര്‍ക്കുക. അങ്ങിനെ അയാള്‍ കൂടുതല്‍ അടുത്തിരിക്കുന്നത് നന്മയുടെ നാട്ടിലേക്കാണെന്ന് കണ്ടപ്പോള്‍ അനുഗ്രഹത്തിന്റെ മലക്കുകള്‍ അയാളുടെ ആത്മാവിനെ ഏറ്റെടുത്തു. (മുത്തഫഖുന്‍ അലൈഹി)

മറ്റൊരു റിപ്പോര്‍ട്ടില്‍  : അല്ലാഹു നന്മയുടെ പ്രദേശത്തിലേക്കുള്ള ഭാഗത്തോട് ചുരുങ്ങുവാനും അയാളുടെ ആദ്യ സ്ഥലത്തേക്കുള്ള  ഭാഗത്തേക്ക് നീളം കൂടുവാനും ബോധനം നല്‍കി. അങ്ങിനെ അവര്‍ അളന്നപ്പോള്‍ ഒരു ചാണ്‍ നന്മയുടെ പ്രദേശത്തേക്ക് അടുത്തതായിക്കാണുകയും അനുഗ്രഹത്തിന്റെ മലക്കുകള്‍ അയാളുടെ ആത്മാവിനെ ഏറ്റെടുക്കുകയും ചെയ്തു എന്നാണുള്ളത്.

15. അബ്ദുല്ലാഹിബ്‌നു അബ്ബാസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വാരം തന്നെ ലഭിച്ചാലും രണ്ടാമതൊന്ന് കൂടി ലഭിക്കട്ടേയെന്ന് അവന്‍ കൊതിക്കുകതന്നെ ചെയ്യും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല. പശ്ചാതപിക്കുന്നവന്റെ തൗബ അല്ലാഹു സ്വീകരിക്കുന്നതാണ്. (മുത്തഫഖുന്‍ അലൈഹി)

This entry was posted in അദ്ധ്യായം 2: പശ്ചാതാപം. Bookmark the permalink.