പൂര്‍വ്വ വേദങ്ങളെക്കുറിച്ചറിയാവുന്ന പ്രവാചക ശിഷ്യനായ സല്‍ മാനുല്‍ ഫാരിസി പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാ ണ് പ്രവാചകന്മാരുടെ കഥകള്‍ ഖുര്‍ആനില്‍ സ്ഥലം പിടിച്ചത് എന്ന് കരുതിക്കൂടെ?

പ്രഗല്‍ഭനായ ഒരു പ്രവാചക ശിഷ്യനായിരുന്നു സല്‍മാനുല്‍ ഫാരിസി (റ). മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ചുകൊണ്ട് മക്കക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കാമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശമാണ് ഖന്‍ദഖ് യുദ്ധത്തില്‍ മുസ്ലിംകളുടെ വിജയത്തിന് നിമിത്തമായ പല കാരണങ്ങളിലൊന്ന്. സല്‍മാനുല്‍ ഫാരിസിയെക്കുറിച്ച് പറയുമ്പോള്‍ ഖന്‍ദഖ് യുദ്ധമാണ് ഇസ്ലാമിക ചരിത്രം പഠിച്ചവരുടെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക.
അഗ്നി ആരാധനയിലധിഷ്ഠിതമായ സരതുഷ്ട്രമതത്തിലായിരുന്ന സല്‍മാന്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സത്യാന്വേഷിയായിരുന്ന അദ്ദേഹത്തിന് ക്രിസ്തുമതത്തിന്റെ ആശയങ്ങള്‍ പൂര്‍ണ സംതൃപ്തി നല്‍കാത്തതുകൊണ്ട് തന്റെ അന്വേഷണം തുടരുകയും അവസാനം ഇസ്ലാമിലെത്തിച്ചേരുകയും ചെയ്തു. സല്‍മാനുല്‍ ഫാരിസി (റ) ഇസ്ലാം സ്വീകരിച്ചത് മദീനയില്‍വെച്ചാണ്. അതിനുശേഷമാണ് അദ്ദേഹം പ്രവാചകന്റെ (സ) സഹചാരിയായിത്തീര്‍ന്നത്. ഖുര്‍ആനിന്റെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയില്‍വെച്ചാണ്. പൂര്‍വ്വ പ്രവാചകന്മാരെക്കുറിച്ച പരാമര്‍ങ്ങളധികവും മക്കയില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളിലാണുള്ളത്. മദീനയില്‍ വെച്ച് പ്രവാചകന്റെ അനുചരനായിത്തീര്‍ന്ന സല്‍മാനുല്‍ ഫാരിസി പറഞ്ഞുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് മക്കയില്‍വെച്ച് മുഹമ്മദ് നബി (സ) പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രമെഴുതുക? ഖുര്‍ആനിന് സമാന്തരമായ ഒരു രചനയുണ്ടാക്കുവാനുള്ള അതിന്റെ വെല്ലുവിളിയും പ്രസ്തുത വെല്ലുവിളിക്ക് ഉത്തരം നല്‍കുന്നതില്‍ അറബി സാഹിത്യകാരന്മാര്‍ കാലാകാലങ്ങളായി പരാജയപ്പെടുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യവും  ഖുര്‍ആനിന്റെ സാഹിത്യശൈലി അതുല്യവും അനുകരണാതീതവുമാണെന്ന വസ്തുത വ്യക്തമാക്കുന്നുണ്ട്. അറബിയല്ലാത്ത-പേര്‍ഷ്യക്കാരനായ ഒരാളെങ്ങനെയാണ് അതുല്യമായ ഒരു അറബി സാഹിത്യസൃഷ്ടിയുടെ സ്രോതസ്സായിത്തീരുക? ഇങ്ങനെ ഏത് കോണിലൂടെ നോക്കിയാലും സല്‍മാനുല്‍ ഫാരിസി (റ)യാണ് ഖുര്‍ആനിലെ ചരിത്ര കഥനങ്ങളുടെ സ്രോതസ്സെന്ന വാദം പരിഗണന പോലുമര്‍ഹിക്കാത്ത ഒരു കേവല വാദം മാത്രമാണെന്ന വസ്തുത വ്യക്തമാവും.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും. Bookmark the permalink.