മദ്യം ചെകുത്താനില്‍ നിന്നുള്ള മ്ളേച്ഛവൃത്തിയാണെന്ന് 5:90 ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വര്‍ഗത്തില്‍ മദ്യത്തിന്റെ അരുവികളുണ്ടെന്ന് 47:15 ല്‍ പറയുന്നു. പൈശാചിക മ്ളേച്ഛവൃ ത്തിക്ക് സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കുന്നതെങ്ങനെയാണ്?

ഭൂമിയിലെ വിഭവങ്ങളോട് താരതമ്യം ചെയ്യാവുന്നവയല്ല സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെന്ന് ഒരുപാട് ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിഎന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (32:17) എന്ന് ഖുര്‍ആന്‍ പറയുമ്പോഴും ഇതുതന്നെയാണ് അര്‍ഥമാക്കുന്നത്. പകര്‍ച്ചവരാത്ത ശുദ്ധജലത്തിന്റെ അരുവികളും രുചിഭേദം വരാത്ത പാലിന്റെ അരുവികളുമൊന്നും  (47:15)  നമ്മുടെ ഭൌതിക ജീവിതത്തിന് പരിചയമുള്ളതല്ലല്ലോ? സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മദ്യം ഇതേ പോലെ തന്നെ നമുക്ക് പരിചയമുള്ള മദ്യമല്ല.  ലഹരി പിടിപ്പിക്കുന്നതും മനുഷ്യരെ ഉന്‍മത്തരാക്കുന്നതുമാണ് നമുക്ക് പരിചയമുള്ള മദ്യം. ഈ ലഹരിയാണ് മദ്യത്തെ പൈശാചികമാക്കിത്തീര്‍ക്കുന്നത്. സ്വര്‍ഗത്തില്‍ ലഭിക്കുന്ന മദ്യം ലഹരിയുണ്ടാക്കുന്നതല്ലെന്ന വസ്തുത ഖുര്‍ആനില്‍ ഒന്നിലധികം തവണ (37,47,56:19) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന മദ്യം പൈശാചിക മ്ളേച്ഛവൃത്തിയല്ല എന്നര്‍ഥം. അതിന്റെ യഥാര്‍ഥ അവസ്ഥ എന്താണെന്ന് നമുക്കറിയില്ല. ഏതായിരുന്നാലും ലഹരിയുണ്ടാക്കുന്ന പൈശാചിക പാനീയമായ മദ്യം സ്വര്‍ഗത്തിലുണ്ടാവുമെന്ന് ഖുര്‍ആനിലൊരിടത്തും പറഞ്ഞിട്ടില്ലാത്തതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നത് അടിസ്ഥാന രഹിതമാണ്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.