മരണവീട്ടിൽ വെച്ച് മാറിടത്തിലടിച്ചും മുടി മുഖത്തേക്ക് വലിച്ചിട്ടും കരയുന്നത് നിഷിദ്ധവും അവിടെ വെച്ച് വാവിട്ടു കരയുന്നത് വിലക്കപ്പെട്ടതുമാണെന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിരിക്കുന്നു. മരണവീട്ടിൽ വെച്ച് വാവിട്ടു കരയുന്നത് കൊണ്ട് മയ്യിത്തിനു ശിക്ഷ ലഭിക്കുമെന്ന് പ്രവാചകൻ(സ) പറയുകയും ചെയ്തിട്ടുണ്ട് . എന്നാൽ അതു മരണപ്പെട്ട വ്യക്തി അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. താഴെ പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ദുഖാർത്ഥരായ ബന്ധുക്കൾക്ക് കണ്ണുനീർ പൊഴിക്കുന്നതിന് വിരോധമില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
547 ഇബ്‌നു ഉമർ(റ)വിൽനിന്ന് നിവേദനം: നബി(സ)സഅദ്ബ്നു ഉബാദയെ സന്ദർശിച്ചു, അപ്പോൾ അദ്ദേഹത്തിന്റെ കൂടെ അബ്ദു റഹ്മാൻ ബനുഔഫ്, സഅദ് നു അബീവഖാസ്, അബ്ദുല്ലാ ഇബ്‌നു മസ്ഊദ് എന്നിവർ ഉണ്ടായിരുന്നു. അവിടെ വെച്ച് നബി(സ) കരഞ്ഞപ്പോൾ ജനങ്ങളും കരയുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ”നിങ്ങൾ കേട്ടിട്ടില്ലേ, കണ്ണുനീർ കൊണ്ടോ ഹൃദയം ദുഖിക്കുന്നതിനാലോ അല്ലാഹു ശിക്ഷിക്കുന്നതല്ല, എന്നാൽ ഇതു കാരണം ശിക്ഷിക്കുകയോ കാരുണ്യം കാണിക്കുകയോ ചെയ്‌തേക്കാം എന്ന് പറഞ്ഞ് അവിടുന്ന് നാവിലേക്ക് ചൂണ്ടുകയുണ്ടായി. (മുത്തഫഖുൻ അലൈഹി).
548 ഉസാമത്ത് ബ്‌നുസൈദ്(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ(സ)യുടെ മകളുടെ പുത്രൻ മരണാസന്നമായി കിടക്കുമ്പോൾ അവിടുത്തേക്ക് ഉയർത്തപ്പെട്ടു. ആ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകി. അത് കണ്ട സഅദ് അദ്ദേഹത്തോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ഇതെന്താണ്? അപ്പോൾ പ്രവാചകൻ പറഞ്ഞു. ”അല്ലാഹു അവന്റെ അടിമകളുടെ ഹൃദയങ്ങളിലുണ്ടാക്കിയ കാരുണ്യമാണ്. പരസ്പരം കാരുണ്യം കാണിക്കുന്നവരോടേ അല്ലാഹുവും കാരുണ്യം ചൊരിയുകയുള്ളൂ”. (മുത്തഫഖുൻ അലൈഹി).
549 അനസ്(റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) മകൻ ഇബ്‌റാഹീം അന്ത്യശ്വാസം വലിക്കുന്ന സന്ദർഭത്തിൽ അവിടെ കടന്നുചെന്നു. അപ്പോൾ റസൂൽ(സ)യുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. അത് കണ്ട അബ്ദുറഹ്മാൻ ബനു ഔഫ് അദ്ദേഹത്തോട് ചോദിച്ചു, ”ഒരു പ്രവാചകരായ താങ്കൾ പോലും കരയുകയോ”? അപ്പോൾ അവിടുന്ന് പറഞ്ഞു: ”ഔഫിന്റെ മകനേ, ഇത് കാരുണ്യമാണ്”. തുടർന്ന് പലതും പറഞ്ഞ അദ്ദേഹം തുടർന്നു. ”നിശ്ചയം കണ്ണുനീർ പ്രവഹിക്കുകയും ഹൃദയം ദുഖിക്കുകയും ചെയ്യും.പക്ഷെ അല്ലാഹുവിന് ഇഷ്ടമില്ലാത്തതൊന്നും നാം പറയുകയില്ല. ഇബ്‌റാഹീം, നിന്റെ വിയോഗത്തിൽ ഞങ്ങൾ ദുഖിതരണ്ടാണ് ”. (ബുഖാരി)