ഖുര്‍ആന്‍ സുവ്യക്തമായ അറബിയിലാണെന്ന് 16:103 പറയുന്നതിനു വിരുദ്ധമായി അല്ലാഹുവിന് മാത്രമേ അതിന്റെ വ്യാഖ്യാനം അറിയൂ എന്ന് 3:7 ല്‍ പരാമര്‍ശിക്കുന്നു ഇത് വൈരുധ്യമല്ലേ?

ഖുര്‍ആന്‍ സുവ്യക്തമായ അറബി ഭാഷയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന സരളമായ ശൈലിയിലാണ് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഒരു അനറബിയില്‍ നിന്ന് കേട്ട കാര്യങ്ങളാണ് മുഹമ്മദ് പാടിക്കൊണ്ടിരിക്കുന്നത് എന്ന മക്കാമുശ്രിക്കുകളുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടാണ് 19:103ല്‍ ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയുമാകുന്നു എന്നു പറഞ്ഞരിക്കുന്നത്. 3:7 ലാകട്ടെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വസ്തുതയാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
(നബിയേ), നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ (മുഹ്കമാത്ത്) വചനങ്ങളുണ്ട്. അവയത്രെ വേദഗ്രന്ഥത്തിന്റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള (മുതശാബിഹാത്ത്) ചില വചനങ്ങളുമുണ്ട്. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പം ഉണ്ടാക്കാനുദ്ദേശിച്ചുകൊണ്ടും ദുര്‍വ്യാഖ്യാനം നടത്താനാഗ്രഹിച്ചുകൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്റെ സാക്ഷാ ല്‍ വ്യാഖ്യാനം അല്ലാഹുവിനു മാത്രമെ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധി ശാലികള്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.” (3:7)
ഈ സൂക്തത്തില്‍ രണ്ട് തരം വചനങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഭാഷ സുവ്യക്തമായതും അര്‍ഥനിര്‍ണയത്തില്‍ യാതൊരു വിധ സംശയത്തിനും പഴുതില്ലാത്തതും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യത തീരെ കുറവായിട്ടുള്ളതുമായ വാക്യങ്ങളാണ് ഒന്നമത്തേത്. മുഹ്കമത്തായ വാക്യങ്ങളെന്ന് വിളിക്കപ്പെട്ടിട്ടുള്ള ഇവയാണ് ഖുര്‍ആനിന്റെ മൂല ഘടകം.
മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളും ആദര്‍ശ വിശ്വാസങ്ങളും ആരാധനാ കര്‍മങ്ങളും സദാചാര നിയമങ്ങളും വിധിവിലക്കുകളും എല്ലാം വിവരിക്കപ്പെട്ടിട്ടുള്ളത് ഇത്തരം വാക്യങ്ങളിലാണ്. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയും അന്തിമ പ്രവാചകന്റെ സത്യതയും വ്യക്തമാക്കാനുതകുന്ന വചനങ്ങളും ഇത്തരത്തിലുള്ളവ തന്നെ. ഒരു സത്യാന്വേഷിയുടെ ആത്മസംതൃപ്തിക്കും മാര്‍ഗദര്‍ശന ത്തിനും ആവശ്യമായ കാര്യങ്ങളെല്ലാം യാതൊരു വിധ സംശയത്തി നും പഴുതില്ലാത്ത വിധം സുവ്യക്തമായി ഇത്തരം സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മനുഷ്യന്റെ വിശദീകരണങ്ങള്‍ക്കതീതമായ കാര്യങ്ങളും ഖുര്‍ആനിന്റെ പ്രതിപാദനത്തില്‍ കടന്നുവരുന്നുണ്ട്. ഇന്ദ്രിയാതീതമായ കാര്യങ്ങളെ ക്കുറിച്ച് വിശദീകരിക്കുവാന്‍ മനുഷ്യഭാഷ അപര്യാപ്തമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ട്.  വിശുദ്ധ ഖുര്‍ആനില്‍ ഇത്തരം കാര്യങ്ങള്‍ മനുഷ്യഭാഷയില്‍ ഉപയോഗിച്ചുവരാറുള്ള പദങ്ങളും വിവരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് വിശദീകരിച്ചിരിക്കുന്നത്. ഇത്തരം പദങ്ങള്‍ മനുഷ്യവ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുവാന്‍ വേണ്ടി ശ്രമിക്കുന്ന വക്രമനസ്സുള്ളവരെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. മനുഷ്യരുടെ ആശയവിനിമയത്തില്‍ ഉപയോഗിക്കുന്ന പദങ്ങളോട് സാദൃശ്യമുള്ളതും എന്നാല്‍ അര്‍ഥനിര്‍ണയത്തില്‍ അവ്യക്തതയ്ക്കു സാധ്യതയുള്ളതുമായ വാക്യങ്ങളെയാണ് മുതശാബിഹാത്ത് എന്നുപറയുന്നത്. ഇത്തരം വാക്യങ്ങള്‍ വ്യാഖ്യാനത്തിന് വിധേയമാക്കാതെ അപ്പടി തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടതെന്ന് പഠിപ്പിക്കുകയാണ് സൂറത്തു ആലു ഇംറാനിലെ ഏഴാം വചനം ചെയ്യുന്നത്.
ഖുര്‍ആനിലെ രണ്ടുതരം വാക്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന 3:7, അത് സുവ്യക്തമായ അറബി ഭാഷയിലാണ് അവതരിക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന 16:103 മായി യാതൊരു വിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. മാനുഷികമായ വ്യാഖ്യാനങ്ങള്‍ക്കതീതമായ മുതശാബിഹാത്തായ വാക്യങ്ങളും സുവ്യക്തമായ അറബിയില്‍ തന്നെയാണ് അവതരിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ ആശയം ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നതു തന്നെയാണ്. എന്നാല്‍ ഇന്ദ്രിയാതീതവും മനുഷ്യവിജ്ഞാനത്തിനു പുറത്തുള്ളതുമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന പ്രസ്തുത സൂക്തങ്ങളെ വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് മൂലം കുഴപ്പമുണ്ടാവുക മാത്രമെയുള്ളൂവെന്ന വസ്തുതയാണ് 3:7ല്‍ പറഞ്ഞിരിക്കുന്നത്.  സ്ഥലകാല നൈരന്തര്യത്തിനകത്തുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുവാനായി നല്‍കപ്പെട്ട മനുഷ്യ മസ്തിഷ്കം ഉപയോഗിച്ച് ഇന്ദ്രിയാതീതമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണെന്ന ആധുനിക ഭൌതികത്തിന്റെ വീക്ഷണം ഈ ഖുര്‍ആന്‍ വചനത്തിന്റെ സത്യതയാണ് വ്യക്തമാക്കുന്നത്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.