മോശയുടെ ജനനകാലത്താണ് ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കല്‍പന പുറപ്പെടുവിച്ചതെന്ന് 20: 38, 39 ല്‍ പറയുന്നതിന് വിരുദ്ധമായി 40:23-25 ല്‍ മോശ പ്രവാചകനായതിനു ശേഷമാണ് പ്രസ്തുത കല്പന പുറപ്പെടുവിച്ചതെന്ന് കാണുന്നു. ഇതിലേതാണ് ശരി?

ഇസ്റാഈല്യര്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയാന്‍ ഫറോവ രണ്ടു തവണ കല്പന പുറപ്പെടുവിച്ചതായി ഖുര്‍ആനില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. ഇസ്റാഈല്യരുടെ എണ്ണം വര്‍ധിക്കുന്നത് തങ്ങളുടെ അധികാരസ്ഥാനത്തിന് ഭീഷണിയാകുമെന്ന് കരുതി, മോശയുടെ ജനനകാലത്തെ ഫറോവ ഈ കല്പന പുറപ്പെടുവിച്ചതായി ബൈബിളില്‍ (പുറപ്പാട് 1:8-16) പറയുന്നുണ്ട്. ഇക്കാര്യമാണ് ഖുര്‍ആനില്‍ 28:4 ലും 20:38,39 ലും സൂചിപ്പിച്ചിരിക്കുന്നത്.  ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തില്‍ ഇസ്റാഈല്യരിലെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുവാന്‍ ഫറോവ കല്പന പുറപ്പെടുവിച്ചതായി 7:127 ലും 40:23-25 ലും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഏകദൈവാദര്‍ശത്തിന്റെ പ്രബോധകനായി നിയോഗിക്കപ്പെട്ട മൂസാ നബിയുടെ കൂടെ സത്യവിശ്വാസം സ്വീകരിച്ചവരുടെ ആണ്‍മക്കളെ കൊന്നുകളയാനായിരുന്നു പ്രസ്തുത കല്പന. ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:
“ഫിര്‍ഔനിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും താങ്കളെയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയാനും താങ്കള്‍ മൂസായേയും അവന്റെ ആള്‍ക്കാരെയും അനുവദിക്കുകയാണോ? അവന്‍ പറഞ്ഞു, നാം അവരുടെ ആണ്‍മക്കളെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വാധിപത്യമുള്ളവരായിരിക്കും. (7:127)
ഇക്കാര്യം തന്നെയാണ് 40:23 മുതല്‍ 25 വരെയുള്ള സൂക്തങ്ങളിലും ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. മൂസാ(അ)യുടെ ജനനത്തിനു മുമ്പും അദ്ദേഹത്തിന്റെ പ്രവാചകത്വ ലബ്ധിക്കുശേഷവും ഫിര്‍ഔന്‍ ഒരേ രീതിയിലുള്ള കല്പന പുറപ്പെടുവിച്ചത് ഉദ്ധരിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.  ഇത് ഖുര്‍ആനിലെ ഒരു വൈരുധ്യമല്ലെന്നര്‍ഥം.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.