പ്രവാചകന്റെ പത്നിമാരില്‍ ചിലര്‍ വേദക്കാരികളായിരുന്നവരാണല്ലോ. അവരില്‍നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ്വ പ്രവാചകന്മാരെക്കുറിച്ച് ഖുര്‍ആനില്‍ മുഹമ്മദ് നബി (സ) പരാമര്‍ശിച്ചത് എന്ന് കരുതിക്കൂടെ?

മുമ്പ് വേദക്കാരികളായിരുന്ന രണ്ട് സ്ത്രീകള്‍ പ്രവാചകന്റെ (സ) ജീവിതപങ്കാളികളായിരുന്നുവെന്നത് ശരിയാണ്. യഹൂദനായ ഹുയയ്യുബ്നു അക്തബിന്റെ മകള്‍ സഫിയ്യയാണ് ഒന്ന്. ഈജിപ്തിലെ കിബ്ത്തി നേതാവ് സമ്മാനിച്ച മാരിയത്തുല്‍ കിബ്ത്തിയ്യയെ ന്ന ക്രൈസ്തവ വനിതയാണ് മറ്റൊന്ന്. ഇവര്‍ രണ്ടുപേരും പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്നത് മദീനാ കാലഘട്ടത്തിലാണ്. ബനൂനളീര്‍ ഗോത്ര ഉപരോധവുമായി ബന്ധപ്പെട്ട് ഗോത്രത്തലവനായ ഹുയയ്യും സഫിയ്യയുടെ ഭര്‍ത്താവും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹിജ്റ ഏഴാം വര്‍ഷത്തില്‍ അവരെ മുഹമ്മദ് നബി (സ) വിവാഹം ചെയ്യുന്നത്. മാരിയത്തുല്‍ കിബ്ത്തിയ്യയും പ്രവാചക ജീവിതത്തിലേക്ക് കടന്നുവരുന്നത് ഹിജ്റ ഏഴാം വര്‍ഷത്തില്‍ തന്നെയാണ്. പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്ത ങ്ങളില്‍ ബഹുഭൂരിഭാഗവും അവതരിപ്പിക്കപ്പെട്ടത് മക്കയിലാണെന്നിരിക്കെ മദീനാ ജീവിതത്തിന്റെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് വനിതകളെങ്ങനെയാണ് പ്രസ്തുത ചരിത്രങ്ങളുടെ സ്രോതസ്സായിത്തീരുക?
കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ശൈശവ സുവിശേഷ (ഏീുലഹ ീള വേല കിളമിര്യ) ത്തിലുള്ള കഥകളാണ് തൊട്ടിലില്‍വെച്ച് ഉണ്ണിയേശു സംസാരിച്ചതായും പ്രസവവേദനയുടെ സമയത്ത് ഈത്തപ്പന കുലുക്കി പഴം ലഭിച്ചതായുമുള്ള കഥകളെല്ലാമെന്നും ഇവ കോപ്റ്റിക് ക്രിസ്ത്യാനിയായിരുന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്തതാണെന്നുമാണ് മറ്റൊരു വാദം. ഈ വാദവും അടിസ്ഥാന രഹിതമാണ്. തൊട്ടിലില്‍വെച്ച് യേശു സംസാരിച്ചതായി സൂചിപ്പിക്കുന്ന വാക്യമുള്‍ക്കൊള്ളുന്ന ഖുര്‍ആനിലെ പത്തൊന്‍പതാം അധ്യായം സൂറത്തുമര്‍യം മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ടതാണ്. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ മാത്രം പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന മാരിയത്തുല്‍ കിബ്ത്തിയ്യ പറഞ്ഞുകൊടുത്ത കഥയുടെ അടിസ്ഥാനത്തില്‍ മക്കയില്‍വെച്ച് എങ്ങനെയാണ് മുഹമ്മദ് നബി (സ) ഈ സംഭവങ്ങളെഴൂതുക? മുഹമ്മദ് നബി (സ)യുടെ കാലത്ത് കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ സുവിശേഷം പ്രചാരത്തിലിരുന്നുവെന്ന് ഖണ്ഡിതമായി തെളിയിക്കാന്‍ ഈ വിമര്‍ശനമുന്നയിച്ചവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. ഇനി കഴിഞ്ഞാല്‍തന്നെ യേശുവിന്റെ ശൈശവകാല സംഭവങ്ങളെക്കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ശൈശവ സുവിശേഷത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയതാണെന്ന് വസ്തുനിഷ്ഠമായി സ്ഥാപിക്കുവാന്‍ ആര്‍ക്കുംതന്നെ സാധിക്കുകയില്ല.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും വേദക്കാരും. Bookmark the permalink.