വ്യഭിചാര കുറ്റത്തിന് നൂറടി നല്‍കണമെന്ന 24:2 ലെ വിധിക്ക് വിരുദ്ധമായി അവരിലെ സ്ത്രീകളെ വീട്ടുതടങ്കലില്‍ വെക്കണമെന്ന് 4:15 ലും പുരുഷന്‍മാരെ പീഡിപ്പിക്കണമെന്ന് 4:16 ലും പറയുന്നു. ഇത് വൈരുധ്യമല്ലേ?

സാംസ്കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ 23 വര്‍ഷം കൊണ്ട് മാതൃകായോഗ്യമായ ഒരു സമൂഹമാക്കി മാറ്റിയ ഒരു ഗ്രന്ഥമാണ് ഖുര്‍ആന്‍. പ്രസ്തുത സമൂഹത്തിന്റെ മാറ്റം നടന്നത് ഒരൊറ്റ നിമിഷം കൊണ്ടായിരുന്നില്ല. വികല വിശ്വാസങ്ങളില്‍ നിന്ന് അവരെ വിമലീകരിക്കുകയും സംസ്കരിക്കാന്‍ പോന്ന കര്‍മങ്ങളിലൂടെ അവരെ വിശുദ്ധീകരിക്കുകയും ചെയ്തതോടൊപ്പം തലമുറകളായി  അവര്‍ ആമഗ്നരായിരുന്ന അധാര്‍മികവൃത്തികളില്‍ നിന്ന് ഘട്ടംഘട്ടമായി അവരെ മോചിപ്പിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തത്. ആ സമൂഹത്തിന്റെ, പരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കുക സ്വാഭാവികമാണ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ അത്തരമൊരു സമൂഹത്തെ ആമൂലാഗ്രം പരിവര്‍ത്തിപ്പിക്കുക സാധ്യമാവുമായിരുന്നില്ല.  മദ്യപാ നവും വ്യഭിചാരവുമെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടത് ഘട്ട ങ്ങളായിട്ടായിരുന്നു.
വ്യഭിചാരിക്കും വ്യഭിചാരിണിക്കും ആദ്യം വിധിക്കപ്പെട്ട ശിക്ഷയാണ് 4:15,16 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. വ്യഭിചാര ത്തിലേര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാരെ പീഡിപ്പിക്കണമെന്നായിരുന്നു ആദ്യത്തെ കല്‍പന. അതോടൊപ്പം പ്രസ്തുത ദുര്‍വൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണമെന്നും അത് വ്യാപിക്കുവാന്‍ ഇടവരുത്തരുതെന്നും കൂടി കല്‍പ്പിക്കപ്പെട്ടു. എന്നാ ല്‍ ഈ കല്‍പന അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുന്നത് വരെ(4:15) യാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു. വ്യഭിചാരവൃത്തിയില്‍ മുങ്ങിക്കുളിച്ചിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്. ശേഷം ഇസ്ലാമിക സമൂഹം വളര്‍ന്നപ്പോള്‍ പ്രസ്തുത ദുര്‍വൃത്തിക്കുള്ള കൃത്യവും വ്യക്തവുമായ ശിക്ഷാവിധികള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തു.  വിവാഹിതരല്ലാത്ത വ്യഭിചാരികള്‍ക്കുള്ള വ്യക്തമായ ശിക്ഷ 24:2ല്‍ അവതരിപ്പിക്കപ്പെട്ടതോടെ 4:15,16 ലെ നിയമം ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അഥവാ സമൂഹപരിണാമത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ രണ്ട് നിയമങ്ങളാണ് 4:15,16 ലും24:2ലും വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.  ഇവ തമ്മില്‍ വൈരുധ്യമില്ല. അവസാനം അവതരിപ്പിക്കപ്പെട്ട നിയമമെന്ന നിലയ്ക്ക് 24:2ലെ നിര്‍ദേശമാണ് അതിന്റെ അവതരണത്തിന് ശേഷം അവസാന നാളുവരെയുള്ള വിശ്വാസികള്‍ക്ക് ബാധകമായിട്ടുള്ളത്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.