പള്ളികളിലേക്ക് നടന്ന് പോകുന്നതിന്‍റെ മഹത്വം

630 ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

631 ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

632 അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്‌കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്‌കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)

633 ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)

634 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്‌കാരം കഴിഞ്ഞാൽ മറ്റൊരു നമസ്‌കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)

78. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)

This entry was posted in അദ്ധ്യായം 8 : ശ്രേഷ്ഠതകൾ. Bookmark the permalink.